സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്ക് ഡീസല്‍ സബ്സിഡി പരിഗണനയിലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

September 24, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്ക് സബ്സിഡി പുനസ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പറഞ്ഞു. ഇക്കാര്യം അടുത്ത കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനപ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഇത് ഏറെ ആശ്വാസമാവും. കെഎസ്ആര്‍ടിസിയെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തിയതോടെ വിപണി വിലയിലും അധികം നല്‍കി ഡീസല്‍ വാങ്ങേണ്ട ഗതികേടിലായിരുന്നു.

കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലെയും പൊതുഗതാഗത സംവിധാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. നിലവില്‍ കടക്കെണിയിലായ കെഎസ്ആര്‍ടിസിക്കാണ് ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്. തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും സുപ്രീംകോടതി എണ്ണകമ്പനികള്‍ക്ക് അനുകൂലമായിട്ടാണ് തീരുമാനമെടുത്തത്. തുടര്‍ന്നാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. നിലവില്‍ സപ്ളൈകോ പമ്പുകളില്‍ നിന്നും സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ അടിച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍