പാമോയില് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

September 24, 2013 കേരളം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദമുയര്‍ത്തിയ പാമോയില് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2005 -ലെ ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്ന തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതായി ആഭ്യന്തര വകുപ്പ് ഉത്തരവിറിക്കിയിരിക്കുന്നത്. ഇക്കാര്യം കേസ് പരിഗണിച്ചിരുന്ന വിജിലന്‍സ് കോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്.

പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാരിന് രണ്ടു കോടിയിലധികം രൂപ നഷ്ടമുണ്ടായി എന്നാണ് കേസ്. 2005 ല്‍ കേസ് ഉപേക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും 2006 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജിജി തോംസണ്‍ ഉള്‍പ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ ഒന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ആറിന് ഈ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന തീരുമാനം കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ വീണ്ടും കേസ് പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്. കേസിലെ അഞ്ചാം പ്രതിയും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ ജിജി തോംസണെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം