മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍നായരെ ആദരിച്ചു

September 24, 2013 കേരളം

മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരെ വീട്ടിലെത്തി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആദരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ സമീപം.

മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരെ വീട്ടിലെത്തി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആദരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ സമീപം.

തിരുവനന്തപുരം: നിയമസഭയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആദ്യ കേരളനിയമനിര്‍മ്മാണസഭയില്‍ അംഗവും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആദരിച്ചു.  കവടിയാറിലെ പണ്ഡിറ്റ്‌സ് കോളനിയിലുളള വസതിയിലെത്തിയ സ്പീക്കര്‍ നിയമസഭാവാര്‍ഷികത്തിന്റെ ഫലകം നല്‍കിയാണ് ഇ. ചന്ദ്രശേഖരന്‍ നായരെ ആദരിച്ചത്.   കേരളരാഷ്ട്രീയത്തില്‍ ഉന്നതമായ ഒരിടം നേടിയെടുത്ത ആളായിരുന്നു ചന്ദ്രശേഖരന്‍ നായരെന്ന് സ്പീക്കര്‍ പറഞ്ഞു.  ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന നിലയിലേയ്ക്ക് കേരളം ഉയരുന്നതിനു മുന്‍പ് ടൂറിസം മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.പൊതുവിതരണ-നിയമമന്ത്രിയെന്ന നിലയിലും ചന്ദ്രശേഖരന്‍ നായരുടെ കാഴ്ചപ്പാടുകള്‍ കേരളത്തിന് ഗുണം ചെയ്തിട്ടുണ്ട്.

ആദ്യനിയമസഭയുടെ കാലഘട്ടം മുതല്‍ ചന്ദ്രശേഖരന്‍ നായരെപ്പോലുളളവര്‍ തുടങ്ങിവച്ച യാത്രയാണ് നിയമസഭയെ 125-ാം വാര്‍ഷികത്തിലെത്തിച്ചിരിക്കുന്നതെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.   ബൈപ്പാസ് സര്‍ജറിക്ക് ശേഷം ഭാര്യയോടും മകളോടുമൊപ്പം വിശ്രമജീവിതം നയിക്കുകയാണ് എണ്‍പത്തിയഞ്ചുകാരനായ ചന്ദ്രശേഖരന്‍ നായര്‍.  ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ ആദ്ദേഹത്തെ പൊന്നാട അണിയിച്ചു.  കെ. മുരളീധരന്‍ എം.എല്‍.എ., നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ധരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.  ആദ്യ നിയമനിര്‍മാണസഭയില്‍ അംഗങ്ങളായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, റോസമ്മപുന്നൂസ്, ആര്യനാട് ആര്‍. ബാലകൃഷ്ണപിളള, കെ.ആര്‍. ഗൗരിയമ്മ എന്നിവരേയും സ്പീക്കര്‍ വസതിയിലെത്തി ആദരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം