ഭൂരഹിതരില്ലാത്ത കേരളം: റവന്യുമന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി

September 24, 2013 കേരളം

adoor-prakash-1 തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  റവന്യു മന്ത്രി അടൂര്‍പ്രകാശിന്റെ നേതൃത്വത്തില്‍ അവലോകനയോഗം നടന്നു.  സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന അതിവിപുലമായ പട്ടയവിതരണച്ചടങ്ങിന്റെ  ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് റവന്യുമന്ത്രി അറിയിച്ചു.  ജില്ലയിലെ 4,370 ല്‍പ്പരം ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ പട്ടയം നല്‍കുക.  അര്‍ഹരായവരെ സെപ്റ്റംബര്‍ 30 രാവിലെ 10.30 ന് മുന്‍പ് ചടങ്ങില്‍ എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട റവന്യൂ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പട്ടയത്തിന് അര്‍ഹത നേടിയവരുടെ രേഖകള്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ ഇളവ് വരുത്താമെന്നും ഇവ അതത് വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.  തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍  ബന്ധപ്പെട്ട രേഖകള്‍ അടിയന്തിരമായി  അതത് വില്ലേജ് ഓഫീസില്‍ എത്തിക്കണം.  താലൂക്ക് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം ഇനിപ്പറയുന്നു.  തിരുവനന്തപുരം-210, നെയ്യാറ്റിന്‍കര-34, നെടുമങ്ങാട്-2,718, ചിറയിന്‍കീഴ്-220.  ഇതുകൂടാതെ ആകെ 1,188 മറ്റ് വിഭാഗത്തില്‍പ്പെട്ട പട്ടയങ്ങളും നല്‍കും.  ജില്ലാകളക്ടര്‍ കെ.എന്‍. സതീഷ്, സര്‍വെ ഡയറക്ടര്‍ രാജമാണിക്യം, ലാന്‍ഡ്‌റവന്യു ജോയിന്റ്കമ്മീഷണര്‍ രതീശന്‍, എ.ഡി.എം. വി.ആര്‍. വിനോദ്, ആര്‍.ഡി.ഒ. പ്രസന്നകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ഷീബ ജോര്‍ജ്, തഹസീല്‍ദാര്‍മാര്‍, വില്ലേജ്ഓഫീസര്‍മാര്‍, ജില്ലാതലഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം