മണല്‍പാസ്‌ ക്രമക്കേട്‌: ജിയോളജിസ്റ്റിനെ വിജിലന്‍സ്‌ അറസ്റ്റുചെയ്‌തു

December 9, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: അയല്‍ സംസ്ഥാനങ്ങളില്‍നിന്നു മണല്‍ കൊണ്ടുവന്നു കേരളത്തില്‍ വില്‌ക്കാന്‍ അനുവാദം നല്‌കിക്കൊണ്ടുള്ള പാസില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നു കോഴിക്കോട്‌ കളക്ടറേറ്റിലെ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥനെ വിജിലന്‍സ്‌ അറസ്റ്റു ചെയ്‌തു. ജിയോളജിസ്റ്റ്‌ ശശികുമാറിനെയാണ്‌ തിരൂര്‍ വിജിലന്‍സ്‌ ഡിവൈഎസ്‌പി മോഹന ചന്ദ്രന്‍ അറസ്റ്റു ചെയ്‌തത്‌.
അയല്‍ സംസ്ഥാനങ്ങളില്‍നിന്ന്‌ മണല്‍ ഇറക്കുമതി ചെയ്‌തു വില്‍ക്കുന്നതിനു കോഴിക്കോട്‌ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥനായ ശശികുമാര്‍ 200 പാസ്‌ നല്‌കിയിരുന്നു. ആ പാസില്‍ ഒന്നു കിട്ടിയ ഒരാള്‍ ഇതിന്റെ വ്യജ രേഖയുണ്ടാക്കി ഭാരതപ്പുഴയില്‍നിന്ന്‌ മണല്‍ എടുക്കുന്നതിനിടയില്‍ പോലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. അനുമതിയില്ലാത്ത സ്ഥലത്തുനിന്നു മണല്‍ എടുത്തതിന്‌ ഇയാള്‍ പോലീസില്‍ ഹാജരാക്കിയ രേഖകള്‍ പലതും വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണമാണ്‌ ജിയോളജിസ്റ്റ്‌ ശശി കുമാറിന്റെ അറസ്റ്റിലേക്ക്‌ എത്തിയത്‌. ജിയോളജിസ്റ്റ്‌ സ്ഥലം സന്ദര്‍ശിച്ചു പാസ്‌ നല്‌കണമെന്നാണ്‌ വ്യവസ്ഥയെങ്കിലും ഇതൊന്നുമില്ലാതെയും പാസ്‌ നല്‌കിയതായി കണ്ടെത്തി. അയല്‍ ജില്ലകളിലെ പുഴകളില്‍നിന്നു മണല്‍ എടുക്കുന്നതിനും ജിയോളജിസ്റ്റ്‌ നല്‌കിയ പാസുകളില്‍ വ്യാപകമായ കൃത്രിമത്വം നടന്നതായും വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം