ജമ്മുവില്‍ പോലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണം: 12 മരണം

September 26, 2013 പ്രധാന വാര്‍ത്തകള്‍

Jammu-Kashmir-Mapജമ്മു: ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണമുണ്ടായി. പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡുകള്‍ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കയായിരുന്നു. ആക്രമണത്തില്‍ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കത്വ പോലീസ് സ്‌റ്റേഷന് നേരെയായിരുന്നു ആക്രമണം. പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് ശേഷം ഭീകരര്‍ സാംബയിലെ സൈനിക താവളത്തിനു നേരെയും വെടിവെപ്പ് നടത്തി. സൈനിക താവളത്തിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. സാംബയിലെ സൈനിക താവളത്തില്‍ വെടിവെയ്പ്പ് തുടരുന്നതായാണ് വിവരം.

വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. മരണസംഖ്യ വീണ്ടും ഉയരും. ആക്രമണ ശേഷം പ്രദേശത്ത് നിന്നും ട്രക്കില്‍ രക്ഷപ്പെട്ട തീവ്രവാദികള്‍ സംബയിലെ സൈനിക ക്യാമ്പും  ആക്രമിക്കുകയായിരുന്നു. സാംബയില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സാംബയില്‍ നടത്തിയ ആക്രമണത്തിന് ശേഷം ത്രീവവാദികള്‍ ട്രെക്കില്‍ രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചതിന് പിന്നാലെയാണ് തീവ്രവാദി ആക്രമണം.

ശ്രീനഗറില്‍ തിങ്കളാഴ്ച്ച തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ നടത്തിയ വെടിവെപ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍