മഴ:പാനമാ കനാല്‍ അടച്ചു

December 9, 2010 മറ്റുവാര്‍ത്തകള്‍

പാനമാ സിറ്റി: കനത്ത മഴയെത്തുടര്‍ന്ന്‌ പാനമാ കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. നൂറ്റാണ്ടില്‍ ഇതാദ്യമാണ്‌ പാനമാ കനാല്‍ അടയ്‌ക്കുന്നത്‌. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തടാകങ്ങളിലെ ജലനിരപ്പുയര്‍ന്നതാണ്‌ കപ്പല്‍ ഗതാഗതത്തിനു പ്രതിബന്ധം സൃഷ്‌ടിക്കുന്നത്‌. തുടര്‍ച്ചയായി പെയ്യുന്ന മഴ ഇവിടെ ഇതുവരെ എട്ടു പേരുടെ ജീവനെടുത്തു. കനാലിനു സമീപത്തെ റോഡുകളില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗത തടസം ഉണ്ട്‌. വെനസ്വേലയ്‌ക്കും കോസ്‌റ്റാറിക്കയ്‌ക്കുമിടയിലെ മുഴുവന്‍ പ്രദേശവും വെള്ളത്തിനടിയിലാണ്‌.
അറ്റ്‌ലാന്റിക്‌-പസഫിക്‌ സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യനിര്‍മിത കനാലിലൂടെ പ്രതിവര്‍ഷം ഏകദേശം 14,000 കപ്പലുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ അഞ്ചു ശതമാനവും നടക്കുന്നതും യുഎസ്‌ നിര്‍മിച്ച പാനമാ കനാലിലൂടെയാണ്‌. കനാലിലൂടെയുളള ഗതാഗതത്തിന്‌ താല്‍ക്കാലിക വിലക്ക്‌ ഏര്‍പ്പെടുത്തിയ സന്ദര്‍ഭങ്ങളുണ്ടെങ്കിലും 1989നു ശേഷം ആദ്യമാണ്‌ ഈ കനാല്‍ പൂര്‍ണമായും അടയ്‌ക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍