സപ്ളൈകോ 28ന് പരിസ്ഥിതിദിനം ആചരിക്കുന്നു

September 26, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: സപ്ളൈകോയുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ കണ്‍സ്യൂമര്‍ ദിനം 28നു വിപുല പരിപാടികളോടെ ആചരിക്കും. പരിസ്ഥിതിക്കും ഉപഭോക്താവിനും ഗുണപരമായ ഉപഭോഗശീലങ്ങളിലേക്കു മാറുക എന്ന സന്ദേശമുയര്‍ത്തിയാണു ഗ്രീന്‍ കണ്‍സ്യൂമര്‍ ദിനാചരണം. ഇന്നും നാളെയും സപ്ളൈകോ സംഘടിപ്പിക്കുന്ന റോഡ്ഷോ ഉണ്ടായിരിക്കും. ഗ്രീന്‍ കണ്‍സ്യൂമര്‍ സന്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആസ്ഥാനത്തു സപ്ളൈകോ സൌരോര്‍ജ പ്ളാന്റ് സ്ഥാപിക്കും. കുട്ടികളില്‍ പരിസ്ഥിതി സൌഹൃദ ഉപഭോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കാനുമായി സംസ്ഥാനത്തെ എയ്ഡഡ്- അണ്‍എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ 28ന് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും.

28ന് രാവിലെ പത്തിന് എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, ജസ്റീസ് കെ. നാരായണക്കുറുപ്പ്, സപ്ളൈകോ സിഎംഡി ശ്യാം ജഗന്നാഥന്‍, ജനറല്‍ മാനേജര്‍ ജേക്കബ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സപ്ളൈകോ ജനറല്‍ മാനേജര്‍ ജേക്കബ് ജോസഫ്, മാനേജര്‍ ഷെല്‍ജി ജോര്‍ജ്, പിആര്‍ഒ ബി.സേതുരാജ് എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍