മുസ്ലീംലീഗ് നേതാവ് ഇ ടി ഒന്നാംനമ്പര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍

September 26, 2013 കേരളം

തിരുവനന്തപുരം : മുസ്ലീംലീഗ് നേതാവ് ഇ ടി ഒന്നാംനമ്പര്‍ വര്‍ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വിവാഹപ്രായം സംബന്ധിച്ച് മുസ്ലീംലീഗ് കര്‍ശനനിലപാട് സ്വീകരിക്കാത്തതിനെയും ആര്യാടന്‍ നിശിതമായി വിമര്‍ശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന് ലീഗില്‍ ചിലര്‍ കരുതുന്നുണ്ടെന്നും ഇതിന് നേതൃത്വം നല്‍കുന്നത് ഇ ടി മുഹമ്മദ് ബഷീര്‍ ആണെന്നും ആര്യാടന്‍ ആരോപിച്ചു. പൊന്നാനി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് വേണമോയെന്നും ആര്യാടന്‍ മുഹമ്മദ് ചോദിച്ചു.

അതേസമയം കോണ്‍ഗ്രസിലെ പലരും പലതും പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നും എന്നാല്‍ കെപിസിസി ഇതില്‍ നിലപാട് പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല വര്‍ത്തമാനങ്ങളെ കുറിച്ച് ഒരു വര്‍ത്തമാനം കെപിസിസി പറയണമെന്നും ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസ് ആണെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് ലീഗാണെന്ന് കെ പി എ മജീദും പറഞ്ഞതിനെതിരെയായാണ് ആര്യാടന്‍ ലീഗിനെതിരെ വിമര്‍ശന ശരം തൊടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം