ഭീകരതയ്ക്ക് മറുപടി ചര്‍ച്ചയല്ല

September 28, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-pbപാകിസ്ഥാനുമായി ഭാരതം ചര്‍ച്ച നടത്താനിരിക്കെ വ്യാഴാഴ്ച ജമ്മുവില്‍ ഇരട്ടചാവേറാക്രമണത്തിലൂടെ ഒരു ലഫ്റ്റനന്റ് കേണലും മൂന്നു ജവാന്‍മാരും നാലൂ പോലീസുകാരുമുള്‍പ്പെടെ പതിമൂന്നുപേര്‍ കൊല്ലപ്പെട്ടു. ചര്‍ച്ച അട്ടിമറിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. 2006 മുതല്‍ പല ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചാ സമയങ്ങളില്‍ ഇത്തരത്തില്‍ ഭീകരതയുടെ വിളയാട്ടം നടന്നിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ചര്‍ച്ച നടക്കാതെ പോയിട്ടുള്ളത്. ചര്‍ച്ച നടന്നാലും പാകിസ്ഥാന് ഭീകരതയെ നേരിടുന്നതിന് കെല്‍പ്പില്ല എന്നാണ് ജമ്മുവിനടുത്ത് ഒരു പോലീസ് സ്‌റ്റേഷനും പട്ടാളക്യാമ്പും ആക്രമിച്ചുകൊണ്ടു നടത്തിയ സംഭവം തെളിയിക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.

ഭാരതത്തിന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ ഭീകരാക്രമണത്തിനു കോപ്പുകൂട്ടുന്നവര്‍ പാകിസ്ഥാന്റെ മണ്ണാണ് ഇതിന് എന്നും ഉപയോഗിക്കുന്നത്. ഇത്ര കാലമായിട്ടും ഇതു നിയന്ത്രിക്കാനോ ഭീകരരെ ഒതുക്കാനോ കഴിയാത്ത ഭരണകര്‍ത്താക്കളുമായി ഇനിയൊരു ചര്‍ച്ചയ്ക്കു പോകുന്നതുതന്നെ ഭീരുത്വമാണ്. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഒരു വിഷയമല്ലാതായി ഇതുമാറി.

സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത പിന്തുടരുന്ന ഭാരതത്തിന്റെ ആത്മാഭിമാനത്തെയാണ് അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങളിലൂടെ ക്ഷതമേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. തെമ്മാടിക്കൂട്ടങ്ങളോടു വേദം ഓതിയിട്ട് കാര്യമില്ല. എത്ര കാലമായി ഇതു സഹിക്കാന്‍ തുടങ്ങിയിട്ട് ? അധര്‍മ്മത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് ഒളിച്ചോടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. എന്നും ഇതു സഹിക്കുന്നതിനെക്കാള്‍ നല്ലത് ഒരിക്കല്‍ പ്രത്യാഘാതം നേരിടുന്നതാണ്.

ഭാരതത്തിന്റെ വിശ്വരൂപം കാട്ടിക്കൊടുക്കാന്‍ സമയമായി. ആ അനിവാര്യതയിലേക്കാണ് അയല്‍രാഷ്ട്രം നമ്മെ നിര്‍ബന്ധിതമാക്കുന്നത്. കൊണ്ടാലേ പഠിക്കൂ എങ്കില്‍ അവിടെ ശാന്തിമന്ത്രത്തിനു സ്ഥാനമില്ല. പക്ഷേ മുട്ടുവിറയ്ക്കാത്ത ഒരു ഭരണകൂടം കേന്ദ്രത്തില്‍ വേണമെന്നു മാത്രം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍