സമന്വയത്തിന്റെ പ്രതീകമായി വെട്ടിക്കോട്‌

September 29, 2013 കേരളം

Vettikkode-Nagaraja-Templeആലപ്പുഴ: പുള്ളോര്‍ വീണകള്‍ ഈണമിടുകയും നാഗരാജ സ്‌തുതികള്‍ ഉയരുകയും ചെയ്യുന്ന വെട്ടിക്കോട്‌ ആദിമൂലം നാഗരാജ ക്ഷേത്രത്തില്‍ പുണര്‍തം, പൂയം, ആയില്യം മഹോത്സവത്തിന്‌ തുടക്കം. അഷ്‌ടനാഗങ്ങളില്‍ ശ്രേഷ്‌ഠനായ അനന്തനെന്ന ആദിശേഷനെ പ്രധാനമായി ആരാധിക്കുന്ന തെക്കന്‍ കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രമാണ്‌ വെട്ടിക്കോട്‌ .  ഗൃഹങ്ങള്‍ക്ക്‌ സമീപമുള്ള കാവുകളില്‍ നിന്നുള്‍പ്പെടെ നാഗങ്ങളെ ആവാഹിച്ച്‌ എത്തിക്കുന്ന ആഗമ സര്‍പ്പക്കാവ്‌ വെട്ടിക്കോട്ടെ പ്രത്യേകതയാണ്‌.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത്‌ കുളത്തിന്‌ സമീപമായാണ്‌ ആഗമ സര്‍പ്പക്കാവ്‌ സ്‌ഥിതി ചെയ്യുന്നത്‌. തിങ്ങി നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പുമായി നിലകൊളളുന്ന ആഗമസര്‍പ്പക്കാവില്‍ മറ്റുള്ള ഇടങ്ങളില്‍ നിന്നും നാഗങ്ങളെ ആഗമിപ്പിക്കുന്നതിനാലാണ്‌ ആഗമസര്‍പ്പക്കാവ്‌ എന്ന പേര്‌ ലഭിച്ചത്‌. നാഗങ്ങളെ ഇവിടേക്ക്‌ ആവാഹിച്ചെത്തിക്കുന്ന കുടുംബങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തി പൂജാകര്‍മങ്ങളില്‍ പങ്കാളികളാകും. ഭാരതത്തില്‍ പുരാതനകാലം മുതല്‍ തന്നെ നാഗാരാധന സജീവമായിരുന്നു. കേരളത്തിന്റെ മണ്ണില്‍ ഒരുകാലത്ത്‌ സജീവമായി നിലകൊണ്ട ബുദ്ധമതത്തിന്റെ ഭാഗമായിട്ടാണ്‌ നാഗാരാധനയും സജീവമായതെന്ന്‌ ചരിത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വെട്ടിക്കോട്‌ ക്ഷേത്രത്തിന്റെ ചരിത്രം കേരളോല്‍പ്പത്തി കഥയോളം എത്തി നില്‍ക്കുന്നുണ്ട്‌. ഇനിയുള്ള ദിവസങ്ങള്‍ ക്ഷേത്രാങ്കണം പുള്ളുവന്‍പാട്ടുകളാലും നാഗരാജ സൂക്‌തങ്ങളാലും മുഖരിതമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം