ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 25

September 30, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

സൂര്യനും മിന്നാംമിനുങ്ങും പോലുയം, രാജാവും കിങ്കരനും പോലെയും, സമുദ്രവും കിണറും പോലെയും, മഹാമേരുപര്‍വതവും പരമാണുവും പോലെയും.

ഖദ്യോതഭാന്വോരിവ രാജഭൃത്യയോഃ
കൂപാംബൂരാശ്യോഃപരമാണു മേര്‍വോഃ     (വിവേക ചൂഡാമണി 242)

പരമാത്മാവിനും ജീവാത്മാവിനും തമ്മിലുള്ള ഐക്യവും ഏകത്വവും തത്ത്വജ്ഞാനപരമായി സ്വീകരിക്കാവുന്നതാണെങ്കിലും പരമാത്മാവിന് സര്‍വവ്യാപകസ്വഭാവവും ജീവാത്മാവിന് ഉപാധിഗതമായിട്ടുള്ള അല്പദേശമാത്രസ്ഥിതിയുമാണ് ഉള്ളത്. ഈ ഭേദത്തിലും ഐക്യം പറയാമെന്നാണ് ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത്.

പരമാത്മാവ് സര്‍വവ്യാപിയാണ്. പൂര്‍ണ്ണാനന്ദസ്വരൂപനുമാണ്. എന്നാല്‍ ഉപാധിയില്‍ ഉള്ള ജീവാത്മാവ് അല്പദേശത്തില്‍ സ്ഥിതിചെയ്യുന്നവനും അല്പജ്ഞനും അല്പാനന്ദനും ആണ്. അതുകൊണ്ട് ഇവയുടെ ഐക്യമെന്നോ തുല്യതയെന്നോ പറഞ്ഞാല്‍ അതിന് തികഞ്ഞ വാച്യാര്‍ത്ഥം ദര്‍ശിക്കേണ്ട ആവശ്യം ഇല്ല. ‘തത്ത്വമസി’ എന്ന ശ്രുതിയുണ്ടല്ലോ എന്ന് ഒരാള്‍ ചൂണ്ടികാണിച്ചെന്നുവരാം.

ഈ ശ്രുതിയില്‍ ‘തത്’ എന്നത് ഈശ്വരനും ‘ത്വം’ എന്നത് ജീവനുമാണ്. അതിനാല്‍ ശ്രുതി ജീവാത്മാപരമാത്മാക്കളുടെ ഐക്യം ഉറപ്പാക്കുന്നുണ്ടെന്നും പറയാം. ശരിതന്നെ. പക്ഷേ എല്ലാ ധര്‍മ്മങ്ങളിലും ജീവാത്മാവും പരമാത്മാവും തുല്യമാണെന്നു ശ്രുതിബോധിപ്പിക്കുന്നതായി ധരിക്കരുത്. അങ്ങനെ ധരിച്ചാല്‍ അത് അബദ്ധംതന്നെ. ഇപ്രകാരം ‘തത്ത്വമസി’ എന്ന മഹാവാക്യംകൊണ്ട് ജീവാത്മപരമാത്മാക്കള്‍ക്ക് വാച്യാര്‍ത്ഥത്തിലുള്ള ഐക്യമല്ല ധരിക്കേണ്ടത്. ആ പദങ്ങളാല്‍ അനുമാനിച്ചെടുക്കുന്ന കേവലചിന്മാത്രരൂപേണയുള്ള ഐക്യത്തെയാണ് ധരിക്കേണ്ടത്. സ്ഥൂലമായ അനൈക്യത്തിന്റെ ഉള്ളിന്റെയുള്ളില്‍ അത്യന്തം സൂക്ഷ്മമായ ഒരു ഐക്യം ഉള്ളതിനെ കണക്കിലെടുത്താണ് ഈ മഹാവാക്യം വര്‍ത്തിക്കുന്നത്. ബാഹ്യമായ, ബൃഹത്തായ അനൈക്യം ഉള്ളപ്പോള്‍ തന്നെ അത്യന്തം സൂക്ഷ്മമായ തുല്യതയെ കണക്കിലെടുത്ത് ഐക്യം പറയുന്നതാണ് ഈ നാല് ഉദാഹരണങ്ങളും.

സൂര്യന്‍ ഈ പ്രപഞ്ചത്തിന്റെ ദൃഷ്ടിയാണ്. അനന്തമായ പ്രകാശധാരയുടെ ഉറവിടമാണത്. സമസ്തവും അതിന്റെ പ്രകാശത്തില്‍ പ്രകാശിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അത് പ്രകാശത്തിന്റെ മൂര്‍ത്തിമത്ഭാവമാണ്. അങ്ങനെയാണെങ്കിലും മിന്നാംമിനുങ്ങിന്റെ പ്രകാശവും പ്രകാശം തന്നെ. സൂക്ഷ്മമായി അവലോകനം ചെയ്താല്‍ മിന്നാംമിനുങ്ങും സൂര്യനും പ്രകാശത്തിന്റെ ഉറവിടം തന്നെ. ഈ അംഗത്തില്‍ അവതുല്യമാണെന്നു പറയാം.

ഇപ്രകാരം തുല്യമാണെന്നു പറയുമ്പോഴും പ്രപഞ്ചപ്രകാശത്തിനും മിന്നാമിനുങ്ങിന്റെ പ്രകാശത്തിനും തമ്മിലുള്ള അവാച്യമായ അന്തരം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. ജീവാത്മ പരമാത്മാക്കളില്‍ ഈ അന്തരം ഉണ്ടെങ്കിലും സൂക്ഷ്മമായ സമഭാവം ഉള്‍ക്കൊണ്ട് ഐക്യം പറഞ്ഞതാണെന്നു ധരിക്കണം. തത്ത്വമസിയിലെ ജീവാത്മപരമാത്മാക്കളുടെ ഐക്യം രാജഭൃത്യന്മാരെപ്പോലെയാണെന്ന് രണ്ടാമത്തെ ദൃഷ്ടാന്തം ചെങ്കോല്‍ പിടിച്ചുവാഴുന്ന ചക്രവര്‍ത്തിയുടെ സ്ഥാനം എവിടെ? എളിയവനായ പരിചാരകന്റെ സ്ഥാനം എവിടെ? മനുഷ്യര്‍ എന്ന നിലയില്‍ രണ്ടുപേരും തുല്യര്‍തന്നെ എന്നതു സത്യം.

മഹാരാജാവ് ഒരു രാജ്യത്തിന്റെ സര്‍വാധികാരി. ഭൃത്യനോ വെറും ഒരു ചുമട്ടുകാരനോ വിറകുവെട്ടിയോ വെള്ളംകോരിയോ ആവാം. ഇതുപോലെ ചക്രവാളങ്ങള്‍ക്കപ്പുറമുള്ള കടലിന്റെ പരിധി, അതിന്റെ ജലസമ്പത്ത് ഇവ ആര്‍ക്ക് അളക്കാന്‍പറ്റും? സാദ്ധ്യമല്ലതന്നെ. കടല്‍ അപരിമേയമായ ജലത്തിന്റെ ഉടമയാണ്. എന്നാല്‍ സാങ്കേതികമായി കിണറും ജലസമ്പത്തിന്റെ ഉടമതന്നെ.

ഈ നിലയില്‍ സമുദ്രവും കിണറും തുല്യംതന്നെ. അവയ്ക്ക് ഐക്യം ഉണ്ട്. മഹാഭിന്നത നിലനില്‍ക്കുമ്പോള്‍തന്നെയുള്ള ഐക്യമാണ് സൂചിതമായിരിക്കുന്നത്. ഇതുപോലെതന്നെയാണ് മഹാമേരുവിന്റെയും പരമാണുവിന്റെയും കാര്യം. ഒരു വസ്തു എന്ന നിലയില്‍ പരമാണവും മഹാമേരുവും തുല്യംതന്നെ. ആ നിലയില്‍ ഐക്യം ഉണ്ട്.

ഈ ഐക്യം പറയുമ്പോഴും പരമാണു ഒരു സൂക്ഷ്മമായ അണു മാത്രമമാണെന്നും മഹാമേരു ബുദ്ധികൊണ്ടു ഗ്രഹിക്കാവുന്നതിന്റെ അപ്പുറത്തുള്ള പരമാണുക്കളുടെ ഒരു ബൃഹത് സഞ്ചിതരൂപമാണെന്നും എല്ലാപേര്‍ക്കുമറിയാം.

മേല്‍പ്പറഞ്ഞ നാല് ഉദാഹരണങ്ങളിലെയും ഐക്യം സൂക്ഷ്മമായഅംശത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് പറഞ്ഞിരിക്കുന്നത്. വാച്യാര്‍ത്ഥമായ സ്ഥൂലരൂപത്തിലുള്ള അനൈക്യം കണക്കിലെടുത്തിട്ടില്ല. ഇതുപോലെ മഹാവാക്യമായ ‘തത്ത്വമസി’ അനുസരിച്ച് ജീവാത്മാവിനും പരമാത്മാവിനും ഐക്യം പറഞ്ഞാലും ഒരു ദോഷവുമില്ല.

ചിത്‌സ്വരൂപം രണ്ടിലും തുല്യമാണ്. ആ നിലയില്‍ ഐക്യം ഉണ്ട്. സ്ഥൂലരൂപമായ, വാച്യാര്‍ത്ഥമായ അനൈക്യം ധരിക്കരുത്. ഇവിടെയെല്ലാം ലക്ഷിതാര്‍ത്ഥമാണ് ധരിക്കുക. ആകയാല്‍ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ എന്ന തത്ത്വമസി മഹാവാക്യം ഒരു വേദാന്തസത്യം തന്നെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം