സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇടതുപക്ഷനയത്തില്‍ നിന്നും വ്യതിചലിക്കുന്നു: വി.എസ്

September 30, 2013 കേരളം

v.sതിരുവനന്തപുരം : പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്ന തരത്തില്‍ എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി പോളിറ്റ്‌ ബ്യൂറോ കമ്മീഷനു മുന്നിലെത്തിയ വി.എസ്‌. അച്യുതാനന്ദന്‍ , തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ വ്യക്‌തമായ മറുപടി നല്‍കി. നയവ്യതിയാനം ചൂണ്ടിക്കാണിക്കുന്നവരെ പാര്‍ട്ടി നേതൃത്വം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്നും വി.എസ്. ചൂണ്ടിക്കാട്ടി.   പി.ബി. കമ്മീഷന്റെ സാന്നിധ്യത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ്‌ വി.എസ്‌ മുന്‍നിലപാടുകളില്‍ ഉറച്ച്‌ നിന്നു മറുപടി നല്‍കിയത്‌.

സെക്രട്ടേറിയറ്റില്‍ വി.എസിനെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കുകയായിരുന്നു ഔദ്യോഗിക പക്ഷം. വി.എസിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്നും മാറ്റണമെന്നു ഇന്നു സംസാരിച്ച സെക്രട്ടേറിയറ്റ്‌ അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇരുപത് പേജുകളിലായി എഴുതിത്തയ്യാറാക്കിയ പ്രസംഗം എ.വിജയരാഘവന്‍ വി.എസ്സിനുവേണ്ടി പി.ബി.കമ്മീഷന്‍ അംഗങ്ങളെ വായിച്ചുകേള്‍പ്പിച്ചു. സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇടതുപക്ഷനയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന വാദം വി.എസ്. ആവര്‍ത്തിച്ചു. നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരെ ശത്രുക്കളായികാണുന്ന പ്രവണത അവസാനിപ്പിക്കണം.

കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്കിനെയാണ്‌ വി.എസ്‌ കൂടുതലും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്‌. ലാവ്‌ലിന്‍ വിഷയം പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിച്ചില്ല. ഇന്നു സംസ്‌ഥാന കമ്മിറ്റി യോഗത്തിനു മുന്‍പായി പി.ബി. കമ്മീഷന്‍ യോഗം ചേരും. സംസ്‌ഥാന കമ്മിറ്റിയില്‍ നിന്നും കമ്മീഷന്‍ തെളിവ്‌ ശേഖരിക്കും.  ടി.പി, ഫസല്‍ വധക്കേസുകളില്‍ ചില നേതാക്കള്‍ യു.ഡി.എഫുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സംശയത്തിന്റെ നിഴലിലാണെന്നുമുള്ള വി.എസ്സിന്റെ പരാമര്‍ശങ്ങള്‍ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സി.പി.എം സെക്രട്ടേറിയറ്റിന്റെ രണ്ടാംദിനവും പി.ബി.കമ്മീഷന്‍ അംഗങ്ങള്‍ നയം വ്യക്തമാക്കിയിട്ടില്ല. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ വിശദമായ പ്രസംഗങ്ങള്‍ അവര്‍ കേട്ടു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗങ്ങളിലും പി.ബി.കമ്മീഷന്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം