വൈദ്യുതി ബോര്‍ഡ്‌ ബില്ലിംഗ്‌ മേഖല സ്വകാര്യവല്‍ക്കരിക്കുന്നു

September 30, 2013 കേരളം

തിരുവനന്തപുരം:   വൈദ്യുതി ബോര്‍ഡിന്റെ ബില്ലിംഗ്‌ മേഖല സ്വകാര്യവല്‍ക്കരിക്കുന്നു. സ്വകാര്യ കമ്പനിയായ വിപ്രോയ്‌ക്ക്‌ കമ്പ്യൂട്ടര്‍ ബില്ലിംഗ്‌ പദ്ധതിയുടെ ചുമതല നല്‍കി വൈദ്യുതി ബോര്‍ഡ്‌ ഉത്തരവ്‌ പുറത്തിറക്കി. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള സര്‍വ്വെ നടപടികള്‍ വിപ്രോ ആരംഭിച്ചിട്ടുണ്ട്‌. കുടുംബശ്രീ പ്രവര്‍ത്തകരാണ്‌ കമ്പനിക്കായി സര്‍വ്വെ നടത്തുന്നത്‌. ഇതിനായി അന്‍പതോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്‌.  വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍ ശൃംഖല നവീകരിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ്‌ ആര്‍ -എ.പി.ഡി.ആര്‍.പി. മുന്‍പ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച്‌ വിവാദമായ പദ്ധതിയാണിത്‌.

പദ്ധതി നടപ്പിലാക്കാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പുകാരണം കരാര്‍ റദ്ദാക്കി. വിദേശ കമ്പനിക്ക്‌ പദ്ധതി കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. 2012 മെയ്‌ മാസത്തില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായതിനെത്തുടര്‍ന്ന്‌ നവീകരണ കരാര്‍ വീണ്ടും കൊറിയന്‍ കമ്പനിക്ക്‌ ലഭിച്ചു.

കുടുംബശ്രീയുടെ നിര്‍ദേശപ്രകാരമല്ല സര്‍വ്വെ നടക്കുന്നത്‌. ഇക്കാരണത്താല്‍ തന്നെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒരു വിവരവും കുടുംബശ്രീ ഓഫീസിലില്ല-കുടുംബശ്രീയിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍   ‌ പറഞ്ഞു. സര്‍വ്വെയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പദ്ധതിയെക്കുറിച്ച്‌ കാര്യമായ അറിവില്ല. വൈദ്യുതി ബോര്‍ഡിന്റെ സര്‍വ്വെ എന്നു മാത്രമാണ്‌ ഇവരോട്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം