സ്പീഡ് ഗവര്‍ണര്‍: വ്യാഴാഴ്ച മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ഋഷിരാജ് സിംഗ്

October 1, 2013 കേരളം

Rishiraj Singh-pbതിരുവനന്തപുരം: വലിയവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കാലാവധി ബുധനാഴ്ച അവസാനിക്കും. വ്യാഴാഴ്ച മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സ്വകാര്യ ബസുകള്‍, കെഎസ്ആര്‍ടിസി, ടിപ്പറുകള്‍ തുടങ്ങി എല്ലാ വലിയ വാഹനങ്ങളേയും പരിശോധിക്കും. സ്വകാര്യ ബസുകള്‍ 90 ശതമാനത്തോളം സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിച്ചു കഴിഞ്ഞതായാണ് ബസുടമകളുടെ സംഘടനകള്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്ന ജോലി തുടരുകയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇനിയും 2000ത്തോളം കെഎസ്ആര്‍ടിസി ബസുകളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാനുണ്ട്. കെഎസ്ആര്‍ടിസി എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു കൈകാര്യം ചെയ്യുന്നത്. സ്പീഡ് ഗവര്‍ണറുകള്‍ ഇല്ലാത്ത ബസുകള്‍ക്ക് പുതിയവ വാങ്ങുകയും കേടായത് നന്നാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചൊവ്വാ, ബുധന്‍ ദിവസങ്ങള്‍കൊണ്ട് പരമാവധി ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പെര്‍മിറ്റ് റദ്ദാക്കി സീല്‍ ചെയ്യുക തന്നെ ചെയ്യുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടും ഡീസല്‍ പ്രതിസന്ധിയും കാരണം ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതു വഴി ഉണ്ടായ നഷ്ടം കാരണം സ്പീഡ് ഗവര്‍ണറുകള്‍ വാങ്ങുന്നതിന് പണമില്ലാത്തതാണ് കാലതാമസം നേരിട്ടതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന് കുറച്ചു കൂടി സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാല്‍ വീണ്ടും രണ്ടാഴ്ചയോ ഒരുമാസം കൂടിയോ സമയം നീട്ടികൊടുക്കാനിടയുണ്ട്.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ സമയം നീട്ടികൊടുത്തില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന തന്നെ ആരംഭിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം