ശ്രീസത്യാനന്ദാഷ്ടകം (കവിത)

October 9, 2013 സനാതനം

സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍

Swamiji-001-pbജന്‍മമെന്നുമനശ്വരപ്രഭയോടെയേവമനാമയം
നന്‍മതന്‍ മണിവീണമീട്ടി നിതാന്തഭാവന തൂകിടാന്‍              1
ചിന്‍മയന്‍,ശുഭദായകന്‍ സുമസുന്ദരാനനനഞ്ജസാ,
മന്‍മനസ്സിലുണര്‍ന്നുതാവക ദൃഷ്ടിയെന്നിലിയറ്റിടൂ.

നീലകണ്ഠവിലോലശിഷ്യവിശാരദന്‍ മുനിവര്യനാം
മാലകറ്റിടുമാമഹാഗുരുതന്‍ പദങ്ങളിലാണ്ടിടാന്‍,
ചേലിയന്നിടുമാസുഹാസ മുഖാംബുജം കണികണ്ടിടാന്‍         2
ആലസം തിരുമുന്നില്‍ഞാനണയു,ന്നനുഗ്രഹമാര്‍ന്നിടൂ.

ധര്‍മ്മകാഹളമോതി ഞങ്ങളിലുണ്‍മതന്‍ പൊരുളേകിടാ-
നുന്‍മുഖാഭ പകര്‍ന്നുയര്‍ന്നുയിര്‍കൊണ്ടൊരാ,ഗുരുനാഥനെ
സന്‍മയന്‍ സമഭാവമോലുമനശ്വരാത്മസമീരനെ,                 3
നിര്‍മ്മമത്വമൊടെന്നുമങ്ങനെ കണ്ടിടാന്‍ തുണയേകണേ.

രാമപൂജയിലാഴ്ന്നനാരതമത്ര സൗരഭകാന്തിയാല്‍
സാമവേദസമാനമായ്‌നിജ ചിന്തകള്‍ ശുഭമാക്കിയും,
കാമനാദികള്‍നീക്കുവാന്‍ മനുജാതരോടനവദ്യമാ-               4
മാമനോജ്ഞവചസ്സിനാല്‍ പരമാത്മഗീതി മുഴക്കിയും

ജന്‍മമെത്രയകറ്റിഞങ്ങളില്‍ നിന്നുമങ്ങു,മഹാപ്രഭോ!
കര്‍മ്മമെത്രയൊടുക്കി ഞങ്ങളില്‍ നിന്നുമ,പ്രഭയൊന്നിനാല്‍!
ആത്മഭാവനതൂകിയെപ്പൊഴുമാമഹോന്നത ജീവിതം,              5
ആര്‍ദ്രമോടെയുണര്‍ത്തിടുന്നതിപാവനസ്മൃതി മാനസേ!

കേവലോന്‍മദചിന്തയൊക്കെ വെടിഞ്ഞപാരതയാര്‍ന്നിദം
ആവലാതികളെത്രയങ്ങുകെടുത്തിഞങ്ങളില്‍നിന്നുമേ!
താവകോജ്വല ഭാവദീപ്തിയിലെത്രനിഷ്പ്രഭമീധര!                6
ആവിലാസമഹോ!ജഗത്തില്‍ നിറഞ്ഞുനില്‍പ്പു,നിരന്തരം

ശ്രീജിതന്‍,ശ്രിതഭാവുകന്‍,വിബുധന്‍വിചിത്രജടാധരന്‍
പൂജിതന്‍,പരമാത്മപാവന രഞ്ജിതന്‍ സുരമാനസന്‍             7
രാജിതന്‍,ചിരവന്ദിതന്‍ യുഗപൂരുഷന്‍ പരമാദരന്‍
വ്യാജചിന്തകളെന്നില്‍നിന്നുമകറ്റിയുള്ളില്‍ വിളങ്ങിടൂ.

നിത്യവുംതവതൃപ്പദങ്ങള്‍ നമിച്ചുനിര്‍വൃതിപൂണ്ടിടാന്‍
സ്വസ്തിയാര്‍ന്നുവിശുദ്ധിയാര്‍ന്നു,വിരക്തിയാര്‍ന്നുസലക്ഷണം   8
ഭക്തിയോടെസമര്‍പ്പയാമ്യഖിലം ഭവല്‍സവിധത്തിലായ്
ശക്തിയേകി,മഹത്വമേകിയനുഗ്രഹിക്കുക സദ്ഗുരോ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം