മഅദനിക്കെതിരെ വധശ്രമത്തിനു കേസെടുത്തു

October 3, 2013 പ്രധാന വാര്‍ത്തകള്‍

Madaniകൊച്ചി: ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് വധശ്രമത്തിനു കേസെടുത്തു. 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണു കോടതിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തത്. കേസില്‍ മഅദനി ഒന്നാംപ്രതിയും   പിഡിപി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. മാറാട് കമ്മിഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

ഭീകരവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ ചോദ്യം ചെയ്‌ത മുഹമ്മദ്‌ എന്നയാള്‍ നല്‍കിയ മൊഴിയാണ്‌ ഈ വധശ്രമക്കേസിലേക്ക് വഴിതെളിച്ചത്‌. പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താന്‍ അഷ്‌റഫിന്‌ മഅദനി പണം നല്‍കിയെന്നാണ്‌ മുഹമ്മദ് മൊഴി കൊടുത്തിട്ടുള്ളത്. ഇതനുസരിച്ച്‌ പരമേശ്വരനെ വധിക്കാന്‍ ലക്ഷ്യമിട്ട്‌ അഷ്‌റഫ്‌ കന്യാകുമാരിയില്‍ പോയെങ്കിലും ഉദ്യമം വിജയിച്ചില്ലെന്നും മൊഴിയില്‍ പറയുന്നു.

അത്യന്തം ഗൗരവമായ ഈ മൊഴിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചിയിലെ അയോധ്യാ പ്രസ്‌ മാനേജര്‍ ടി.ജി. മോഹന്‍ദാസ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയെ സമീപിക്കുകയായിരുന്നു. സി.ജെ.എമ്മിന്റെ നിര്‍ദേശപ്രകാരം കേസ്‌ പരിഗണിച്ച എ.സി.ജെ.എം കോടതിയാണ്‌ കേസെടുത്ത്‌ അന്വേഷിക്കാന്‍ നോര്‍ത്ത്‌ പോലീസിനു നിര്‍ദേശം നല്‍കിയത്‌.
അന്വേഷണത്തിനായി കേരളാ പോലീസിന്‌ മഅദനിയെ ചോദ്യം ചെയ്യേണ്ടി വരും. ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ അതീവ ജാഗ്രതയോടെയും രഹസ്യമായും കേസ്‌ കൈകാര്യം ചെയ്യണമെന്നാണ്‌ പോലീസ്‌ ആസ്‌ഥാനത്തു നിന്നും നോര്‍ത്ത്‌ പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍