ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം പിഴയും

October 3, 2013 പ്രധാന വാര്‍ത്തകള്‍

Laluറാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണു വിധി. കോടതിവിധി വന്നതോടെ ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായി. 17 വര്‍ഷം മുന്‍പു നടന്ന കേസിലാണു വിധി വന്നിരിക്കുന്നത്.

കേസിലെ മറ്റു പ്രതികളായ ജഗന്നാഥ് മിശ്രയ്ക്കു നാലു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും, ജെഡി(യു) എംപി ജഗദീഷ് ശര്‍മയ്ക്കു നാലു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ലാലുവിനെ അയോഗ്യനാക്കാന്‍ ലോക്സഭയില്‍ നടപടി ആരംഭിച്ചു. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലാലുവിനെ ബിര്‍സാമുണ്ട സെന്‍ട്രല്‍ ജയിലിലിടച്ചിരുന്നു. റാഞ്ചി പ്രത്യേക സിബിഐ കോടതി ജഡ്ജി പ്രവാസ് കുമാറിന്റെ വിധിപ്രസ്താവം വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണു ലാലു കേട്ടത്.

ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായ ചൈബാസ ട്രഷറിയില്‍നിന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ പേരില്‍ 37.7 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാണു കേസ്. അഴിമതി, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ലാലു ഉള്‍പ്പെടെ 45 പേര്‍ കേസില്‍ കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു തേജസ്വി മാധ്യമങ്ങളോടു പറഞ്ഞു. സുരക്ഷാപ്രശ്നമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കോടതി പരിസരത്തു കര്‍ശന സുരക്ഷ ഏര്‍പ്പെടത്തിയിരുന്നു. വളരെ നിയന്ത്രണത്തോടെയാണു മാധ്യമ പ്രവര്‍ത്തകരെപ്പോലും കോടതി മുറിക്കുള്ളിലേക്കു പ്രവേശിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍