ലാലുവിന്റെ ശിക്ഷ പാഠമാകണം

October 4, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial-4-10-2013കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന് സി.ബി.ഐ കോടതി വിധിച്ചത് അഞ്ചുവര്‍ഷം തടവും ഇരുപത്തഞ്ച് ലക്ഷം രൂപ പിഴയുമാണ്. രാജ്യം അഴിമതിയില്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കെ ഈ വിധി ഭരണകര്‍ത്താക്കളെയും പൊതുപ്രവര്‍ത്തകരെയും പുതിയ ചിന്തയിലേക്ക് വഴിതിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. വിധിവന്നതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ലാലുവിന് വിലക്കുണ്ടായി. ഇതോടെ ലാലുവിന്റെ രാഷ്ട്രീയ ഭാവിതന്നെ ഇരുളടഞ്ഞതാകുമോ എന്ന സംശയവും ഇല്ലാതില്ല.

ഉത്തരേന്ത്യന്‍ രാഷ്ട്രീയം കാലാകാലങ്ങളായി കൈയടക്കിയിരിക്കുന്ന സവര്‍ണ്ണ ലോബിയെ ഞെട്ടിച്ചുകൊണ്ടാണ് ലാലുപ്രസാദ് എന്ന യാദവന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തത്. എന്നാല്‍ തനിക്കു കിട്ടിയ അവസരത്തെ സത്യസന്ധമായും ധാര്‍മ്മികമായും ഉപയോഗപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയാണ് രാഷ്ട്രീയ രംഗത്ത് ഇനിയും ഉന്നത പദവികളില്‍ എത്താമായിരുന്ന ലാലുവിന്റെ ഭാവി അനിശ്ചിതത്തിലാക്കിയത്. തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇപ്പോഴും ലാലു പറയുന്നത്. എന്നാല്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കാനാവില്ല. നീതിന്യായ പീഠത്തിന്റെ മുന്നില്‍വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലാലു ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജഗനാഥ് മിശ്രയ്ക്ക് നാലുവര്‍ഷം തടവു വിധിച്ചിട്ടുണ്ട്. ഐക്യ ജനാതാദള്‍ എം.പി. ജഗദീശ് പ്രസാദിന് നാലുവര്‍ഷം തടവും ആര്‍.ജെ.ഡി മുന്‍ എം.പ.ി ആര്‍.കെ.റാണയ്ക്ക് അഞ്ചുവര്‍ഷം തടവും ലഭിച്ചു. ഇതിനുപുറമേ രാഷ്്ട്രീയ നേതാക്കളായ ആറുപേരും നാലു ഐ.എ.എസ്. ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടു. ആകെ മുപ്പത്തിമൂന്ന് പ്രതികളെയാണ് നാലുവര്‍ഷംവീതം തടവിനു വിധിച്ചത്.

ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഇല്ലാത്ത കന്നുകാലികളുടെ പേരില്‍ കാലിത്തീറ്റയും മരുന്നും മൃഗസംരക്ഷണ ഉപാധികളും വാങ്ങിയതിന്റെ വ്യാജരേഖയുണ്ടാക്കി ഛായിബസ ജില്ലാട്രഷറിയില്‍നിന്ന് കോടിക്കണക്കിന് രൂപ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി കൊള്ളയടിച്ചിരുന്നു എന്നതാണ് കേസ്. ഇപ്പോഴത്തെ വിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 37.7കോടിയുടെ തട്ടിപ്പാണ്. 1996ലാണ് തട്ടിപ്പ് പുറത്തുവന്നത്.

കാലിത്തീറ്റ തട്ടിപ്പ് പുറത്തുവരുമ്പോള്‍ അന്ന് അത് ഭീമമായ ഒരഴിമതിയായിരുന്നു. എന്നാല്‍ അതിനുശേഷം ടെലികോം മേഖലയില്‍ നടന്ന ഒന്നേമുക്കാല്‍ലക്ഷം കോടിയുടെ അഴിമതിയുള്‍പ്പടെ പല കേസുകളും ഇപ്പോഴും അന്വേഷണത്തിന്റെ പലഘട്ടങ്ങളിലാണ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട പല കേസുകളും സ്വതന്ത്രമായി അന്വേഷിക്കുന്നതില്‍നിന്ന് സി.ബി.ഐയെ കൂച്ചുവിലങ്ങ് ഇടുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അഴിമതിക്കേസുകള്‍ മുഖംനോക്കാതെ അന്വേഷിച്ച് പൊതുമുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഇരുമ്പഴിക്കുള്ളിലാക്കാന്‍ കഴിയും.

ഏതൊരു കേസും ശിക്ഷിക്കപ്പെടുന്നത് അന്വേഷണ ഏജന്‍സികളുടെ മിടുക്കും ശക്തമായ തെളിവുകളുമാണ്. കാലിത്തീറ്റകേസില്‍ സി.ബി.ഐയെ ആരും തടയാനില്ലായിരുന്നതുകൊണ്ട് ആ കേസ് നിഷ്പക്ഷമായി തെളിയിക്കാന്‍ കഴിഞ്ഞു. മുഖംനോക്കാതെയും രാഷ്ട്രീയനിറം നോക്കാതെയും കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് അവസരം നല്‍കിയാല്‍ രാജ്യത്തുനിന്ന് അഴിമതി വലിയൊരളവില്‍ തുടച്ചുനീക്കാന്‍ കഴിയും. അഴിമതി നടത്തിയാല്‍ അഴി എണ്ണേണ്ടിവരുമെന്ന് ഉറപ്പുണ്ടായാല്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഒരിക്കലും അതിനു തയ്യാറാവില്ല. അതിലൂടെ സംശുദ്ധമായ ഭരണം കാഴ്ചവക്കാനും ഭാരതത്തിലെ ജനാധിപത്യപ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയും. ലാലുപ്രസാദ് യാദവ് എന്ന മുന്‍ മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടത് പാഠമായാല്‍ എല്ലാപേര്‍ക്കും നല്ലത്. അല്ലെങ്കില്‍ അവരെയും കാത്തിരിക്കുന്നത് ജയലഴികളായിരിക്കും എന്നത് ഓര്‍മ്മവേണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍