ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം: സര്‍വകക്ഷിസംഘം 9ന് മുഖ്യമന്ത്രിയെക്കാണും

October 5, 2013 കേരളം

gvr-111ഗുരുവായൂര്‍: ഗുരുവായൂരില്‍ പുതിയ റെയില്‍വേ മേല്‍പാലത്തിനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി ഗുരുവായൂരില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിക്കു പുറമെ ധനമന്ത്രി കെ.എം.മാണി, ഗതാഗത വകുപ്പ് മന്തി ആര്യാടന്‍ മുഹമ്മദ് എന്നിവരുമായും സംഘം ചര്‍ച്ച നടത്തും. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ വരുന്ന എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, പി.എ.മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.ജേക്കബ്, കൌസിലര്‍മാരായ ആര്‍.വി.ഷെരീഫ്, തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, ആര്‍.വി.മജീദ് എന്നിവര്‍ സംഘത്തിലുണ്ടാകും. കഴിഞ്ഞയാഴ്ചയാണ് ഗുരുവായൂര്‍ മേല്‍പാലത്തിനായി റെയില്‍വേയുടെ സാങ്കേതിക അനുമതി ലഭിച്ചത്.

റെയില്‍വേമേല്‍പാലത്തിന്റെ വിശദമായ രൂപ രേഖ റോഡ്സ് ആന്റ് ബ്രിഡ്ജ് കോര്‍പ്പറേഷന്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. 21.5കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മേല്‍പാല നിര്‍മ്മാണത്തിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. ക്ഷേത്ര നഗരമായ ഗുരുവായൂരിന്റെ പ്രാധാന്യം കണക്കിലെടുത്ത് മേല്‍പാലത്തിനാവശ്യമായ തുക അടിയന്തിരമായി അനുവദിക്കണമെന്നും നിര്‍മ്മാണാനുമതി ലഭ്യമാക്കണമെന്നും സര്‍വ്വ കക്ഷി സംഘം മന്ത്രിമാരോട് ആവശ്യപ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം