കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: വിധി ഭീകരവാദത്തെ വെള്ളപൂശുന്നവര്‍ക്കുള്ള താക്കീത്

October 6, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial-4-10-2013കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ 13 പ്രതികള്‍ക്കു ജീവപര്യന്തം വിധിച്ചുകൊണ്ടുള്ള എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി ഭാരതത്തില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചരിത്രപ്രധാനമാവുകയാണ്. ഇതില്‍ ഒരു പ്രതിക്ക് നാലു ജീവപര്യന്തവും മറ്റുരണ്ടു പ്രതികള്‍ക്ക് മൂന്നു ജീവപര്യന്തവും തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട ജീവപര്യന്തവുമാണ് വിധിച്ചിട്ടുള്ളത്. രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, ഭീകരവാദപ്രവര്‍ത്തനം, രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ തെളിഞ്ഞത്. പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാന്‍തക്കവണ്ണം ഗുരുതരമാണ് ഈ ഭീകരവാദികള്‍ രാജ്യത്തോട് കാട്ടിയത്.

ദേശസ്‌നേഹത്തിന്റെ തരിമ്പുപോലുമില്ലാതെ ശത്രുരാജ്യത്തിന്റെ വാലാട്ടിപ്പട്ടികളായി മാറുകയായിരുന്നു ഈ ഭീകരര്‍. ഭാരതത്തില്‍ ജനിക്കുകയും ഈ പവിത്രമായ മണ്ണില്‍ പിച്ചവച്ചു നടക്കുകയും ഈ ഭൂമിയിലെ ജലം കുടിക്കുകയും ഈ മണ്ണില്‍ വിളയുന്ന ആഹാരസാധനങ്ങള്‍ ഭക്ഷിക്കുകയും ചെയ്ത ഇവര്‍ക്ക് എങ്ങനെയാണ് ഈ രാജ്യത്തോട് യുദ്ധപ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത ? അതിന് ഒറ്റ ഉത്തരമേയുള്ളൂ. അന്ധമായ മതബോധനം ഇവരെ വഴിതെറ്റിക്കയായിരുന്നു. നിരപരാധികളായ യുവാക്കളെപ്പോലും മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഇവര്‍ വരുതിയിലാക്കുകയും ഒടുവില്‍ കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുകയും ചെയ്തു. സ്വര്‍ഗത്തിലേക്കുള്ള യുദ്ധമായാണ് ഇവര്‍ ഭീകരവാദത്തെ കണ്ടത്.

ഇസ്ലാമിക മതപഠനക്ലാസുകളുടെ മറവിലാണ് കൗമാരം പിന്നിടുന്ന യുവാക്കളെ ഭീകരര്‍ തന്ത്രപരമായി വീഴ്ത്തുന്നത്. പലസ്ഥലങ്ങളിലും ഇതുസംബന്ധിച്ച് പരാതികളുണ്ടാകുമ്പോള്‍ പോലീസിന് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ കഴിയുന്നില്ല. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നുവെന്ന തരത്തില്‍ ചിലരാഷ്ട്രീയ പാര്‍ട്ടികളും ഒരുവിഭാഗം മാധ്യമങ്ങളും മനുഷ്യവകാശത്തിന്റെ മേലങ്കിയണിഞ്ഞ ചിലരും രംഗത്തെത്തുന്നു. കേരളത്തില്‍ ഇടതുപക്ഷമായാലും വലതുപക്ഷമായാലും സര്‍ക്കാരുകള്‍ ന്യൂനപക്ഷവോട്ടുബാങ്കില്‍ കണ്ണുനട്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ നിലപാട് സ്വീകരിക്കുന്നു. ഇതോടെ പോലീസും ഇക്കാര്യങ്ങളിലൊന്നും ഇടപെടാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാകുന്നു. ഈ അവസരം മുതലെടുത്തുകൊണ്ടാണ് കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനത്തിന് അടിത്തറയിട്ടത്. ആലുവയില്‍ ഒരു തുരുത്തില്‍ നടന്ന പഠനക്ലാസിനെയും വാഗമണ്‍ക്യാമ്പിനെക്കുറിച്ചുമൊക്കെ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ദേശസ്‌നേഹത്തിലധിഷ്ഠിതമായ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നെങ്കിലും ഒരന്വേഷണവുമുണ്ടായില്ല. പിന്നീടാണ് ആ റിപ്പോര്‍ട്ടുകള്‍ ശരിയായിരുന്നുവെന്ന് കണ്ടെത്തിയത്.

മുസ്ലീം സഹോദരന്‍മാരെ മൊത്തത്തില്‍ ഭീകരവാദത്തിന്റെയോ തീവ്രവാദത്തിന്റെയോ പേരില്‍ ആക്ഷേപിക്കുന്നതു ശരിയല്ല. എന്നാല്‍ ഭീകരവാദത്തിന്റെ പേരില്‍ പിടിയിലാകുന്നവരെല്ലാം മുസ്ലീങ്ങളാണെന്നത് കാണാതിരുന്നുകൂടാ. ഇത് ആ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ്. ഇത്തരം പ്രവര്‍ത്തനത്തിലേക്ക് വഴുതിവീഴുന്നവരെ ഒറ്റപ്പെടുത്തുകയും അവര്‍ക്കുവേണ്ടി വാദിക്കാതിരിക്കുകയും ചെയ്യേണ്ട ദേശസ്‌നേഹത്തിലധിഷ്ഠിതമായ വിവേകം പ്രദര്‍ശിപ്പിക്കാന്‍ ഇസ്ലാമിക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ഇസ്ലാമികപീഡനം പറഞ്ഞു പോലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെ ആത്മവീര്യം കെടുത്തുന്ന നടപടികളില്‍ നിന്നു മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും പിന്‍മാറി ഭീകരവാദത്തെ ഭാരതത്തിന്റെ മണ്ണില്‍ നിന്നു തൂത്തെറിയുവാനുള്ള ഔചിത്യം ഇനിയെങ്കിലും കാട്ടണം. അതിലേക്കുള്ള പ്രചോദനമാകണം കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ വിധിന്യായം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍