ആരാണ് ഈ സലീംരാജ് ?

October 7, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial Slider-6-10-2013സലീംരാജിനെ കണ്ടാല്‍ ഡിജിപിക്ക് മുട്ടുവിറയ്ക്കുമോ എന്നുചോദിച്ചത് കേരളത്തിലെ പരമോന്നത കോടതിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനാണ് സലീംരാജ്. എന്നിട്ടും ആ വ്യക്തിക്ക് ഭരണകൂടത്തില്‍ എത്ര സ്വാധീനമുണ്ടെന്നതിന് തെളിവാണ്  സലീംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യാന്‍ നടത്തിയ നീക്കം. മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് അറസ്റ്റുനീക്കം പാളിയത്.

സോളാര്‍ വിഷയം കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചതോടെയാണ് സലീംരാജ് എന്ന കഥാപാത്രം മാധ്യമങ്ങളില്‍ നിറഞ്ഞത്. സലീംരാജിന് മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞതാണ്. അതൊക്കെ വ്യക്തിപരമായ വിഷയങ്ങളാണ്. നിയമം എല്ലാ പൗരന്‍മാര്‍ക്കും തുല്യമാകുമ്പോള്‍ സലീംരാജും അതിന് അതീതനാകുന്നില്ല.

സലീംരാജുമായി ബന്ധപ്പെട്ട കളമശേരി ഭൂമിതട്ടിപ്പുകേസില്‍ പാരാതി നല്‍കിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വാദി പ്രതിയായെന്നര്‍ത്ഥം. 1969 ലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാരോപിച്ചാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് പരാതിക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇടപ്പള്ളി ആഞ്ഞിക്കാത്ത് ഷെരീഫ്, മക്കളായ എ.കെ.നാസര്‍, നൗഷാദ്, നൗഷാദിന്റെ ഭാര്യ ഷിമിത എന്നിവര്‍ക്കെതിരെയാണ് കളമശേരി പോലീസ് കേസെടുത്തത്.

സലീംരാജും ബന്ധുക്കളും ഇടപെട്ട് തട്ടിയെടുക്കാന്‍ ശ്രമിച്ച ഭൂമിയുടെ കരമടച്ച രസീതില്‍ തിരുത്തല്‍ വരുത്തിയതിനാണ്  ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നാണ് പോലീസിന്റെ ന്യായം. എന്നാല്‍ ഈ ഭൂമി പരാതിക്കാരുടേതാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. 1969 -ല്‍ അഞ്ചുവയസു തികയാത്ത നാസറിനെയും ജനിക്കാത്ത നൗഷാദിനെയും ഭാര്യയെയും പ്രതിയാക്കിയാണ് ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തത്. അതേസമയം സലീംരാജിന്റെ തട്ടിപ്പുകളെ കുറിച്ച് രേഖകള്‍ സഹിതം മുഖ്യമന്ത്രിക്ക് രണ്ടുവട്ടം നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മാധ്യമങ്ങളും കോടതിയും ഇടപെട്ടപ്പോഴാണ് കേസെടുത്തത്. അപ്പോഴും സലീംരാജിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി.

പോലീസ് നടപടിക്കെതിരെ ബിജെപി രംഗത്തെത്തുകയും കേസില്‍ കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കഥമാറിയത്. കളമശേരി ഭൂമി തട്ടിപ്പുകേസിലെ പരാതിക്കാര്‍ക്കെതിരെ കേസെടുത്ത എഎസ്‌ഐയെ സസ്‌പെന്‍ഡു ചെയ്തുകൊണ്ട് മുഖംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. കളമശേരി സിഐക്കും പ്രിന്‍സിപ്പല്‍ എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഐജി പത്മകുമാറാണ് ഈ നടപടികള്‍ സ്വീകരിച്ചത്. ഇത്രയും സംഭവങ്ങളുണ്ടായിട്ടും ഈ ഉന്നത ഉദ്യോഗസ്ഥന്‍ ഒന്നുമറിഞ്ഞില്ല എന്നു വിശ്വസിക്കാന്‍ മാത്രം വിഢികളല്ല കേരളീയര്‍.

സലീംരാജിന് ബാധകമാകാത്ത ഏതുനിയമമാണ് ഇന്ത്യന്‍ പീനല്‍കോഡില്‍ ഉള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തി കേസില്‍ പെടാതെ രക്ഷപ്പെടുക മാത്രമല്ല, പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലടയ്ക്കാനുള്ള ശ്രമവും നടത്തുന്നത് കേരളത്തിലാണ്. സംസ്‌കാരത്തെയും സാക്ഷരതയെയും കുറിച്ച് ഊറ്റംകൊള്ളുന്ന നമുക്ക് ഈ സംഭവത്തില്‍ ലജ്ജിക്കാതെ വയ്യ.

ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെങ്കില്‍ എന്തുകുറ്റവും ചെയ്യാമെന്നും പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കാമെന്നുമൊക്കെ വന്നാല്‍ അത് നല്‍കുന്ന തെറ്റായ സന്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ഇത് ജനാധിപത്യപ്രക്രിയയെ ദുര്‍ബലമാക്കുകയും ക്രിമിനല്‍വല്‍ക്കരണത്തിന് ഇടയാക്കുകയും ചെയ്യും. പോലീസ് സേനയില്‍ തന്നെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉണ്ടെന്നിരിക്കെ ഇനിയും സലീംരാജുകളുണ്ടായാല്‍ അത് നിയമവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്ന സമാധാനകാംക്ഷികള്‍ക്ക് നിയമം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് എന്താവും പ്രതീക്ഷിക്കാനാവുക ?

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍