യുഎസ് എംബസി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍

October 6, 2013 രാഷ്ട്രാന്തരീയം

ട്രിപ്പോളി: യുഎസ് എംബസി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ അമേരിക്കന്‍ സേന പിടികൂടി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ യുഎസ് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് അല്‍ ഖ്വെയ്ദയുടെ ലിബിയയിലെ നേതാവായ അനസ് അല്‍ ലിബിയെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടാനിടയായ ലിബിയന്‍ എംബസി ആക്രമണത്തിനു പിന്നിലെ സൂത്രധാരനാണ് അല്‍ ലിബി. ടാന്‍സാനിയ, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളില്‍ 1998 ലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും അല്‍ ലിബിയ്ക്ക് പങ്കുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ആക്രമണങ്ങളില്‍ 250ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൊമാലിയയില്‍ നടത്തിയ തിരച്ചിലില്‍ നെയ്‌റോബി ഷോപ്പിംഗ് മാള്‍ അക്രമത്തിന്റെ മുഖ്യ ആസൂത്രകരില്‍പെട്ട അല്‍ ഷബാബ് നേതാവിനെയും പിടികൂടിയതായി അമേരിക്ക അവകാശപ്പെട്ടു.

അല്‍ ലിബി അമേരിക്കന്‍ പിടിയിലായതായി ബന്ധുക്കളും സ്ഥിരീകരിച്ചു. ട്രിപ്പോളിയിലെ വീട്ടില്‍ കാറുകളിലത്തെിയ കമാന്‍ഡോകള്‍ അനസ് അല്‍ ലിബിയെ കടത്തിക്കൊണ്ട് പോകുകയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അനസ് അല്‍ ലിബിയുടെ തലയ്ക്ക് അമ്പത് ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. അടുത്തിടെയായി സൊമാലിയ, ലിബിയ, കെനിയ എന്നീ രാജ്യങ്ങളില്‍ ഭീകരര്‍ക്കായി യുഎസ് സൈന്യം തെരച്ചില്‍ നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം