ഗാന്ധിജയന്തി വാരാചരണം: മേഖലാതല സെമിനാര്‍ സംഘടിപ്പിച്ചു

October 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗാന്ധിജയന്തിവാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പനവൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഗാന്ധിജിയും മതേതര മൂല്യങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാര്‍ സംസ്ഥാനന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ ഉദ്ഘാടനം ചെയ്തു.  ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധിജിയെന്ന് അദ്ദേഹം അനുസ്മരിച്ചു.  സ്വന്തം ജീവിതരീതിയിലൂടെ ജനഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഗാന്ധിജി ഉദാത്തമായ രാഷ്ട്രീയസംസ്‌കൃതിയും ജീവിതരീതിയും ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ്, പനവൂര്‍ ഗ്രാമപഞ്ചായത്ത്, ടിപ്പു കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  ഗാന്ധിജയന്തിആഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗാന്ധി ക്വിസ്, ചിത്രരചന, പ്രസംഗമത്സരം എന്നിവയിലെ വിജയികള്‍ക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പനവൂര്‍ ഷറഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍