കല്‍പ്പാത്തി സംഗീതോത്സവം കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീതമത്സരം

October 7, 2013 മറ്റുവാര്‍ത്തകള്‍

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടുബന്ധിച്ച് ഡി.ടി.പി.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കല്‍പ്പാത്തി സംഗീതോത്സവത്തില്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീത മത്സരം നടത്തും. വീണകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രഹ്മണ്യ അയ്യരുടെ സ്മരണക്കായാണ് മത്സരങ്ങള്‍ നടത്തുന്നത്. ശാസ്ത്രീയ സംഗീത ഇനങ്ങളായ വോക്കല്‍, മൃദംഗം, വയലിന്‍ എന്നിവയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മത്സരം നടത്തും.

ചെമ്പൈ സ്മാരക സംഗീത കോളേജിലെ എം.ഡി. രാമനാഥന്‍ ഹാളിലാണ് മത്സരം. എട്ട് മുതല്‍ 13 വയസ് വരെയുളളവര്‍ ജൂനിയര്‍ വിഭാഗത്തിലും 14 മുതല്‍ 18 വയസ് വരെയുളളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. വീണ മത്സരം 14 മുതല്‍ 18 വയസ് വരെയുളളവര്‍ക്കാണ്. മത്സരങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ നടത്തും. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25 നകം വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ പി.വിജയാംബിക, 2/82, അനുപമ, ന്യൂ കല്‍പ്പാത്തി, പാലക്കാട് – 3 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0491 2577287.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍