ഗുരുദക്ഷിണ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

October 8, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

2.ഗുരുദക്ഷിണ

Garga-II-2-pbവിജ്ഞാനവാരിധികളായ ഗുരുക്കന്മാരുടെ നിതാന്തസാമീപ്യംകൊണ്ട് ശിഷ്യനെ സര്‍വാംഗീണമായ പരിവര്‍ത്തനത്തിനും പാകവിജ്ഞാനാര്‍ജനത്തിനും പ്രാപ്തമാക്കുന്ന ഗുരുകുലവിദ്യാഭ്യാസം പൂര്‍വകാലഘട്ടത്തിലെ ചിട്ടയൊത്ത പഠനസമ്പ്രദായമായിരുന്നു. ‘ലേണിങ് ബൈ ഡൂയിങ്’ എന്ന അത്യാധുനികവിദ്യാഭ്യാസതത്ത്വമാണ് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഭാരതത്തില്‍ നിലനിന്നിരുന്ന ആ രീതി. പരമ്പരീണമായ ഈ വിദ്യാഭ്യാസമാണ് ശ്രീകൃഷ്ണനും ലഭിച്ചത്. അതാകട്ടെ അദ്ഭുതങ്ങള്‍ നിറഞ്ഞതുമായിരുന്നു. വ്യാസനും ഗര്‍ഗനും സ്വകീയകൃതികളില്‍ അത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്; ഏതാണ്ടു സമാനമായി. ഗര്‍ഗഭാഗവതത്തില്‍ മഥുരാഖണ്ഡത്തിലെ ഒമ്പതാം അധ്യായത്തില്‍ ഗുരദക്ഷി എന്ന വിശിഷ്ടകഥാഭാഗം ചേര്‍ത്തിരിക്കുന്നു. വ്യാസഭാഗവതത്തില്‍ ദശമസ്‌കന്ധം നാല്പത്തഞ്ചാം അധ്യായത്തിലും.

കംസനിഗ്രഹാനന്തരം ശ്രീഭഗവാന്‍ ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍നിന്നും മോചിപ്പിച്ചു. മാതാപിതാക്കളെ ദര്‍ശിച്ച് ഭഗവാനും പുത്രദര്‍ശനത്താല്‍ ദേവകീവസുദേവന്മാരും ആനന്ദനിര്‍വൃതിയിലാണ്ടു. തുടര്‍ന്ന് വൃഷ്ണി വംശൃശ്രേഷ്ഠരായ മഹാത്മാക്കളാല്‍ നീതനായ ശ്രീകൃഷ്ണന്‍ മുത്തച്ഛനായ ഉഗ്രസേനനെ ബന്ധനമുക്തനാക്കി. മഥുരയിലെ രാജാവാക്കി വാഴിച്ചു. കംസഭയം കൊണ്ട് ഒളിച്ചോടിയ മഥുരാവാസികളെ തിരിച്ചാനയിച്ച് സ്വസ്വഗൃഹങ്ങളില്‍ പാര്‍പ്പിച്ചു. മഥുരയില്‍ ശാന്തിയും സമാധാനവും കളിയാടി. എല്ലാവരും ശ്രീകൃഷ്ണനെ അഭിനന്ദിച്ചു. കീര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍, നന്ദഗോപരുടെ ഇംഗിതം മാനിച്ച് അദ്ദേഹത്തേയും ഇതരഗോപന്മാരേയും വൃന്ദാവനത്തിലേയ്ക്കു പോകാനനുവദിച്ചു. അദ്ഭുതചരിതനായ കൃഷ്ണന്റെ ലീലാവിലാസങ്ങളോര്‍ത്താനന്ദമനുഭവിച്ചുകൊണ്ട് നന്ദരാജന്‍ വ്രജത്തിലേക്കു മടങ്ങി.

ബന്ധനമുക്തനായ വസുദേവന്‍, ശ്രീകൃഷ്ണജനനസമയത്ത് മനസ്സുകൊണ്ട് ചെയ്ത ദാനം നടത്തി. വസ്ത്രമാല്യസഹിതങ്ങളായി ലക്ഷം പശുക്കളെ ബ്രാഹ്മണര്‍ക്കു നല്‍കി! ഉടന്‍ ഗര്‍ഗാചര്യനെ വരുത്തി. കൃഷ്ണരാമന്മാരുടെ ഉപനയനം സോപചാരം ചെയ്യിച്ചു. അനന്തരം ഭഗവാന്റെയും ജ്യേഷ്ഠന്റെയും ഔപചാരികവിദ്യാഭ്യാസം ആരംഭിച്ചു. അന്ന് അവന്തീരാജ്യത്ത് അതിശ്രേഷ്ഠനായ ഒരു ഋഷിയുണ്ടായിരുന്നു. മഹാവിദ്വാനായ സാന്ദീപനിമഹര്‍ഷി! ആ മഹത്‌സന്നിധിയിലേയ്ക്കാണ് യദുശ്രേഷ്ഠരായ ബാലന്മാര്‍ വിദ്യാര്‍ത്ഥികളായി പോയത്. അവര്‍:-

‘കൃത്വാ പരം ഗുരോ: സ്വേയം
ലഘുകാലേന മാധവൗ
സര്‍വവിദ്യാം ജഗ്രഹതു
സര്‍വവിദ്യാംവിദാം വരൗ’

(ഗുരുസേവാനിരതരായി താമസിച്ചുകൊണ്ട് രാമകൃഷ്ണന്മാര്‍ കുറച്ചുകാലംകൊണ്ടുതന്നെ സര്‍വവിദ്യകളുമഭ്യസിച്ചു) അനന്തരം പ്രാപ്തജ്ഞനായ കൃഷ്ണന്‍ ഗുരുദക്ഷിണ ചെയ്യാനുദ്യമിച്ചു. ‘മൃതം പുത്രം ദക്ഷിണായാം താഭ്യാം വവ്രേഗുരൂര്‍ ദ്വിജ:’ (ദക്ഷിണയായി തന്റെ മൃതനായ പുത്രനെ കൊണ്ടുകൊടുക്കണമെന്ന് രാമകൃഷ്ണന്മാരോട് ആ ദ്വിജശ്രേഷ്ഠനായ ഗുരു ആവശ്യപ്പെട്ടു.)

രാമകൃഷ്ണന്മാര്‍ ആചാര്യവന്ദനം ചെയ്ത് പുറപ്പെട്ടു. രഥത്തിലേറി പ്രഭാസതീര്‍ത്ഥത്തിനു സമീപം സമുദ്രതീരത്തെത്തി.

‘സദ്യ: പ്രകമ്പിത: സിന്ധു
രത്‌നോപായനമുത്തമം
നീത്വാ തച്ചരണോപാന്തേ
നിപപാത കൃതാഞ്ജലി:’

(സമുദ്രാധിപനായ വരുണന്‍ ശ്രീകൃഷ്ണാഗമനോദ്ദേശ്യമറിഞ്ഞ് ഭയന്ന് വിറച്ചു. രത്‌നസഹിത കാഴ്ചവസ്തുക്കള്‍ സമര്‍പ്പിച്ച് കൃഷ്ണപാദം വണങ്ങി.) തന്റെ ഗുരുപുത്രനെ ഉടന്‍ കൊണ്ടുതരണമെന്നും അവനെ വരുണനാണപഹരിച്ചതെന്നും കോപിഷ്ഠനായ കൃഷ്ണന്‍ പറഞ്ഞു. വരുണന്‍ ഭയന്ന് വിനയാന്വിതനായി ഇപ്രകാരം അറിയിച്ചു;- ‘ഭഗവാന്‍, ആ ബാലനെ അപഹരിച്ചത് ഞാനല്ല. ഈ സമുദ്രത്തില്‍ ഒരസുരനുണ്ട്. പഞ്ചനന്‍. ശംഖരൂപിയായ അവനാകാം ഗുരുപുത്രനെ അപഹരിച്ചത്. ദേവന്മാര്‍പോലും ഭയക്കുന്ന ആ അസുരനെ അങ്ങു ജയിക്കുക’.

ശ്രീകൃഷ്ണഭഗവാന്‍ ഉടന്‍തന്നെ പഞ്ചദജനനെ നേരിടാന്‍ തയ്യാറായി. പീതാംബരം മുറുക്കിയുടുത്ത്, ഉച്ചത്തിലിരമ്പിമറിയുന്ന സമുദ്രത്തിലേയ്‌ക്കെടുത്തുചാടി. അപ്പോള്‍ ഭൂമി ഒന്നു വിറച്ചു. സമുദ്രം ഇളകി മറിഞ്ഞു. തന്റെ നേര്‍ക്കാണ് കൃഷ്ണന്‍ വരുന്നതെന്ന് പഞ്ചജനന്‍ മനസ്സിലാക്കി. അവനും യുദ്ധസന്നദ്ധനായി നിലകൊണ്ടു. അയാള്‍ ക്രുദ്ധനായി. ഭഗവാന്റെ നേര്‍ക്കു ശൂലമെറിഞ്ഞു. ഭഗവാന്‍, ഉത്തരക്ഷണത്തില്‍, ആ ശൂലം പിടിച്ചെടുത്ത് അവന്റെ നേര്‍ക്കുതന്നെ പ്രയോഗിച്ചു. ശൂലമേറ്റ് പഞ്ചജനന്‍ മൂര്‍ച്ഛിച്ചു വീണു. അല്പനേരം ക്ഷീണിച്ചുകിടന്നു. പിന്നീട് ശക്തി സമാഹരിച്ച് എണീറ്റു. സര്‍പ്പം ഗരുഡനെ പത്തികൊണ്ടടിക്കുംപോലെ ഭഗവാന്റെ മൂര്‍ദ്ധാവിലിടിച്ചു. കോപംമുഴുത്ത ഭഗവാന്‍ കൃഷ്ണന്‍ മുഷ്ടിചുരുട്ടി അസുരന്റെ ശിരസ്സിലിടിച്ചു. ആ ആഘാതം താങ്ങാന്‍ അവനു കഴിഞ്ഞില്ല. അസുരന്‍ ചത്തുവീണു. അപ്പോഴുമൊരത്ഭുതമുണ്ടായി. അവന്റെ ശരീരത്തില്‍ നിന്നുമൊരു ജ്യോതിസ്സുയര്‍ന്ന് ശ്രീഭഗവാനില്‍ ലയിച്ചു.

ഗുരുപുത്രനെ അവിടെയെങ്ങും കണ്ടില്ല. പഞ്ചജനശരീരമായ ശംഖവും കൈയിലെടുത്ത് ശ്രീകൃഷ്ണന്‍ സമുദ്രത്തില്‍നിന്നു കരയ്ക്കുകയറി. വായുവേഗത്തില്‍ തേരോടിച്ച് യമരാജന്റെ വാസസ്ഥാനമായ സംയമനിയിലെത്തി.

‘പാഞ്ചജന്യദ്ധ്വനിര്‍ല്ലോകം
പ്രചണ്ഡോ മേഘഘോഷവത്
പൂരയാമാസ തം ശ്രുത്വാ
ചകമ്പേ സസഭോ യമ.’

പാഞ്ചജന്യനാദംകേട്ട് ലോകങ്ങള്‍ ഞെട്ടിപ്പോയി. യമനും യമസഭയും ഒന്നായി വിറച്ചു. ആ ശബ്ദം കേട്ട എണ്‍പത്തി നാലുലക്ഷം രരകങ്ങളിലെ ആത്മാക്കള്‍ ഉടന്‍ മോക്ഷം പ്രാപിച്ചു!

യമരാജന്, കേട്ട ശബ്ദമേതൊന്നും കേള്‍പ്പിച്ചതാരെന്നും മനസ്സിലായി. കൃഷ്ണാഗമനോദ്ദേശ്യവും. ഉടന്‍തന്നെ യമരാജന്‍ കാഴ്ചദ്രവ്യങ്ങളുമായി കൃഷ്ണരാമന്മാരുടെ അടുക്കല്‍ ചെന്ന് പാദത്തില്‍ വീണു. കൈകൂപ്പി. എന്നിട്ട് വിനയാന്വിതനായി ചോദിച്ചു:-

‘ഹേ ഹരേ ഹേ കൃപാസിന്ധോ
രാമ രാമ മഹാബല
അഖണ്ഡബ്രഹ്മാണ്ഡപതി:
പരിപൂര്‍ണ തമൗ യുവാ’.

ഹേ ഹരേ, മഹാബലവാനായ ഹേ രാമ, നിങ്ങള്‍ അസംഖ്യ ബ്രഹ്മാണ്ഡങ്ങളുടേയും അധിപരാണ്. നിങ്ങള്‍ക്കെന്താണാവശ്യം? അരുളിച്ചെയ്താലും.
ഭഗവാന്‍ കോപമടക്കി. അദ്ദേഹം യമരാജനോട്,

‘ഗുരുപുത്രം ലോകപാല,
ആനയസ്വ മഹാമതേ
രാജ്യം കുരുയഥാ ന്യായം
മദുക്തം മാനയന്‍ ക്വചിത്’

(ധര്‍മ്മരാജാ, എന്റെ ഗുരുപുത്രനെ ഉടന്‍ കൊണ്ടുവരുക, സദാ, എന്റെ ആജ്ഞയനുസരിച്ച് സ്വധര്‍മ്മനുഷ്ഠിക്കുക.) യമന്‍ ഗുരുപുത്രനെ ശ്രീകൃഷ്ണനു നല്‍കി. അവനേയുംകൊണ്ട് ശ്രീകൃഷ്ണഭഗവാന്‍, ബലരാമനുമൊത്ത് അവന്തിയിലെത്തി പുത്രനെ ഗുരുവിനു നല്‍കി. ആനന്ദം കൊണ്ട് മനംനിറഞ്ഞ ഗുരുദേവന്‍ ശിഷ്യന്മാരെ അനുഗ്രഹിച്ചു. അനുഗ്രഹം നേടിയ ശ്രീകൃഷ്ണനും ബലരാമനും ചാരിതാര്‍ത്ഥ്യത്തോടെ മഥുരാപുരിയിലേക്കു മടങ്ങി.

അസാധാരണമായ ഗുരുഭക്തിയുടെ വിശിഷ്ടമായ ആഖ്യാനമാണിത്. ഗുരുശിഷ്യബന്ധത്തിന്റെ ദാര്‍ഢ്യവും ഗുരുഭക്തിയുടെ അതിശയനീയ മഹിമയും വെളിവാക്കാന്‍ ഈ കഥ നന്നാണ്. വക്താവുമൊത്തു കഴിയുന്ന ലബ്ധകന്മാരെ – ഗുരുവോടൊത്തു വസിക്കുന്ന ശിഷ്യന്മാരെ ഗുരുനാഥന്‍ നന്നായറിയുന്നു. ശിഷ്യരുടെ ബലവീര്യവിദ്യാസാമര്‍ഥ്യങ്ങളെല്ലാം തിരിച്ചറിയുന്നു. അവര്‍ ശിഷ്യരെ സമമായി സ്‌നേഹിക്കുന്നവരാണെങ്കിലും വിശിഷ്യരോട് ഔരസപുത്രന്മാരോടെന്നപോലുള്ള ഒരു വാത്സല്യം ആചാര്യന്മാര്‍ക്കുണ്ടാകും. ശിഷ്യരുടെ സമാര്‍ത്ഥ്യം പരീക്ഷണവിധേയമാക്കുകയും ചെയ്യും. സാന്ദീപനീമഹര്‍ഷിക്കു തന്റെ ശിഷ്യോത്തമനെ (കൃഷ്ണനെ) അമാനുഷനാണെന്നറിയാന്‍ കഴിഞ്ഞു. തനിക്കേറ്റ ദുഃഖം പരിഹരിക്കാന്‍ കൃഷ്ണനേ കഴിയൂ എന്നും മനസ്സിലാക്കി. തന്റെ തീരാദുഃഖം മറ്റാരോടപറയാനാണ്! ആര്‍ത്തിഹാരിയായ ഭഗവാനോടല്ലാതെ! അതുകൊണ്ടാണ് അപൂര്‍വമായൊരു ദക്ഷിണ ആവശ്യപ്പെട്ടത്. തന്നിലൂടെ തുടരേണ്ട വിദ്യാദാനപാരമ്പര്യം നിലച്ചുപോകാതെ സൂക്ഷിക്കാന്‍ അതനിവാര്യമാണുതാനും. അനപത്യതാദുഃഖം പരിഹരിച്ച് പരമഗതി പ്രാപിക്കാനുള്ള ആഗ്രഹവും ആ ആഗ്രഹത്തിന്റെ പിന്നിലുണ്ടെന്നൂഹിക്കാമല്ലോ.

ഏതൊന്നറിയേണ്ടതാണോ അതാണല്ലോ വിദ്യ! വിദ്യാലബ്ധകന്‍ അറിവുനേടിയവന്‍! ദ്വിജത്വം രണ്ടാം ജന്മമാണ്. അതിനു കാരണനായ ഗുരുവിന്റെ ആജ്ഞ നിറവേറ്റണ്ടതു ശിഷ്യന്റെ ധര്‍മ്മമാണ്; എത്ര കഠിനകാര്യമായാലും. അല്ലെങ്കില്‍ അപൂര്‍ണവിദ്യനായി അധഃപതിച്ചുപോകും. കൃതജ്ഞനാകേണ്ട സമയത്ത് കൃതഘ്‌നനാകുന്നത് ശരിയല്ലല്ലോ. അതിനാലാണ് എത്ര സാഹസം ചെയ്തിട്ടാണെങ്കിലും ഗുരുപുത്രനെ കണ്ടുപിടിക്കണമെന്ന് ഭഗവാനുറച്ചത്. വരുണനെ ജയിച്ചതും പഞ്ചജനനെ വധിച്ചതുമെല്ലാം ആ കഠിനയത്‌നങ്ങളുടെ ഭാഗം മാത്രം! കാലാലയത്തില്‍ ചെന്ന് ഗുരുപുത്രനെ വീണ്ടെടുത്ത് ഗുരുവിനു സമര്‍പ്പിച്ചപ്പോള്‍ വിനീതനായ ശിഷ്യന്‍ സ്വധര്‍മ്മനിര്‍വഹണത്താല്‍ ശ്ലാഘിതനായി. വിശിഷ്ടശിഷ്യനാല്‍ ഗുരുദേവന്‍ ചരിതാര്‍ത്ഥനായി. ‘പുന്നാമനരക’ത്തില്‍നിന്നും കരകയറ്റാനുപകരണമായ പുത്രനെ യമപുരിയില്‍ചെന്ന് കൊണ്ടുവന്ന് ഗുരുവിനു ദക്ഷിണ നല്‍കിയ കൃത്യം അത്യപൂര്‍വ്വമാണ്, രോമഹര്‍ഷണപ്രദവുമാണ്.

ഗര്‍ഗസംഹിതയിലെ മറ്റു കഥകള്‍പോലെ ഇതിലും സൂക്ഷ്മനിരീക്ഷണത്തില്‍ തെളിയുന്ന വിശേഷമായ പൊരുളുണ്ട്. വ്യക്തിയുടെ ജ്ഞാനാര്‍ജനവും അതിന്റെ സാഫല്യവുമെന്നു വിശേഷിപ്പിക്കാവുന്ന വിധം കഥാന്തര്‍ഗതമായ തത്ത്വം ഗൂഢമായിരിക്കുന്നു; നിപുണനയനങ്ങള്‍ക്കു ഗോചരമാം വിധം! അത് കാവ്യത്തിന്റെ മാത്രമല്ല, അദ്ധ്യാത്മവിദ്യയുടേയും രീതിയാണ്. ശ്രോതൃഭേദമനുസരിച്ച് – ആസ്വാദകനിലവാരമനുസരിച്ച് – അതിനെ സ്വീകരിക്കാം. പാത്രവലിപ്പമനുസരിച്ചല്ലേ, സമുദ്രത്തില്‍ നിന്നായാലും, ജലം കോരിയെടുക്കാനാവൂ!

കംസനിഗ്രഹം കഴിഞ്ഞ്, മാതാപിതാക്കളേയും മുത്തച്ചനേയും മോചിപ്പിച്ചശേഷമാണ് കൃഷ്‌ണോപനയനം നടക്കുന്നത്. ഗര്‍ഗാചാര്യന്‍ അതു സമര്‍ഥമായി നിര്‍വഹിക്കുകയെന്നാല്‍ ത്യാജ്യമായ വാസന ഒഴിവാക്കുകയെന്നര്‍ത്ഥം! അതിനു തടസ്സംനിന്ന കൂവലയയാപീഡചാണുരാദ്യരേയും നിഗ്രഹിച്ചു. പ്രാകൃതമായ വാസനയെ ത്യജിക്കാന്‍ അഷ്ടരാഗങ്ങളേയും ഷഡവികാരങ്ങളേയും അടക്കിയെന്നു സാരം! അപ്പോഴേയ്ക്കും പാകപ്പെട്ട നിലംപോലെ മനസ്സ് വിദ്യാബീജം വളരുവാന്‍ യോഗ്യമാകുന്നു! ആ യോഗ്യതയ്ക്കായുള്ള മിനുക്കുപണിയാണ് ഉപനയനം. ഉപനയിക്കല്‍ എന്നാല്‍ അടുത്തേയ്ക്കു നയിക്കുക എന്നാണര്‍ത്ഥം. പുരാതനകാലത്ത് വിദ്യാര്‍ജനമെന്നാല്‍ ബ്രഹ്മജ്ഞാനാര്‍ജനമെന്നാണര്‍ത്ഥം. സഹവിദ്യകളെല്ലാം അതു നേടുവാനുള്ള ഉപാധികള്‍ മാത്രം! അധ്യാത്മജ്ഞാനം നേടാനുള്ള അര്‍ഹത മനസ്സിലാക്കിയാല്‍ ഒട്ടും താമസിക്കാതെ വിദ്യാദാനസമര്‍ത്ഥനായ ഗുരുവിനടുക്കലെത്തുകയാണാവശ്യം. അതിനുമുമ്പ് അച്ഛനമ്മമാരെ സ്വതന്ത്രമാക്കി തന്റെ ജന്മദാതാക്കളെ, പൂര്‍വകര്‍മ്മഫലങ്ങളെ, സ്വതന്ത്രചിന്തയ്ക്കു വിധേയമാക്കി. ഉഗ്രസേനനെ രാജാവാക്കി. കര്‍മ്മരംഗത്തെ ഉഗ്രസേനന്‍ ബുദ്ധിയാണ്. ബുദ്ധിയെ സമമാക്കി കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു. കംസനെ ഭയന്ന് ഓടിപ്പോയ മഥുരാവാസികളെ തിരിച്ചാനയിച്ച് യഥാസ്ഥാനം താമസിപ്പിച്ചു. സച്ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കി എന്നര്‍ത്ഥം!

ശ്രീകൃഷ്ണരാമന്മാരെത്തിച്ചേര്‍ന്നതാകട്ടെ സാന്ദീപനിമഹര്‍ഷിയുടെ സന്നിധിയില്‍. മുനിഞ്ഞു കത്തുന്ന ദീപത്തില്‍ എണ്ണപകര്‍ന്ന് തിരിനീട്ടി ജ്വലിപ്പിച്ച് പൂര്‍ണപ്രഭയിലെത്തിക്കുന്നതെങ്ങനെയോ അതുപോലെയൊരു കര്‍മ്മമാണ് ഗുരുക്കന്മാര്‍ക്കുള്ളത്. താന്‍ പേറുന്ന വിദ്യാബീജം വളര്‍ന്നു വിലസത്താകാന്‍ പോന്ന മണ്ണേതെന്ന് ‘ഗുരു’വിന് ആദ്യദര്‍ശനത്തില്‍ത്തന്നെ ബോധ്യപ്പെടും. കയ്യില്‍ കിട്ടിയ പച്ചിരുമ്പിനെപ്പോലും കരുവാന്‍, സ്വേച്ഛാനുസരണം, മൂര്‍ച്ചയുള്ള ആയുധമാക്കാറുണ്ടല്ലോ. ആ ധര്‍മ്മമാണ് ജിജ്ഞാസുവായ ശിഷ്യനില്‍ ‘ഗുരുദേവന്മാര്‍’ പ്രയോഗിക്കുന്നത്. ദര്‍ശനമാത്രയില്‍ത്തന്നെ ആരാണ് കൃഷ്ണനെന്ന് ഗുരുവായ ‘കരുവാന്‍’ മനസ്സിലാക്കി. തന്നെത്തന്നെ ശിഷ്യനിലേയ്ക്കു പൂര്‍ണമായി പകര്‍ന്ന് ഗുരുവിന്നൊത്ത ലബ്ധകനാക്കി മാറ്റി. അച്ഛനെ ‘അടിച്ചും’ ഗുരുവിനെ ‘വധിച്ചും’ (പിതാവിന്റെ യശസ്സിനേക്കാള്‍ മികച്ച യശസ്സുനേടിയും ഗുരുവിന്റെ അറിവിനേക്കാള്‍ അറിവുനേടിയും) മുന്നേറുന്ന ശിഷ്യരുണ്ട്. അക്കൂട്ടരില്‍ മുമ്പനായി വേണം കൃഷ്ണനെ കരുതുവാന്‍.

ഗുരുഗൃഹത്തില്‍വച്ച് നേടിയ വിജ്ഞാനം മനഃപരീപാകത്തിനു കാരണമായി. പന്ത്രണ്ടു വര്‍ഷത്തെ വിദ്യാഭ്യാസം കരണശുദ്ധി വരുത്തി. സംസാരസാഗരംതാണ്ടാന്‍ തന്റെ ശിഷ്യന്‍ സാമര്‍ത്ഥ്യം നേടിയെന്ന് ഗുരു മനസ്സിലാക്കി. തന്റെ പുത്രനാശം മനോമാഥിയായ ദുഃഖമായി കരുതിയ ഗുരുവിന് അതു പരിഹരിക്കാന്‍ അവസരം കൈവന്നു.

ഇവിടെ ‘പുത്ര’ ശബ്ദം ശ്രദ്ധിക്കുന്നതുകൊള്ളാം. പിതൃത്രാണനം ചെയ്യുന്നവനാണു പുത്രന്‍! ഇഹത്തിലും പരത്തിലും. അപ്പോള്‍, അത്തരമൊരു പുത്രന്‍ സാന്ദീപനിമഹര്‍ഷിക്കു നഷ്ടമായി. ഒരുവന് ഇഹപരങ്ങളില്‍ താങ്ങാകുന്നതെന്താണ്? അത് അവന്റെ ചാരിത്രശുദ്ധിയാണ്. ആര്‍ജ്ജിത ജ്ഞാനമാണ്. ജീവിതനിഷ്ഠയാണ്. ഗുരു ശിഷ്യനിലേയ്ക്കു പകര്‍ന്നതുമിതാണ്. പക്ഷേ, പിതാവിന് പുത്രനെപ്പോലെ എന്നും താങ്ങാകേണ്ട ജ്ഞാനം ഒരു തുടര്‍ച്ചയാകാനില്ലെങ്കില്‍ പുത്രന്‍ നഷ്ടപ്പെട്ട പിതാവിനെപ്പോലെ ഗുരു ദുഃഖിതനാകും. സാന്ദീപനിക്കുമുണ്ടായത് ഈ ‘പുത്ര’ദുഃഖമായിരുന്നു. സുദീര്‍ഘമായ തന്റെ അധ്യാപനകാലത്തിനിടയില്‍ ആര്‍ജിതജ്ഞാനത്തിനു തുടര്‍ച്ച വന്നുപോയി. പരമ്പരാപ്രാപ്തമായ ജ്ഞാനം സ്വീകരിച്ചവര്‍ക്ക് ഗുരുപ്രീതി ജനകമാംവിധം പ്രയോഗിക്കാന്‍ കഴിയാതെപോയി. വിദ്യ ഫലിക്കാതെ വരുമ്പോള്‍ ഒരുവനുണ്ടാകുന്ന ദുഃഖം അസഹനമെന്നു പറഞ്ഞാല്‍ പോര. അസമാനമാണോ വൃഥ! തന്റെ സ്വത്തവകാശം നേടി തന്നെ വെല്ലുംവിധം ജീവിതം പുലര്‍ത്താന്‍ കരുത്തനായ പുത്രനെന്നപോലെ, തന്നില്‍ നന്ന് വിദ്യനേടി ഗുരുവിനെ വെല്ലുന്ന വിദ്വാനായി പ്രസിദ്ധനാകുന്ന ശിഷ്യനെയാണ് സാന്ദീപനി കൊതിച്ചത്. അത്തരം ഗുരുദക്ഷിണ ചെയ്യാന്‍ ‘ആശ്ചര്യവക്താ കുശലോസ്തു ലബ്ധാ’ എന്ന് ഉപനിഷത്തുദ്‌ഘോഷിക്കുന്നതരം ശിഷ്യനേ സമര്‍ഥനാകൂ. ശ്രീകൃഷ്ണന്‍ ആ അര്‍ഥന സാധിച്ചുകൊടുത്തു.

‘പുത്രനെ’ ‘യമപുരി’യില്‍ ചെന്നാണ് തിരിച്ചുകൊണ്ടുവന്നത്. അതോ, കഠിനമായ കുറേ യത്‌നങ്ങള്‍ക്കു ശേഷം! ആദ്യം സമുദ്രത്തെ-വരുണനെ-വരുതിക്കു നിറുത്തി. ഇത് അനിവാര്യം! ഉപനയനാനന്തരം അഭ്യസ്തവിദ്യനാകുന്ന ആള്‍ ആദ്യം നീന്തിക്കയറേണ്ടത് സമുദ്രത്തെയാണ്. മുന്നിലുള്ള ആ സമുദ്രം സംസാരം തന്നെയാണ്. അതിന് ഇന്ദ്രിയബലമായ ശരീരാഭിമാനത്തെ ജയിക്കണം. പഞ്ചജനന്‍ ശരീരാഭിമാനത്തിന്റെ പ്രതീകമാകുന്നു. പിന്നീട് ഭഗവാന്‍ പാഞ്ചജന്യത്തെ കൈവെടിഞ്ഞിട്ടേയില്ല! അതിനെ കരസ്ഥമാക്കി നാദം മുഴക്കിക്കൊണ്ടേയിരുന്നു; ആസുരതകള്‍ ഞെട്ടത്തകവിധം! ജ്ഞാനമാര്‍ജിച്ച്, ശരീരാഭിമാനം വെടിഞ്ഞ്, സര്‍വേന്ദ്രിയങ്ങളിലും നാദബ്രഹ്മം നിറച്ച് കൃഷ്ണന്‍, സംസാരവാരിധി കടന്ന് ‘സംയമനി’യില്‍ – യമരാജധാനിയിലെത്തി.

യമന്‍ ധര്‍മ്മനാകുന്നു. ധര്‍മ്മനിഷ്ഠയുടെ അധിപന്‍! അദ്ദേഹം വസിക്കുന്നതോ, ‘സംയമനി’യില്‍. സംയമനം ‘സ്വഭാവമാ’യുള്ള സ്ഥലത്തേ ശരീരത്തിലെ ‘യമന്’, ധര്‍മ്മനിഷ്ഠന്, വാഴാനാവൂ! അവിടെയാണ് അനശ്വരജ്ഞാനമാകുന്ന, അദ്ധ്യാത്മവിദ്യയാകുന്ന ഗുരുസുതന്‍! നേരാംവഴികാട്ടിയ ഗുരുവിന്റെ നിര്‍ദേശത്തിലൂടെ യമനിയമാനുഷ്ഠാനം ചെയ്ത്, ശരീരാഭിമാനം ത്യജിച്ച്, എങ്ങും നിറഞ്ഞ നാദബ്രഹ്മത്തെ ധ്യാനിച്ച്, നിരന്തരതപസ്സിലൂടെ, കരണങ്ങളടക്കി വ്യക്തി ‘സംയമനി’ യിലെത്തിച്ചേരുന്നു. ഗുരുപരമ്പരയാ നേടിവച്ച് ജ്ഞാനധനം സ്വീകരിച്ച് അതിനെ പുലര്‍ത്താന്‍ സമര്‍ത്ഥനാകുന്നു. ജ്ഞാനസിദ്ധിയാല്‍ മഹിമയാര്‍ന്ന വ്യക്തി-ശിഷ്യന്‍-തന്റെ ജ്ഞാനപൂതകര്‍മ്മത്തെ-ഗുരുപുത്രനെ-തിരുമുമ്പില്‍ സമര്‍പ്പിച്ച് കൃതാര്‍ത്ഥനാകുന്നു. ഗുരുവും ശിഷ്യനും, ‘ആനന്ദലബ്ധിക്കിനിയെന്തുവേണമെന്ന’ മട്ടില്‍ ചരിതാര്‍ത്ഥരാകുന്നു!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം