ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 26

October 9, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

ജീവാത്മപരമാത്മാക്കളുടെ ഐക്യംതന്നെയാണ് ഈ ദൃഷ്ടാന്തത്തിലൂടെയും വ്യക്തമാക്കുന്നത്.

രാജ്യം നരേന്ദ്രസ്യ ഭടസ്യ ഘേടക:
തയോരപോഹേ നഭടോ നരാജാ
വിവേക ചൂഡാമണി – 244

രാജ്യഭാരം രാജാവിന്റെ ധര്‍മ്മം പരിച ധരിക്കല്‍ ഭടന്റെതും പരിചയും രാജ്യവുമില്ലെങ്കില്‍ ഭടനുമില്ല രാജാവുമില്ല.

ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ അങ്ങനെയാണെങ്കില്‍ അവ ഭിന്നങ്ങളായി തോന്നാന്‍ എന്താണ് കാരണം? പറയാം. പരമാത്മാവിന്റെ ഉപാധിയാണ് മായ. ജീവാത്മാവിന്റെ ഉപാധി പഞ്ചകോശങ്ങളും. ഒന്നായ ജീവ-പരമാത്മാക്കളെ ഭിന്നമായി ധരിച്ചുതരുന്നത് ഈ ഉപാധികളാണ്. ഈ ഉപാധിരൂപേണയുള്ള മായയെനീക്കിയാല്‍ ജീവിതം പരമാത്മാക്കള്‍ക്ക് ഐക്യമായി. ഇത്തരത്തിലുള്ള ബാഹ്യമായ ഭേദഭാവവും ആന്തരികമായ ഐക്യവുമാണ് പ്രകൃതദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുന്നത്.

ഒരു വ്യക്തിയെ നാം മഹാരാജാവ് എന്ന് സംബോധനചെയ്ത് ബഹുമാനിക്കാറുണ്ട്. ആ വ്യക്തി രാജാവ് എന്ന നിലയില്‍ വ്യവഹരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഭരണത്തില്‍ കീഴില്‍ ഒരു രാജ്യം ഉള്ളതുകൊണ്ടാണ്. ഇതുപോലെ ഒരു യുവാവിനെ നമുക്ക് ഒരു ഭടന്‍ എന്ന നിലയില്‍ കാണാം. അയാള്‍ പരിച ധരിച്ചതുകൊണ്ടാണ് അത്തരത്തില്‍ വ്യവഹരിക്കപ്പെടാന്‍ ഇടയാകുന്നത്. അതുകൊണ്ട് പരിചയാണ് ഒരു യുവാവിനെ ഭടനായി കണക്കാക്കാന്‍ വകനല്‍കിയത് എന്നത് തീര്‍ച്ചതന്നെ. സൂക്ഷ്മമായി ആലോചിച്ചാല്‍ ഈ രാജാവും ഭടനും കേവലം മനുഷ്യന്‍തന്നെ. ആ നിലയില്‍ അവര്‍ക്ക് ഭേദവും ഇല്ല. ഇവരെ ഭേദത്തോടുകൂടിയവരാക്കിയത് രാജ്യവും പരിചയുമാണ്. രാജ്യഭരണം ഇല്ലെങ്കില്‍ ആ വ്യക്തി രാജാവല്ല. വെറും ഒരു മനുഷ്യന്‍ അതുപോലെ പരിച എടുത്തുമാറ്റിയാല്‍ ആ വ്യക്തി പിന്നെ ഭടനല്ല. വെറും ഒരു മനുഷ്യന്‍ മാത്രം. ഈ അവസ്ഥയില്‍ ഭടന്റെയും രാജാവിന്റെയും ഭേദം അവസാനിക്കുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ഒന്നായ രാജാവിനെയും ഭടനെയും ഭിന്നമെന്നോണം നാം ധരിക്കാന്‍ ഇടയായത് അവരില്‍ ഭിന്നത നിഴലിപ്പിക്കുന്ന രാജ്യഭരണവും പരിച ധരിക്കലും തന്നെ. ഈശ്വരന്റെയും ജീവാത്മാവിന്റെയും കാര്യവും ഇതുപോലെതന്നെയാണെന്നാണ് ശ്രീശങ്കരന്റെ മതം. മായാവിനിര്‍മുക്തനായ ഈശ്വരനും പഞ്ചകോശവിനിര്‍മുക്തമായ ജീവാത്മാവും ഒന്നുതന്നെ. അപ്പോള്‍ ജീവിതത്തിലെ ഭേദം വെറും ഉപാധിയായ മായയുടെയും പഞ്ചകോശത്തിന്റെയും അസ്തിത്വത്തില്‍ മാത്രമാണ്. ആ ഉപാധികളുടെ അസ്തിത്വം ഇല്ലെങ്കില്‍ രണ്ടും ഒന്നേയൊന്നുതന്നെ. ഈ ഉദാഹരണത്തിലെ രാജാവ് മായോപാധിയോടുകൂടിയ പരമാത്മാവും ഭടനാകട്ടെ പഞ്ചകോശംകൊണ്ട് ആച്ഛാദിതനായ ജീവാത്മാവും. രാജ്യം മായയുടെ സൂചകവും പരിചപഞ്ചകോശങ്ങളുടെ പ്രതീകവും. രാജാവിനെയും ഭടനെയും ഭിന്നരാക്കിക്കാണിച്ചത് രാജ്യം പരചി എന്നീ ഉപാധികളായിരുന്നു. അതുകൊണ്ടു ഉപാധിഗതമായ ഭേദമേ ഉള്ളൂ. വസ്തുതാപരമായി ഭേദമില്ലെന്ന് ധരിക്കാം. ഇതുതന്നെ ദാര്‍ഷ്ടാന്തികത്തിന്റെ കാര്യത്തിലും ജീവേശ്വരന്മാര്‍ക്ക് തമ്മിലുള്ള ഭേദം ഉപാധിഗതം മാത്രം. വസ്തുനിഷ്ഠമായ ഭേദമില്ലെന്ന് ധരിക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം