സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറസ്റ്റില്‍

October 9, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ അറസ്റ്റിലായി. അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സിബിഐ അറിയിച്ചു.  കഴിഞ്ഞ മാസം അവസാനത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിനെ കോഴിക്കോട് സെന്‍ട്രല്‍ കസ്റ്റംസിലേക്ക് സ്ഥലംമാറ്റിയിരുന്നു. അനില്‍ കുമാറിന് സ്വര്‍ണക്കടത്തില്‍ പിടിയിലായ ഫൈസുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായതിനാലാണ് സ്ഥലം മാറ്റിയത്.

സ്വര്‍ണം കടത്തുന്നതിനായി ഫയാസിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സോണി എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ അഷ്‌റഫ്, അബ്ദുള്ള എന്നിവര്‍ക്കു വേണ്ടി കഴിഞ്ഞ ദിവസം കസ്റ്റംസ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍