മുസ്ലീം പക്ഷപാതത്തിനെതിരെ ക്രൈസ്തവസഭ

October 10, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

കേരളത്തില്‍ ഭരണത്തിന്റെ തണലില്‍ മുസ്ലീങ്ങളും ക്രൈസ്തവരും സാമ്പത്തികമേഖല കൊള്ളയടിക്കുകയും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മറ്റുമേഖലകളില്‍ മേല്‍ക്കൈ നേടുകയുമാണ് എന്ന് ഹൈന്ദവസമുദായ നേതാക്കള്‍ പറയാന്‍തുടങ്ങിയിട്ട് എത്രയോ കാലമായി. കേരളത്തിലെ സമൂഹികസന്തുലിതാവസ്ഥ തകര്‍ക്കുന്ന ഈ നടപടി വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പു നല്‍കി. എന്നാല്‍ രാഷ്ട്രീയനേട്ടം കൊയ്തു ഭരണത്തില്‍ കാലുറപ്പിച്ചു നില്‍ക്കാനുള്ള ശ്രമത്തില്‍ ഇതുകേട്ടതായിപ്പോലും ഇരുമുന്നണികളും ഭാവിക്കുന്നില്ല. അല്ലെങ്കില്‍ ഇത് ഹിന്ദുക്കളുടെ ആരോപണമായി അഗണ്യകോടിയില്‍ തള്ളുകയാണ് ഇവര്‍ ചെയ്തുവന്നത്. എന്നാല്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ്് നടത്തുന്ന സ്വജനപക്ഷപാതത്തിനെതിരെ സീറോ മലബാര്‍സഭതന്നെ രംഗത്തെത്തിയിരിക്കയാണ്. ഈ നടപടിയെ കാട്ടുനീതിയെന്നാണ് അല്‍മായ കമ്മീഷന്‍ വിശേഷിപ്പിച്ചത്.

ഒരു പഞ്ചായത്തില്‍ ഒരാളെന്ന ക്രമത്തില്‍ ആയിരംപേരെ ന്യൂനപക്ഷ പ്രമോട്ടര്‍മാരായി നിയമിച്ചതിലാണ് മുസ്ലീം സമുദായം മൃഗീയമായ ഭൂരിപക്ഷം നേടിയിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട നാനൂറ്റി നാല്‍പ്പത് നിയമനങ്ങള്‍ നല്‍കാതെ അവരെ അവഹേളിച്ചുവെന്നാണ് അല്‍മായ കമ്മിഷന്‍ കുറ്റപ്പെടുത്തുന്നത്. നൂറ് പഞ്ചായത്തുകളുള്ള മലപ്പുറത്ത് നൂറ്റിപ്പതിനാലുപേരെ നിയമിച്ചപ്പോള്‍ അതില്‍ ക്രൈസ്തവനായി പേരിനുപോലും ഒരാളില്ല. മലപ്പുറം ജില്ലയില്‍ എണ്‍പതിനായിരത്തിലേറെ ക്രൈസ്തവര്‍ താമസിക്കുന്നുണ്ട്. എഴുപത്തയ്യായിരത്തിലേറെ ക്രൈസ്തവര്‍ താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് നിയമനം നല്‍കിയത്. കണ്ണൂരില്‍ പന്ത്രണ്ടുപേര്‍ക്കും കാസര്‍ഗോഡില്‍ രണ്ടുപേര്‍ക്കും നിയമനം നല്‍കിയപ്പോള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ അവഗണിക്കുകയായിരുന്നു. ആകെ 903 നിയമനങ്ങളില്‍ ക്രൈസ്തവരായി 143പേരെ മാത്രമാണ് നിയമിച്ചത്. സിഖ്, പാഴ്‌സി, ബുദ്ധമത വിഭാഗങ്ങളില്‍പ്പെട്ട ആരെയും നിയമിച്ചിട്ടുമില്ല. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് മുസ്ലീം പക്ഷപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാസം നാലായിരം രൂപയാണ് പ്രതിഫലം. ആ നിലയില്‍ ഒരു വര്‍ഷം ഖജനാവില്‍ നിന്നു നല്‍കുന്നത് 4.8കോടി രൂപയാണ്. മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പലപ്രദമായി നടപ്പാക്കാനുമാണ് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പത്താം ക്ലാസ്സാണ് വിദ്യാഭ്യാസ യോഗ്യത. ജനസംഖ്യാനുപാതികമായി തെരഞ്ഞെടുപ്പു നടത്തണമെന്നാണ് ഉത്തരവില്‍ പരഞ്ഞിരിക്കുന്നത്. എന്നാല്‍ ഭരണത്തിന്റെ ഹുങ്കില്‍ ഇതൊക്കെ കാറ്റില്‍ പറത്തി തന്നിഷ്ടപ്രകാരം തങ്ങളുടെ സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷംപേരെ നിയമിക്കുകയെന്ന ലജ്ജാകരമായ നടപടിയാണ് മുസ്ലീംലീഗ് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തിയിരിക്കുന്നത്. ക്രൈസ്തവര്‍പോലും കാട്ടുനീതി എന്നു വിശേഷിപ്പിക്കത്തക്കവണ്ണമാണ് മുസ്ലീം ലീഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് തെളിവോടെ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്.

ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന്റെ ആശങ്കകള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ക്രൈസ്തവസഭയുടെ പരാതി. കേരളത്തില്‍ ഭരണത്തില്‍ ശക്തമായ സ്വാധീനമുള്ള ക്രൈസ്തവ വിഭാഗത്തിനുപോലും അര്‍ഹതപ്പെട്ടതു നിഷേധിക്കുന്ന ലീഗിന്റെ നടപടി കേരളീയ സമൂഹത്തില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന കാര്യം നീതിനിഷേധത്തിന്റെ ജൈത്രയാത്ര നടത്തുന്നവര്‍ മറക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍