നിയമനിര്‍മ്മാണസഭ കര്‍ത്തവ്യം മറക്കുമ്പോള്‍ നീതിപീഠത്തിന് ഇടപെടേണ്ടിവരും

October 11, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editoral slider-pb-10-10-2013ലോകത്ത് ഇതുവരെ രൂപപ്പെട്ടതില്‍ ഏറ്റവും നല്ലതും ജനവികാരം പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതുമായ ഭരണസമ്പ്രദായമാണ് ജനാധിപത്യം. ആ നിലയിലാണ്ഭാരതം സ്വതന്ത്രമായപ്പോള്‍ ജനാധിപത്യ മാര്‍ഗം തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യപൂര്‍വഘട്ടത്തിലും സ്വതന്ത്ര്യാനന്തരവുമൊക്കെ രാഷട്രീയ പ്രസ്ഥാനങ്ങളെ നയിച്ചവര്‍ മൂല്യാധിഷ്ടിതമായ ജീവിതത്തിലൂടെ മാതൃക സൃഷ്ടിച്ചവരായിരുന്നു. ആദര്‍ശത്തിലൂന്നിയുള്ള ആ ത്യാഗികളുടെ പ്രവര്‍ത്തനം അന്ന് ജനാധിപത്യമാര്‍ഗത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിന് കാരണമായി.

കാലംചെല്ലുന്തോറും ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലും നിയമസഭകളിലുമൊക്കെ കള്ളന്‍മാരും കൊലപാതകികളും അഴിമതിക്കാരുമൊക്കെ കടന്നുവരാനിടയായി. ജനഹിതത്തിനുപരി പണത്തിന്റെയും പേശീബലത്തിന്റെയും അധികാരത്തിന്റെയുമൊക്കെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കള്ളവോട്ടും ബൂത്തുപിടിച്ചടക്കലുമൊക്കെ തെരഞ്ഞെടുപ്പിനെത്തന്നെ അര്‍ത്ഥശൂന്യമാക്കി. ഈ അവസ്ഥയിലാണ് ടി.എന്‍.ശേഷനെന്ന ശക്തനായ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്തെത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാസ്ഥാനത്തിന്റെ ശക്തി അദ്ദേഹത്തിനു തെളിയിക്കാനായി. ഈ കാലയളവില്‍ ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡാണ് തെരഞ്ഞടുപ്പ് പരിഷ്‌കരണത്തിന് തുടക്കമിട്ടതെന്ന് പറയാം. ഒരു പരിധിവരെയെങ്കിലും കള്ളവോട്ട് തടയാന്‍ ഇതിനായി.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണവും ലക്ഷ്യമിട്ട് പല നടപടികളും അനിവാര്യമാണെന്ന് തെരഞ്ഞടുപ്പ് കമ്മീഷനും നിയമക്കമ്മീഷനും പലവട്ടം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയകാരണങ്ങള്‍ മുന്‍നിറുത്തി ഇതു നടപ്പിലാക്കുന്ന കാര്യത്തില്‍ നിഷേധാത്മകനിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ മൂന്നുമാസത്തിനിടെ വന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ അഞ്ചു വിധികള്‍ ജനാധിപത്യപ്രക്രിയയെ സക്രിയമാക്കുന്ന കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നുറപ്പാണ്.

കോടതിവിധികളില്‍ കേന്ദ്രസര്‍ക്കാരിന് അമര്‍ഷമുണ്ടെന്നാണ് സമാനമായ മറ്റൊരുകേസില്‍ നിയമമന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ നിയമംകൊണ്ടുവരുന്നതിന് പാര്‍ലമെന്റിനാണ് പൂര്‍ണ അധികാരമെന്നുമാണ് സര്‍ക്കാരിന്റെ വാദം. നയപരമായ തീരുമാനങ്ങള്‍ ഭരണഘടനാവിരുദ്ധമോ നിയമങ്ങള്‍ ലംഘിക്കുന്നതോ അല്ലെങ്കില്‍ കോടതികള്‍ക്ക് ഇടപെടാന്‍ പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. തെരഞ്ഞെടുപ്പുകമ്മീഷനും നിയമക്കമ്മീഷനും എത്രയോകാലം മുമ്പ് ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കേട്ടഭാവം നടിക്കാതിരുന്നതെന്ത് എന്നചോദ്യമാണ് കോടതി ഇടപെടലിനുള്ള ഉത്തരം.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മത്സരത്തില്‍ നിന്നു വിലക്കല്‍, നിഷേധവോട്ടിനുള്ള അവസരം, വോട്ടുരേഖപ്പെടുത്തുന്നവര്‍ക്കുള്ള രസീത് നല്‍കല്‍ തുടങ്ങിയവയാണ് സുപ്രീംകോടതി വിധിയിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ജനാധിപത്യം ശക്തിപ്പെടുമ്പോള്‍ ഭയം ഉണ്ടാകുന്നത് ജനപിന്തുണയില്ലാത്തവര്‍ക്കാണ്. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. തെരഞ്ഞെടുപ്പു പരിഷ്‌കരണം എന്നത് വര്‍ഷങ്ങളായി ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതാണ്. അതിന് ഉന്നത ഭരണകൂടത്തിന് ഇടപെടേണ്ടിവന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരാജയമാണ്. പരമോന്നത നീതിപീഠം ഇപ്പോഴെങ്കിലും ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ഭാരതത്തിലെ ജനകോടികള്‍ക്ക് നഷ്ടപ്പെടുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍