നിയമനത്തട്ടിപ്പ്‌ ആരംഭിച്ചത്‌ അഭിലാഷ്‌: ജെ.പി

December 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: വയനാട്‌ നിയമനത്തട്ടിപ്പ്‌ ആരംഭിച്ചത്‌ അഭിലാഷ്‌ പിള്ളയാണെന്ന്‌ കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ കീഴടങ്ങിയ ജെ.പി എന്ന ജനാര്‍ദ്ദനന്‍ പിളള. ആദ്യം ബന്ധു സൂരജ്‌ കൃഷ്‌ണയെയാണ്‌ അഭിലാഷ്‌ നിയമിച്ചത്‌. പിന്നീട്‌ ഇത്‌ സ്‌ഥിരം ബിസിനസാക്കുകയായിരുന്നു. തന്നോട്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌ അഭിലാഷിന്റെ ബന്ധുവായ മധുപലാണെന്നും ജെ.പി പറഞ്ഞു. ആദ്യം താന്‍ ജോലി ശരിയാക്കിക്കൊടുത്തത്‌ വിമലിനും ഗോപകുമാറിനുമായിരുന്നു. പിന്നെ ഇത്‌ സ്‌ഥിരമാക്കാന്‍ പദ്ധതിയിട്ടു. രണ്ടുപേരെക്കൂടി നിയമിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതു നടന്നില്ല. തമ്പാനൂരിലെ ഉപാസനാ ലോഡ്‌ജില്‍ വച്ചായിരുന്നു ആസൂത്രണം. ശബരി, ജ്യോതി, കണ്ണന്‍ എന്നിവര്‍ വന്നത്‌ കടലുണ്ടി സ്വദേശി രവി എന്ന ഇടനിലക്കാരന്‍ വഴിയാണെന്നും ജെ.പി മൊഴി നല്‍കിയിട്ടുണ്ട്‌. ഇന്നലെ രാത്രി രണ്ടരയോടെയാണ്‌ ജെപിയെ വയനാട്ടിലെത്തിച്ചത്‌. ചോദ്യംചെയ്യലിനു ശേഷം ഇയാളെ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ കോടതിയില്‍ ഹാജരാക്കും.
രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനിടെ അഭിലാഷ്‌ നടത്തിയ വെളിപ്പെടുത്തലില്‍ ആരോപണം ഏറെയും ജെ.പിക്കു നേരെയായിരുന്നു. വ്യാജനിയമനം ആസൂത്രണം ചെയ്‌ത ആറംഗ സംഘത്തിന്റെ തലവന്‍ ജെ.പി യാണെന്നായിരുന്നു അഭിലാഷിന്റെ മൊഴി. ഈ പശ്‌ചാത്തലത്തില്‍ ജെ.പി പിടിയിലായത്‌ അന്വേഷണ സംഘത്തിനു നല്‍കുന്ന ആശ്വാസം ചെറുതല്ല. ജെ.പി.യില്‍ നിന്ന്‌ അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന്‌ പൊലീസ്‌ കരുതുന്നു. വിശേഷിച്ച്‌ ഇടനിലക്കാര്‍ ആരൊക്കെയെന്നും ഇവരുടെ റോള്‍ എന്തെന്നുമാണ്‌ അറിയേണ്ടത്‌.
അതേസമയം, പ്രതികളിലൊരാളും വ്യാജ നിയമനത്തിലൂടെ മാനന്തവാടി റീസര്‍വ്വേ ഓഫീസില്‍ ജോലി നേടുകയും ചെയ്‌തിരുന്ന കൊല്ലം സ്വദേശി ഗോപകുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച്‌ പ്രത്യേക അന്വേഷണം വേണ്ടിവരും. മരിച്ചത്‌ ഗോപകുമാര്‍ തന്നെയാണെന്ന്‌ പൊലീസ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം