വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് മുഖ്യപങ്ക്: മുഖ്യമന്ത്രി

October 10, 2013 കേരളം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രമുഖ പങ്ക് വഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രീയ വിദ്യാലയ സങ്കതന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയം കനകക്കുന്നില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും വിദ്യാഭ്യാസം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നീ നേട്ടങ്ങള്‍ കൈവരിക്കുന്നതിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണ്. വിദ്യാഭ്യാസ മേഖലയ്ക്കും, വിദ്യാഭ്യാസം എന്ന അവകാശത്തിനും നമ്മുടെ രാജ്യം വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനവും മാനദണ്ഡവും വിദ്യാഭ്യാസം തന്നെയാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെ.വി.എസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.പ്രഭാകര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രീയ വിദ്യാലയ പ്രതിനിധികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് പട്ടം,പാങ്ങോട് പള്ളിപ്പുറം, ആക്കുളം,എസ്എപി,കൊല്ലം എന്നീ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു. പരിപാടിയോടനുബന്ധിച്ച് കേന്ദ്രീയ വിദ്യാലയങ്ങളുടെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും നടന്നു. വിവിധകേന്ദ്രീയ വിദ്യാലയ പ്രതിനിധികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം