എല്‍.പി.ജി പമ്പുകളുടെ പരിശോധനാ സംവിധാനം മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്തു

October 10, 2013 കേരളം

തിരുവനന്തപുരം: വാഹനങ്ങളില്‍ ഇന്ധനമായി നിറയ്ക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ലഭ്യമാകുന്ന പമ്പുകളില്‍ പരിശോധന നടത്താനും മുദ്രവയ്ക്കാനുമുള്ള സൗകര്യം സംസ്ഥാനത്ത് നിലവില്‍ വന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. എല്‍.പി.ജി പമ്പുകള്‍ പരിശോധിക്കാനും മുദ്രവയ്ക്കാനും സൗകര്യമുള്ള രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ ഫ്യൂവല്‍ എന്നും അറിയപ്പെടുന്ന എല്‍.പി.ജി മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെക്കുറച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മാത്രമേ പുറത്തുവിടൂ എന്നതിനാല്‍ പരിസരമലിനീകരണവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. പെട്രോളിനേക്കാള്‍ ഇന്ധനക്ഷമതയും കൂടുതലാണ്.മാര്‍ക്കറ്റിങ് രംഗത്തെ ചൂഷണം അവസാനിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ അളവില്‍ ഇന്ധനം ലഭ്യമാക്കാനുമാണ് പരിശോധനാ സൗകര്യം സജ്ജമാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം രൂപ വിലയുള്ളതാണ് പരിശോധനാസംവിധാനം.

എല്‍.പി.ജിയുടെ അളവില്‍ കൃത്യത ഉറപ്പാക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. പ്രിയദര്‍ശിനി പ്ലാനറ്റോറിയം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.കെ. അന്‍സജിതാറസ്സല്‍, കൗണ്‍സിലര്‍ മേരിപുഷ്പം ഐ.ഒ.സി ജനറല്‍ മാനേജര്‍ എ.പാണ്ഡ്യന്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ പി.മേരിക്കുട്ടി ബി.പി.സി.എല്‍ സീനിയര്‍ മാനേജര്‍ വി.എം.ഐസക് തുടങ്ങിയവര്‍ സംസാരിച്ചു. പരിശോധനാ സംവിധാനം ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തുന്നതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നേരില്‍ക്കണ്ട് മനസ്സിലാക്കി. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം