തിരുവിഗ്രഹദര്‍ശനം

October 15, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 33)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

യമദിശയിലൂടെയത്തിരുനടയിലെത്തിനിന്‍
ഉദയദിശിനോക്കുമാത്തിരുവുടല്‍തൊഴുന്നേന്‍.

siva-tkതിരുമാന്ധാംകുന്ന് ക്ഷേത്രമിരിക്കുന്നത് പേരു സൂചിപ്പിക്കുന്നതുപോലെ അല്പം ഉയര്‍ന്ന പ്രദേശത്താണ്. തെക്കു വശത്തുകൂടിയാണ് ക്ഷേത്രത്തിലെത്തിച്ചേരേണ്ടത്. തെക്കുനിന്ന് വടക്കോട്ട് കയറിച്ചെന്നാല്‍ കിഴക്കോട്ടു ദര്‍ശനമായി വിളങ്ങുന്ന ശ്രീപരമേശ്വരനെ കാണാന്‍ സാധിക്കും. അതാണ് ഇവിടെ പരാമൃഷ്ടമായിരിക്കുന്ന വസ്തുത. സൂക്ഷ്മമായി ആലോചിച്ചാല്‍ ഇതു ഓരോ ജീവനും കോടിക്കണക്കിനു വര്‍ഷങ്ങളായി അനുഷ്ഠിക്കുന്ന ആദ്ധ്യാത്മിക മുന്നേറ്റത്തിന്റെ പ്രതീക്ഷകൂടിയാണെന്നു മനസ്സിലാകും. അറിഞ്ഞാലുമറിഞ്ഞില്ലെങ്കിലും സമ്മതിച്ചാലും സമ്മതിച്ചില്ലെങ്കിലും ഓരോ ജീവനും അനാദിയാലാരംഭിച്ച ജീവിതയാത്രയ്ക്ക് പരമമായ ഒരു ലക്ഷ്യമുണ്ട്. അനേകകോടി ജന്മങ്ങളിലൂടെ ജീവന്‍മാര്‍ മിഥ്യാകല്പിതമായ അബദ്ധധാരണകള്‍ ക്രമേണവെടിഞ്ഞ് സ്വന്തം സത്യസ്വരൂപത്തെ പാര്യന്തികമായി സാക്ഷാത്കരിക്കുന്നു. ഗുരുപദേശവും ശാസ്ത്രാദ്ധ്യയനവും ആചാരാനുഷ്ഠാനങ്ങളും അതിനുവേണ്ടിയുള്ളതാണ്. വര്‍ണ്ണധര്‍മ്മങ്ങളുടെയും ആശ്രമധര്‍മ്മങ്ങളുടെയും ലക്ഷ്യവും അതുതന്നെ.

ജനനമരണാത്മകമായ ജീവിതയാത്ര അവസാനിക്കുന്നത് സത്യസാക്ഷാത്കാരത്തില്‍ അഥവാ ശിവദര്‍ശനത്തിലാണ്. അതാണ് ഉദയദിശിനോക്കുന്ന ശിവന്റെ തിരുവുടലിന്റെ ദര്‍ശനം. അങ്ങോട്ടുകടന്നുവരുന്നത് യമദിശയിലൂടെയാണ്. ജനനമരണങ്ങളെ അതിലംഘിക്കുന്നു. ഇതാണു മൃത്യുഞ്ജയത്വം. ഒരു ജീവിയും വിനാശമിഷ്ടപ്പെടുന്നില്ല. ആരും ആഗ്രഹിക്കുന്നത് ദുഃഖനിവൃത്തിയാണ്. കാലനെ ജയിച്ച കാലകാലസാക്ഷാത്കാരമാണ് അതിനുള്ള ഒരേ ഒരുപാധി. അതു നേടിയ മഹാത്മാവ് മരണത്തെ അതിലംഘിച്ചിരിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം