ദേവീ ഉപാസകനായ ജഗദ്ഗുരു

October 12, 2013 സനാതനം

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

നിത്യം ശ്രീ നീലകണ്ഠം ഹൃദയമണിഗൃഹേ
സന്നിധായാത്മരൂപം
ഭക്ത്യാ സംപൂജ്യരാമം ജനകദുഹിതരം
മാരുതിം ചൈകദന്തം,
അംബാം വിശ്വാത്മികാം യോ ഭജതിച പണിമൂ-
ലാധിവാസാം തമീഡേ
സത്യാനന്ദാഭിധാനം കലിമലമഥനം
ബ്രഹ്മവിദ്യാ നിധാനം.

swamiji-devi-pb-1പ്രപഞ്ചമാതാവായ ആദിപരാശക്തിയുടെ പരമഭക്തനാണ് 2006 നവംബര്‍ 24നു മഹാസമാധിപൂണ്ട ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍. ജഗദംബികയുടെ  സ്മരണമാത്രയില്‍ ആ മുഖം അലൗകികാനന്ദമഗ്നമാകുന്നതും കണ്ണുകള്‍ ഈറനണിയുന്നതും പാണികള്‍ അര്‍ച്ചനാഭാവമവലംബിക്കുന്നതും വാക്കുകള്‍ മന്ത്രസമാനത കൈവരിക്കുന്നതും ശ്രദ്ധാലുക്കളായുള്ളവര്‍ ധാരാളം കണ്ടിട്ടുണ്ട്.  ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ മഠാധിപതിയായ സ്വാമിജിയുടെ (മഹാസമാധിക്കുശേഷവും മഠാധിപതി തൃപ്പാദങ്ങള്‍ തന്നെ) ഉപാസനാമൂര്‍ത്തി ദേവിയാണ്. ലോകമാതാവ് സ്വാമിജിക്കു പ്രത്യക്ഷമൂര്‍ത്തിയായിരുന്നു എന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം. ആഗ്രഹിക്കുമ്പൊഴെല്ലാം അമ്മ സ്വസ്വരൂപത്തില്‍ അദ്ദേഹത്തിനു ദര്‍ശനം നല്‍കിയിരുന്നു. സ്വാമിജിയുടെ ചോദ്യങ്ങള്‍ക്ക് ജ്ഞാനസ്വരൂപിണിയായ ദേവി എപ്പോഴും മറുപടി നല്‍കിയിരുന്നു. ഓരോ ശ്വാസവും ആ യതിവര്യന് പ്രപഞ്ചജനനിയുടെ ഉപാസനത്തിനു മാത്രമുള്ളതായിരുന്നു. ദേവീപൂജയൊഴിഞ്ഞ് യാതൊന്നും തന്നെ അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നില്ല. കണ്ണില്‍ പെട്ടതെല്ലാം ദേവീവിഗ്രഹങ്ങള്‍. കാതില്‍ പതിഞ്ഞതെല്ലാം ദേവീസ്തുതികള്‍. നാവിലുദിച്ചതെല്ലാം ദേവീമന്ത്രങ്ങള്‍. കൈകള്‍ നിര്‍വഹിച്ചതെല്ലാം ദേവീപൂജകള്‍. ഇതായിരുന്നു സ്വാമിജിയുടെ ജീവിതം.  പ്രപഞ്ചം മുഴുവന്‍ ആ മഹാത്മാവിന് ലളിതാംബിക മാത്രമായിരുന്നു.

ശ്രീകൃഷ്ണനും ദേവിയും

ദേവിയോട് ജഗദ്ഗുരുവിനുള്ള ഭക്തിക്ക് ബാല്യം മുതല്‍ക്കാരംഭിക്കുന്ന സുദീര്‍ഘചരിത്രമുണ്ട്. ഒരുപക്ഷേ ആ ചരിത്രത്തിന് കടന്നുപോയ അനേകം ജന്മങ്ങളുടെ ദൈര്‍ഘ്യവുമുണ്ടാകാം. വേദാന്തശാസ്ത്രപരമായി ചിന്തിച്ചാല്‍ അതങ്ങനെയാകാനേ വഴിയുള്ളു. കടന്നുവന്ന യോഗാത്മകമായ ജന്മങ്ങളുടെ തുടര്‍ച്ചയാണല്ലൊ ഇത്. അതാണല്ലൊ ആ യോഗിവര്യന്റെ അവതാരപദവിക്കാസ്പദവും. അല്ലെങ്കില്‍ ഈ വിധം എല്ലാം തികഞ്ഞ ഒരു യതിശ്രേഷ്ഠനെ നമുക്കു ലഭിക്കുമായിരുന്നില്ല. ശൈശവത്തില്‍ ശ്രീകൃഷ്ണനോടായിരുന്നു അദ്ദേഹത്തിനാഭിമുഖ്യം. എളുപ്പത്തില്‍ പിടിതരുന്ന പൂജാമൂര്‍ത്തിയല്ല കൃഷ്ണന്‍. എങ്കിലും ആ ഇളംപ്രായത്തിലേ ദ്വാരകാനാഥന്‍ സ്വാമിജിക്കു ദര്‍ശനമരുളി. അതു ആ മഹാതപസ്വിയുടെ ധ്യേയനിഷ്ഠയ്ക്കു അന്നേ ലഭിച്ച അംഗീകാരമാണ്. ശ്രീകൃഷ്ണ സാക്ഷാത്കാരാനന്തരമാണ് സ്വാമിജിയുടെ നിഷ്ഠ ദേവിയില്‍ കേന്ദ്രീകൃതമാകുന്നത്.  അദ്ദേഹം ജനിച്ചുവളര്‍ന്ന പണിമൂല എന്ന ഗ്രാമത്തിലെ മുഖ്യദൈവതം ദേവിയാകുന്നു. ദേവിയുടെ  അവതാരമായ സ്വന്തം മാതാവിനോടൊപ്പം (ഭാരതീയനു പെറ്റമ്മ ആദിരപാശക്തിയുടേ അവതാരമാണെന്ന തത്ത്വം മറക്കാതിരിക്കുക) പണിമൂല ദേവീ ക്ഷേത്രത്തിലെ ജഗന്മാതൃദര്‍ശനം ഇളം പ്രായത്തിലേ ആ മനസ്സിനെ ദേവ്യുപാസനയില്‍ ഉറപ്പിച്ചു. ശ്രീകൃഷ്ണദര്‍ശനത്തിനും ദേവ്യുപാസനത്തിനു പരസ്പരമുള്ള പൊരുത്തം ഭാരതീയ വേദാന്തപദ്ധതിയിലേക്കു വെളിച്ചം വീശുന്നു. പ്രപഞ്ചത്തെ മുഴുവന്‍ നിലനിര്‍ത്തുന്ന വൈഷ്ണവ ചൈതന്യം ദേവിയാകുന്നു. അതിനാല്‍ ശ്രീകൃഷ്ണസോദരിയാണു ദേവിയെന്ന് ഇതിഹാസ പ്രസിദ്ധിയുണ്ട്. ‘അമ്മേ നാരായണ’  എന്നും ‘പദ്മനാഭ സോദരീ ഗൗരീ’  എന്നും മറ്റുമുള്ള ആപ്തവചനങ്ങള്‍ ഈ തത്ത്വം പ്രകാശിപ്പിക്കുന്നു.

സര്‍വജഗന്മയി

നാം കാണുന്ന ഈ ലോകം സങ്കല്പാതീതമാംവണ്ണം എത്രയോ വലുതാണ്. കണ്ണുകള്‍ക്കു വിഷയമാകുന്നത് അല്പം മാത്രം. ഈ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണ് ദേവി. ചെറുതോ വലുതോ എന്ന ഭേദമില്ലാതെ എല്ലാറ്റിനുള്ളിലും പുറത്തും ദേവി നിറഞ്ഞു നില്‍ക്കുന്നു. മനുഷ്യനായും മൃഗമായും പക്ഷിയായും വൃക്ഷമായും വല്ലികളായും കല്ലും പര്‍വ്വതവും മഹാസമുദ്രങ്ങളുമായും സൂര്യചന്ദ്ര നക്ഷത്രാദികളായും കാണപ്പെടുന്നതെല്ലാം ദേവിയാണ്. ദേവിയല്ലാതെ വേറൊരു വസ്തു എങ്ങുമില്ല. സര്‍വജഗന്മയിയാണു ദേവിയെന്നു വ്യക്തം. ഈ മഹാതത്ത്വം സാക്ഷാത്കരിച്ച യതിവര്യനാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍. പ്രത്യക്ഷമായ പ്രസ്തുതാദനുഭവമാണ് അദ്ദേഹത്തെ ജഗദ്ഗുരുവാക്കിത്തീര്‍ത്തത്.

ലോകമുണ്ടാകും മുമ്പ് പരമാത്മാവുമാത്രമേ ഉണ്ടായിരുന്നുള്ളു. ലോകസൃഷ്ടിക്ക് അദ്ദേഹം നിശ്ചയിച്ചു. ആ സങ്കല്പമാണ് ഓങ്കാരമന്ത്രം. നിശ്ചലമായ പരമാത്മാവില്‍ ഉണ്ടായ ആദ്യസ്പന്ദനമാണ് അത്. ഓങ്കാരത്തിന്റെ കാലദേശാതീതമായ ചതുര്‍ത്ഥപാദമാണ് പ്രസ്തുത സ്പന്ദം. അതാണു ആദിപരാശക്തി അഥവാ ലളിതാംബിക. പരമാത്മാവിനും ദേവിയ്ക്കും തമ്മില്‍ ഇവിടെ യാതൊരു ഭേദവുമില്ല. ശിവശക്തൈ്യക്യ രൂപിണിയെന്നും ചിച്ഛക്തിയെന്നും ചേതനാരൂപയെന്നുമെല്ലാം ആദിപരാശക്തിയെ ലളിതാസഹസ്രനാമം കീര്‍ത്തിച്ചിരിക്കുന്നത് അതുകൊണ്ടാണ്. കാലദേശങ്ങളില്ലാത്ത ഈ ആദിമസ്പന്ദം ബ്രഹ്മവസ്തുവില്‍ തുടങ്ങുമ്പോള്‍ കോടാനുകോടി ബ്രഹ്മാണ്ഡങ്ങളുണ്ടാകുന്നു. പ്രസ്തുത സ്പന്ദം പര്യവസാനിക്കുമ്പോള്‍ പ്രപഞ്ചങ്ങളെല്ലാം തിരിച്ചു പരമാത്മാവില്‍ ലയിക്കുന്നു. ഈ വിധമായ സൃഷ്ടിക്കും മഹാപ്രളയത്തിനുമിടയ്ക്ക് അനേകം കല്പങ്ങള്‍ (ബഹുകോടി മനുഷ്യവര്‍ഷങ്ങള്‍) കടന്നുപോകുന്നു. ‘ഉന്മേഷ നിമേഷോത്പന്ന വിപന്ന ഭുവനാവളൈ്യ നമഃ’ എന്നു ലളിതാസഹസ്രനാമം ദേവിയുടെ സൃഷ്ടിസ്ഥിതിലയലീലയെ പ്രകീര്‍ത്തിച്ചിരിക്കുന്നു. കാലബദ്ധമാത ജഗത്ത് കാലരഹിതയായ ദേവിയിലാണ് ഉണ്ടായി നിലനിന്നു വിലയം പ്രാപിക്കുന്നത്. ദേവിയുടെ ഇച്ഛാനുസാരമല്ലാതെ അന്നുമുതല്‍ അണ്ഡകടാഹങ്ങള്‍വരെ യാതൊന്നിനും ഇവിടെ സ്പന്ദിക്കുകപോലും സാദ്ധ്യമല്ല. അതിനാല്‍ സമസ്തപ്രപഞ്ചവും സര്‍വകര്‍മ്മങ്ങളും ജഗന്മതാവിനെ ആശ്രിയിച്ചിരിക്കുന്നു. ലോക കല്യാണകരമായ ബഹുകോടികര്‍മ്മങ്ങള്‍ അനുഷ്ടിക്കാനവതരിച്ച സ്വാമിജി ശക്തിസ്വരൂപിണിയായ ദേവിയുടെ ഉപാസകനായി മാറിയതിനു കാരണവും വേറൊന്നല്ല.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം