ടിന്റു ലൂക്കയ്ക്കും വി. ഡിജുവിനും ജി.വി. രാജാ അവാര്‍ഡ്

October 12, 2013 കായികം

തിരുവനന്തപുരം: ജി.വി. രാജാ അവാര്‍ഡ് ടിന്റു ലൂക്കയ്ക്കും വി. ഡിജുവിനും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2012-ല്‍ അന്തര്‍ദേശീയ നിലവാരത്തില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന പുരുഷ-വനിതാ കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡ് 2010 -11, 2011 -12 വര്‍ഷത്തെ കായിക മികവ് മാനദണ്ഡമാക്കിയാണ് നിശ്ചയിച്ചത്.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന 19-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ (ഷട്ടില്‍) കായിക ഇനത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് വെള്ളി മെഡല്‍ കരസ്ഥമാക്കിയ പ്രകടനമാണ് അന്തര്‍ദേശീയ ബാഡ്മിന്റണ്‍ (ഷട്ടില്‍) താരം വി. ഡിജുവിനെ 2012 ലെ പുരുഷ വിഭാഗം ജി.വി. രാജാ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2010-ല്‍ ചൈനയിലെ ഗ്വാഗ്ഷൂവില്‍ നടന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ കരസ്ഥമാക്കിയ പ്രകടനവും, 2011 ജൂലൈയില്‍ ജപ്പാനിലെ കോബേയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ പ്രകടനവുമാണ് അന്തര്‍ദേശീയ അത്‌ലറ്റ് ടിന്റു ലൂക്കയെ 2012 ലെ .വനിതാ വിഭാഗത്തിലെ ജി.വി. രാജ അവാര്‍ഡിന് അര്‍ഹയാക്കിയത്. മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്, ദൃശ്യമാധ്യമ പരിപാടി, മികച്ച കായിക ഫോട്ടോഗ്രാഫി മുതലായ അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പുതുതായി കായികപരിശീലകര്‍ക്കുള്ള അവാര്‍ഡും മികച്ച കായിക രംഗത്തെ കോളേജ്, സ്‌കൂള്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകളും ഏര്‍പ്പെടുത്തും. സ്‌പോര്‍ട്‌സ് രംഗത്ത് മികച്ച സംഭാവന നല്‍കിയ മുന്‍ കായികതാരങ്ങളായ പപ്പന്‍, വി.പി. സത്യന്‍, ഹേമചന്ദ്രന്‍ എന്നിവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രത്യേക അംഗീകാരം നല്‍കും. കായിക രംഗത്ത് കേരളത്തിന്റെ അഭിമാനമായ ടോം ജോസഫിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍വകലാശാലകളേയും ഒരു കുടക്കീഴില്‍ അണിനിരത്തി കോളേജ് ഗെയിംസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2014 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് വിവിധ വേദികളിലായി മത്സരങ്ങള്‍ നടത്തും. ചാമ്പ്യന്‍മാരാകുന്ന ടീമിന് രാജീവ്ഗാന്ധി എവര്‍ റോളിങ് ട്രോഫിയും പുരുഷ-വനിതാ ചാമ്പ്യന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും നല്‍കും. ഗെയിംസില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിവ നേടുന്ന കോളേജുകള്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരത്തി അഞ്ഞൂറ്, അയ്യായിരം എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും ടീമുകള്‍ക്കും ആയിരത്തി അഞ്ഞൂറ്, എഴുന്നൂറ്, അഞ്ഞൂറ് വീതം ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അധ്യക്ഷയും എസ്. രാജീവ് (സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം) പത്രോസ് പി. മത്തായി (കേരള യൂണിവേഴ്‌സിറ്റി മുന്‍ കായിക വകുപ്പ് മേധാവി & മുന്‍ സായ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) ഡോ. ടോണി ഡാനിയേല്‍ (അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ്), ജോണ്‍ സാമുവല്‍ (നാഷണല്‍ ഗെയിംസ് ഇലക്ട്രോണിക്‌സ് മീഡിയ അഡൈ്വസര്‍) ഒളിമ്പ്യന്‍ കെ.എം. ബീനാമോള്‍, ഒളിമ്പ്യന്‍ ബോബി അലോഷ്യസ് (അസിസ്റ്റന്റ് സെക്രട്ടറി, (ടെക്‌നിക്കല്‍) കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍) പി.എസ്. അബ്ദൂള്‍ റസാക്ക് (കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി) എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജി.വി. രാജ അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം