മലയാളം ട്രാന്‍സിലേഷന്‍ മിഷന്‍ രൂപീകരിക്കും – മന്ത്രി കെ.സി. ജോസഫ്

October 12, 2013 കേരളം

തിരുവനന്തപുരം: മലയാളം ട്രാന്‍സിലേഷന്‍ മിഷന്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക-പി.ആര്‍.ഡി മന്ത്രി കെ.സി ജോസഫ് സെക്രട്ടേറിയറ്റ് പി.ആര്‍. ചേമ്പറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മലയാളത്തിന്റെ പ്രാമുഖ്യവും ശ്രേഷ്ഠതയും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്ന് ശ്രേഷ്ഠഭാഷാ ദിനമായി ആചരിക്കും.

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും വിവിധ അക്കാദമികളുടെ സഹകരണത്തോടെ മലയാള ഭാഷയുടെ വികസനം സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ നവംബര്‍ ഒന്നിന് പ്രത്യേക അസംബ്ലികള്‍ ചേരാനും ഭാഷാ പ്രതിജ്ഞയെടുക്കാനും വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളിലും മലയാളഭാഷാ വികസന സെമിനാറുകള്‍ സംഘടിപ്പിക്കും. തമിഴ് ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി അനുവദിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ ക്ലാസിക് പദവി ലഭിച്ച ഭാഷകള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് തമിഴ്‌നാടിന് ലഭിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ മലയാളത്തിനും സൗകര്യം ലഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മലയാളത്തിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ മലയാളം തിരുവനന്തപുരം ആസ്ഥാനമായി സ്ഥാപിക്കുന്നതിന് കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം പ്രത്യേകമായി പാഠ്യവിഷയമായി ഇല്ലാത്ത സര്‍വകലാശാലകള്‍ക്ക് പുതിയ മലയാളം കോഴ്‌സും ചേമ്പറും അനുവദിക്കും. സംക്ഷേപവേദാര്‍ത്ഥം പോലുള്ള ആയിരം ശ്രേഷ്ഠ മലയാള ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സാഹിത്യ അക്കാദമി മുഖേന ഗവേഷണത്തിനായി അവസരം ഒരുക്കും. മലയാളത്തിന്റെ ഭാഷാസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ആധുനിക ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുഖേന ലഭ്യമാക്കും. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. വിവിധ അക്കാദമികളോട് മലയാളം ഭാഷയ്ക്കായി അവരവരുടെ മേഖലകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. കാസര്‍കോട്ടെയും മൂന്നാറിലേയും സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടി സ്വികരിക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം