വിജയദശമി സന്ദേശം

October 14, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Swamiji Akshara punnyam (File photo)

ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകരുന്നു. (ഫയല്‍ ചിത്രം)

അറിവിന്റെ വെളിച്ചത്തിലേക്ക് കുരുന്നുകള്‍ ആദ്യ ചുവടുവയ്ക്കുന്ന പുണ്യദിനമാണ് വിജയദശമി. ഭാരതീയ പാരമ്പര്യത്തിലെ അതിശ്രേഷ്ഠമായ ഗുരുശിഷ്യബന്ധത്തിന്റെ തുടക്കംകൂടിയാണത്. ഇരുട്ട് നീക്കി ജ്ഞാനത്തിന്റെ സൂര്യതേജസ്സ് ആത്മാവില്‍ പകരുന്ന ധര്‍മ്മപുരുഷനാണ് ഗുരു. ലോകത്ത് മറ്റ് ഒരിടത്തും ഇതുപോലെ ഗുരുശിഷ്യ ബന്ധത്തിന്റെ ബലവത്തായ കണ്ണികള്‍ ഉണ്ടോയെന്നു സംശയമാണ്.

മാതാപിതാഗുരുദൈവം എന്നാണ് ആപ്തവാക്യം. ദൈവത്തിനു മുമ്പേയാണ് ഗുരുവിനു സ്ഥാനം. ദൈവം എന്തെന്ന് കാട്ടിക്കൊടുക്കാന്‍ കെല്‍പ്പുള്ള നാഥനാണ് ഗുരു. ആ നിലയില്‍ വിജയദശമിയില്‍ ഗുരുവിനുള്ള സ്ഥാനം അദ്വിതീയമാണ്. ഇന്ന് ഗുരു ശിഷ്യ ബന്ധത്തില്‍ പോറലേല്‍ക്കുകയും ഗുരുഹത്യപോലും നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. മൂല്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയാണോ നമുക്കു മുന്നിലുള്ളതെന്ന് സംശയമുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ വിജയദശമി ദിവസം ഭാരതീയ പാരമ്പര്യം മുന്നില്‍വയ്ക്കുന്ന മൂല്യബോധത്തെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

പരമ്പരാഗതമായതെല്ലാം പഴഞ്ചനാണെന്ന ചിന്ത എങ്ങനെയൊക്കെയോ യുവതലമുറയിലെ കുറേപേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന പല തെറ്റായ കാര്യങ്ങള്‍ക്കും കാരണം. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ അഭാവം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാകും. ഭാഷയും ശാസ്ത്രവും കമ്പ്യൂട്ടറുമൊക്കെ പഠിക്കുന്നതോടൊപ്പം മാതാപിതാക്കളെയും മുതിര്‍ന്നവരെയും ഗുരുക്കന്മാരെയുമൊക്കെ ബഹുമാനിക്കാനും ആദരിക്കാനും ഒക്കെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മുന്‍ തലമുറകള്‍ ഇതൊക്കെ അവരുടെ പൂര്‍വികരില്‍നിന്ന് കണ്ടു പഠിച്ചതാണ്. എന്നാല്‍ പുരോഗമനത്തിന്റെ പേരില്‍ പഴയതൊക്കെ തെറ്റാണെന്ന് പഠിപ്പിച്ചതിന്റെ പ്രത്യാഘാതമാണ് നമ്മള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ ഒരു എഞ്ചനീയറിംഗ് കോളജ് പ്രിന്‍സിപ്പാളെ മൂന്ന് വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്ന സംഭവം ഗുരുഹത്യയുടെ വര്‍ത്തമാനകാലത്തെ പൊള്ളുന്ന ഏടാണ്. ഇവിടെയാണ് ഭാരതീയ ഗുരു പരമ്പര മുന്നോട്ടുവച്ച ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത എന്താണെന്ന് നാം അറിയേണ്ടത്.

ഗുരുശിഷ്യ ബന്ധം എന്നത് ആത്മീയ തലത്തില്‍മാത്രമല്ല. ജ്ഞാനം കാട്ടുന്ന ഗുരുവും അറിവുനല്‍കുന്ന ഗുരുവും ഒക്കെ ഗുരുതന്നെയാണ്. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരുക്കന്മാരെ പ്രണമിക്കാതെ ഒരു വ്യക്തിക്കും ജീവിതത്തിന്റെ വിശാലമായ ഭൂമിയിലൂടെ സഞ്ചരിക്കാനാവില്ല. വിജയദശമി എന്നത് ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത ഓര്‍മ്മിക്കുന്ന ദിനംകൂടിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍