ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ഒക്‌ടോബര്‍ 15 മുതല്‍

October 12, 2013 പ്രധാന വാര്‍ത്തകള്‍

Thirunadaതിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരള പോലീസ് നടപ്പിലാക്കിവരുന്ന വിര്‍ച്വല്‍-ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഒക്‌ടോബര്‍ 15 ന് ആരംഭിക്കും. വിര്‍ച്വല്‍ ക്യു സംവിധാനം വഴി ബുക്ക് ചെയ്തുവരുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യു നില്‍ക്കാതെ തന്നെ പമ്പയില്‍ നിന്നും സന്നിധാനം നടപ്പന്തല്‍ വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ശബരിമല വിര്‍ച്വല്‍-ക്യുവില്‍ രജിസ്റ്റര്‍ ചെയ്യാന്‍www.sabarimalaq.com എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കണം. ഈ പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന സമയവും തീയതിയും തിരഞ്ഞെടുക്കാം. ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശന സമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍-ക്യു കൂപ്പണ്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് വിര്‍ച്വല്‍-ക്യു സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാര്‍ഡ് കൈപ്പറ്റണം. പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമെ വിര്‍ച്വല്‍-ക്യു സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളു.

വിര്‍ച്വല്‍-ക്യു കൂപ്പണ്‍ കൈവശമുള്ള തീര്‍ത്ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കുന്നതിനായി കൈവശം കരുതണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമില്ല. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമെ വിര്‍ച്വല്‍-ക്യു വഴി പ്രവേശനം അനുവദിക്കുകയുള്ളൂ. കേരള പോലീസ് നല്‍കുന്ന ഈ സേവനത്തിന് ഒരു വിധത്തിലുമുള്ള ഫീസും ഈടാക്കുന്നില്ല. വിര്‍ച്വല്‍-ക്യു സംവിധാനത്തില്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് മുന്‍വര്‍ഷത്തെ പോലെ സാധാരണ രീതിയില്‍ ക്യു നിന്ന് ദര്‍ശനം നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക്www.sabarimalaq.com എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍