നാശംവിതച്ച് ഫൈലിന്‍ കൊടുങ്കാറ്റ് ആന്ധ്ര-ഒഡീഷ തീരെത്തത്തി

October 13, 2013 പ്രധാന വാര്‍ത്തകള്‍

rain-and-wind-batter-odishaഒഡീഷ: നാശംവിതച്ച് ഫൈലിന്‍ കൊടുങ്കാറ്റ് ഒഡീഷയില്‍ വീശിയടിച്ചു. മരങ്ങള്‍ കടപുഴകി വീണ് ഏഴുപേരുടെ മരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ ഒഡീഷയിലെ ഗഞ്ജാം ജില്ലയിലെ ഗോപാല്‍പുരില്‍ കൊടുങ്കാറ്റ് വീശിത്തുടങ്ങി. മണിക്കൂറില്‍ 50 മുതല്‍ 190 വരെ കിലോമീറ്റര്‍ വേഗത്തിലാണ് ആദ്യം വീശിത്തുടങ്ങിയത് എന്നാല്‍ രാവിലെ പേമാരിയും കാറ്റിന്റെ വേഗതയും 200 കിമി മുതല്‍ 210 വരെ കൂടിയിട്ടുണ്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന കാറ്റ് ഒഡീഷയിലെ ഗോപാല്‍പുരിലും ആന്ധ്രയിലെ കലിംഗപട്ടണത്തുമാണ് ആദ്യമെത്തിയത്.

കാറ്റിനു മുന്നോടിയായി ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കനത്ത കാറ്റും മഴയും തുടങ്ങിയിരുന്നു. കാറ്റില്‍ മരംവീണും വീടുകള്‍ തകര്‍ന്നുമാണു മരണങ്ങള്‍ സംഭവിച്ചത്. ഒഡീഷയിലെ ചന്ദ്രപുര്‍, ഗഞ്ജാം, പാരദ്വീപ്, പുരി, ജഗത്‌സിംഗ്പുര്‍, ഭുവനേശ്വര്‍, ആന്ധപ്രദേശിലെ വിശാഖപട്ടണം, ശ്രീകാകുളം എന്നിവടങ്ങളില്‍ കാറ്റ് സര്‍വനാശം വിതയ്ക്കുമെന്നാണു മുന്നറിയിപ്പ്. ഒഡീഷയില്‍ 5.75 ലക്ഷവും ആന്ധ്രയില്‍ 1.29 ലക്ഷ വുമടക്കം ഏഴു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗഞ്ജാം ജില്ലയില്‍ മാത്രം 1.86 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു്. തീരപ്രദേശങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

ഇരുസംസ്ഥാനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനു സിആര്‍പിഎഫും ദേശീയ ദുരന്തനിവാരണയും നേതൃത്വം നല്‍കുന്നു. കര, വ്യോമ, നാവിക സേനാംഗങ്ങളും എത്തിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പശ്ചിമബംഗാള്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിക്കു മടങ്ങി. ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കായാണു പ്രണാബ് ബംഗാളിലെത്തിയത്. ബ്രൂണെ സന്ദര്‍ശനത്തിനുശേഷം ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കാബിനറ്റ് സെക്രട്ടറി അജിത് സേഥ് സ്ഥിതിഗതികള്‍ വിവരിച്ചുനല്‍കി. ചുഴലിക്കാറ്റില്‍ ദുരന്തമനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

ഇരു സംസ്ഥാനത്തെയും ആഭ്യന്തരം, പ്രതിരോധം, പെട്രോളിയം, ടെലികോം, ആരോഗ്യം, ഭക്ഷ്യം, റെയില്‍വേ, ജലവിതരണം തുടങ്ങിയ മന്ത്രാലയങ്ങള്‍ കഴിയുന്നത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കാറ്റില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായാല്‍ വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ വിദഗ്ധരെ ടെലികോം മന്ത്രാലയം സജ്ജരാക്കി. ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളാണു പെട്രോളിയം മന്ത്രാലയം കൈക്കൊണ്ടത്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ 12 ഡീസല്‍ എന്‍ജിനുകള്‍ റെയില്‍വേ തീരദേശ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയില്‍ ഹൈന്ദവ-മുസ്‌ലിം- ക്രൈസ്തവ വിശ്വാസികള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും ഒത്തുചേര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്. 1.2 കോടി ആളുകളെ ഈ കൊടുങ്കാറ്റ് ബാധിക്കുമെന്നാണു ദേശീയ ദുരന്തപ്രതികരണ അഥോറിറ്റിയുടെ വിലയിരുത്തല്‍. കടലിലെ തിരമാലകള്‍ 3.5 മീറ്റര്‍ വരെ ഉയരത്തിലെത്തുന്നതോടൊപ്പം കടല്‍ 500 മുതല്‍ 600 വരെ മീറ്റര്‍ കരയിലേക്കു പ്രവേശിക്കാനും സാധ്യതയുണെ്ടന്നു മുന്നറിയിപ്പുണ്ട്. തീരം കടന്ന് ആറു മണിക്കൂറോളം കൊടുങ്കാറ്റിന്റെ തീവ്രത അതേ അവസ്ഥയില്‍ തുടരുമെന്നാണ് അറിയിപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍