ഫൈലിന്‍ ദുര്‍ബലമായി; ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ

October 13, 2013 പ്രധാന വാര്‍ത്തകള്‍

ഭുവനേശ്വര്‍: ജനങ്ങളില്‍ വന്‍പരിഭ്രാന്തി പരത്തിയ ഫൈലിന്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി. ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ് കാറ്റിലും മഴയിലുമുണ്ടായത്. കേന്ദ്രദുരന്തനിവാരണ സേനയുടെ സഹായത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായി.

ആന്ധ്രപ്രദേശില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. കാറ്റിന്റെ ശക്തി 90 കിലോമീറ്റര്‍ വേഗതയിലേക്ക് കുറഞ്ഞു. എന്നാല്‍ മഴ ഇരു സംസ്ഥാനങ്ങളിലും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലെ ഗഞ്ജാം ജില്ലയിലാണ് കാറ്റ് കനത്ത തോതില്‍ നാശം വിതച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഒഡീഷയിലെ 12 ജില്ലകളില്‍ വാര്‍ത്താവിനിമയ സംവിധാനവും വൈദ്യുതി ബന്ധവും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ ഗോപാല്‍പുരയിലും ആന്ധ്രയിലെ ശ്രീകാകുളത്തും രാത്രി മുഴുവന്‍ വൈദ്യുതി മുടങ്ങി. കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉണ്ടായി. കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചു. ഒഡീഷയിലേക്കുള്ള എല്ലാ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് തന്നെ ഭുവനേശ്വര്‍ വിമാനത്താവളം അടച്ചിരുന്നു. എട്ട് വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ഒന്‍പതോടെയാണ് ഫൈലീന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തീരത്തേക്ക് അടിച്ചുതുടങ്ങിയത്. 200 കിലോമീറ്റര്‍ വേഗതയില്‍ തുടങ്ങിയ കാറ്റിന്റെ ശക്തി ക്രമേണ കുറഞ്ഞുവന്നു. ഫൈലീന്‍ ചുഴലിക്കാറ്റില്‍ എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും മരംകടപുഴകി വീണ് സംഭവിച്ചതാണ്. ആന്ധ്രയിലും ഒഡീഷയിലുമായി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഒഡീഷയില്‍ 5.75 ലക്ഷവും ആന്ധ്രയില്‍ 1.29 ലക്ഷവുമടക്കം ഏഴു ലക്ഷത്തോളം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഒഡീഷയിലെ ഗഞ്ജാം ജില്ലയില്‍ മാത്രം 1.86 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനു സിആര്‍പിഎഫും ദേശീയ ദുരന്തനിവാരണ സേനയും നേതൃത്വം നല്‍കുന്നു. കര, വ്യോമ, നാവിക സേനാംഗങ്ങളും രംഗത്തുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍