രത്തന്‍ഗഢിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 89 പേര്‍ മരിച്ചു

October 13, 2013 പ്രധാന വാര്‍ത്തകള്‍

ദാഷിയ: മധ്യപ്രദേശിലെ രത്തന്‍ഗഢിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 89 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് അപകടം. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മധ്യപ്രദേശിലെ ദാഷിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്രത്തില്‍ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. മഹാനവമി ദിനത്തില്‍ പതിനായിരക്കണക്കിന് പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ സിന്ധു നദിക്ക് കുറുകെയുള്ള പാലം കടക്കണം. അപകട സമയത്ത് ഇരുപതിനായിരത്തിലധികം ആളുകള്‍ പാലത്തിന് മുകളിലുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം ആളുകള്‍ ക്യൂ മറികടക്കാന്‍ ശ്രമിക്കുകയും പാലം തകര്‍ച്ചയുടെ വക്കിലാണെന്ന് അഭ്യൂഹം പരത്തുകയും ചെയ്തതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് പോലീസ് പറയുന്നു. നദിയിലേക്ക് എടുത്തുചാടിയവര്‍ മരിച്ചു.

അതേസമയം പോലീസ് ലാത്തി വീശിയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. തീര്‍ത്ഥാടകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസിനു നേരെ അവര്‍ കല്ലെറിഞ്ഞു.

അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നിര്‍ദേശ പ്രകാരം ഡിജിപിയും ചീഫ് സെക്രട്ടറിയും സ്ഥലത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ധനസഹായം പ്രഖ്യാപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍