ശൈശവവിവാഹം: ഭാരതത്തിന്റെ നിലപാട് ലജ്ജാകരം

October 15, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-child marriage-pbശൈശവവിവാഹം സംബന്ധിച്ച് കേരളത്തില്‍ ഉയര്‍ന്ന വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ ദുരാചാരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയാണ്. അതിനു പ്രധാന കാരണം മുഖ്യ ഘടകകക്ഷിയായ ലീഗിന്റെ നിലപാടും മുസ്ലീം വോട്ടുബാങ്കും തന്നെയാണ്. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇന്നലെ ഐക്യരാഷ്ട്രസഭയില്‍ ഭാരതം സ്വീകരിച്ച നിലപാട്.

ശൈശവിവാഹത്തെയും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തെയും എതിര്‍ക്കുന്ന യു.എന്‍ മനുഷ്യാവകാശ സംഘടനാ പ്രമേയത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ പിന്തുണച്ചില്ല എന്നത് ലജ്ജാകരമായ നടപടിയാണ്. 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഭാരതം പ്രമേയത്തെ പിന്തുണയ്ക്കാത്തത് എന്നത് ശ്രദ്ധേയമാണ്. മുസ്ലീം വോട്ടുബാങ്കില്‍ കണ്ണ് നട്ട കോണ്‍ഗ്രസ് സ്വീകരിച്ച ഈ നിലപാടിലൂടെ സ്ത്രീകളോടും കുട്ടികളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നയം എന്താണെന്ന് പകല്‍പോലെ വ്യക്തമാവുകയാണ്.

ഭാരതത്തില്‍ ഇരുപത്തിനാലു ലക്ഷത്തിലേറെ ശൈശവവിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ലോകത്ത് ആകെ നടക്കുന്ന ശൈശവ വിവാഹങ്ങളുടെ നാല്‍പ്പത് ശതമാനമാണെന്നത് വികസ്വര രാജ്യമെന്ന നിലയില്‍ ഭാരതത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല. ശൈശവവിവാഹവും പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പു നടത്തുന്ന നിര്‍ബന്ധ വിവാഹവും തടയുന്ന പ്രവര്‍ത്തനങ്ങള്‍ യു.എന്‍ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നും, ഇത്തരം വിവാഹങ്ങള്‍ കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

പ്രായപൂര്‍ത്തി വിവാഹത്തിന് നിയമം ഉള്ള നാടാണ് ഭാരതം. പുരുഷന്മാര്‍ക്ക് ഇരുപത്തിയൊന്നു വയസ്സും സ്ത്രീകള്‍ക്ക് പതിനെട്ടു വയസ്സുമാണ് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം. അതിനു താഴെ വിവാഹിതരായാല്‍ മാതാപിതാക്കള്‍ കുറ്റാരോപിതരായി ശിക്ഷ അനുഭവിക്കേണ്ടിവരും. ആ നിലയില്‍ യു.എന്‍ പ്രമേയത്തെ അനുകൂലിക്കാത്ത ഭാരതത്തിന്റെ നിലപാട് നിയമത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. ഭാരതത്തില്‍ നിലവിലുള്ള വിവാഹപ്രായം സംബന്ധിച്ച നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ശൈശവവിവാഹവും പ്രായപൂര്‍ത്തിയാകാത്ത വിവാഹവും സംബന്ധിച്ച്  വേവലാതി ഉയര്‍ത്തുന്ന സമൂഹം മൂസ്ലീങ്ങളാണ് എന്നത് രഹസ്യമല്ല. മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമാണ് നാട്ടില്‍ നിലനില്‍ക്കുന്ന നിയമത്തെപ്പോലും അവഗണിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ ഭാരതം ലജ്ജാകരമായ നിലപാട് സ്വീകരിക്കുന്നതിനു കാരണമായത്.

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ ഏത് നെറികെട്ട നിലപാട് സ്വീകരിച്ചും മുസ്ലീം വോട്ട്ബാങ്ക് കൂടെനിര്‍ത്താനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമത്തിന് ചരിത്രം മാപ്പുനല്‍കില്ല. കോണ്‍ഗ്രസ് സ്വയം അവഹേളിതരായി എന്നു മാത്രമല്ല, സ്ത്രീയെ അമ്മയായും ദേവിയായുമൊക്കെ പൂജിക്കുന്ന സംസ്‌കാരമുള്ള ഒരു രാഷ്ട്രത്തെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ താഴ്ത്തിക്കെട്ടുന്നതിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നിലപാട് കാരണമായി.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍