ഉദ്ധവര്‍ വൃന്ദാവനത്തില്‍ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

October 15, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍
3.ഉദ്ധവര്‍ വൃന്ദാവനത്തില്‍

Garga-II-3-pbഗുരുദക്ഷിണകഴിഞ്ഞ് ശ്രീകൃഷ്ണഭഗവാന്‍ മഥുരയിലെത്തി. ഉഗ്രസേനമഹാരാജാവിന്റെ ഭരണകാര്യങ്ങളില്‍ ശ്രദ്ധിച്ചു. രാജ്യം വിട്ടുപോയ ജനങ്ങളെ യഥായോഗ്യം മഥുരാപുരിയില്‍ പാര്‍പ്പിച്ചു. വ്യഗ്രതകള്‍ക്കിടയിലും വൃന്ദാവനത്തേയും ഗോപീ-ഗോപാലന്മാരേയും ഓര്‍മ്മിച്ചു. അവര്‍ക്കു തന്നോടുള്ള സ്‌നേഹവായ്പും വിരഹാര്‍ത്തിയാലവര്‍ ദുഃഖിക്കുന്നതും ഭഗവാന്‍ സങ്കല്പിച്ചു.

ഒരു ദിവസം, തന്റെ മിത്രവും ഭക്തനുമായ ഉദ്ധവനെ അരികില്‍വിളിച്ച, ശ്രീകൃഷ്ണഭഗവാന്‍ ഇങ്ങനെ പറഞ്ഞു:

‘ശച്ഛ ശീഘ്രം വ്രജം ഹേ സഖേ സുന്ദരം
ശ്രീ ലതാകുഞ്ജപുഞ്ജാദിഭിര്‍മണ്ഡിതം’

(ഹേ, സഖേ, അങ്ങ്, സുന്ദരവും ലതാകുഞ്ജമണ്ഡിതവുമായ വൃന്ദാവനംവരെയൊന്നു പോകണം). അവിടെച്ചെന്ന് ഭവാന്‍.

‘ഏകംപത്രം തു നന്ദായ വൈ ദീയതാം
വാ ദ്വിതീയം യശോദാകരേ ചൈവ ഭോഃ
വാ തൃതീയം ത്വദം രാധികായൈ സഖേ
തത്ത്വ, ഗത്വാഹി ദന്മന്ദിരം സുന്ദരം’.

(എന്റെ ഒരെഴുത്ത് നന്ദരാജനും മറ്റൊന്ന് യശോദാമാതാവിനും, ഇനിയൊന്ന്, സുന്ദരമായ രാധാമന്ദിരത്തില്‍ച്ചെന്ന് അവള്‍ക്കും നല്‍കണം) ‘ഇതാ വേറെ കുറേ പത്രങ്ങള്‍. അവ എന്റെ ഗോപീവൃന്ദങ്ങള്‍ക്കുള്ളതാണ്. അവര്‍ക്കു നീ ഓരോന്നായി കൊടുക്കണം. ഹേ, സഖേ, അതുമാത്രം പോരാ. എന്നെയോര്‍ത്തോര്‍ത്തു ദുഃഖിച്ചു കഴിയുന്ന അച്ഛനമ്മമാരെ-നന്ദരാജ-യശോദമാരെ-എന്റെ ക്ഷേമവാര്‍ത്ത അറിയിച്ച് ആനന്ദിപ്പിക്കണം. എന്റെ പ്രാണപ്രിയയായ രാധവിരഹാര്‍ത്തയായി ദുഃഖിച്ചുകഴിയുന്നു. അനുനയവാക്കുകളാല്‍ അവളെ നീ ആശ്വസിപ്പിക്കണം. സുദാമാവ് തുടങ്ങിയ പ്രിയമിത്രങ്ങളേയും ഗോപികമാരെയും നല്ലവാക്കുകളാല്‍ സമാധാനിപ്പിക്കണം. വിരഹാഗ്നിയില്‍ നീറിയ-

‘താ അസൂന്ത്യക്തുമത്രോദ്യതാ ഉദ്ധവ
യാഭിരദ്യാപി കൃച്ഛ്രൈര്‍ ധൃതാശ്ചാസവഃ
മദ്വിയോഗാധിമാസാം മദുക്തൈഃ പദൈഃ
മോചയസ്ത്വം, ഭവാന്‍ ദക്ഷിണോ വാക്പഥേ’

(അവരാകട്ടെ, പ്രാണന്‍ ത്യജിക്കാനൊരുമ്പെട്ടവരും വല്ലവിധത്തിലും ജീവന്‍ ധരിക്കുന്നവരുമാകുന്നു. എന്റെ വേര്‍പാടില്‍ അത്യന്തദുഃഖിതരായ അവരെ ഞാന്‍ പറഞ്ഞ വാക്കുകളാല്‍ സമാധാനിപ്പിക്കുക. അങ്ങ് വചോവിചക്ഷണനുമാണല്ലോ!’)

ഈവിധം പറഞ്ഞ് ശ്രീകൃഷ്ണഭഗവാന്‍ തന്റെ തേരും കുതിരകളും ഉദ്ധവന്റെ യാത്രയ്ക്കു സജ്ജമാക്കി. തന്റെ സാരധിയേയും പിതാംബരരത്‌നകുണ്ഡലാദികളേയും ഉദ്ധവനു നല്കി. വനമാലയും മയില്‍പ്പീലിയും കൗസ്തുഭവും ധരിപ്പിച്ചു. ഓടക്കുഴലും കാലിക്കോലും പിടിപ്പിച്ചു. എന്നിട്ട്, ശ്രീവാസുദേവന്‍, അദ്ദേഹത്തെ വ്രജത്തിലേക്കു യാത്രയാക്കി. ഉദ്ധവന്‍, ഉടന്‍, ഭഗവാനെ വന്ദിച്ച്, പ്രദക്ഷിണം ചെയ്ത്, രഥത്തിലേറി ഗോകുലത്തിലേയ്ക്കു പോയി.

ഉദ്ധവര്‍ വൃന്ദാവനത്തിലെത്തി. അവിടെ വിചിത്രദൃശ്യങ്ങള്‍ കണ്ട് അദ്ഭുതാധീനനായി. വെള്ളമാമലപോലെ വലിയവയും അലങ്കാരങ്ങളണിഞ്ഞവയുമായ കോടിക്കണക്കായ ഗോക്കളെക്കണ്ട് വിസ്മയിപ്പച്ചുപോയി. പല വര്‍ണത്തിലും വലിപ്പത്തിലുമുള്ള പൈക്കള്‍ കിടാങ്ങളോടൊപ്പം വ്രജത്തിലെങ്ങും നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. അവയ്ക്കുമദ്ധ്യേ തല ഉയര്‍ത്തിപ്പിടിച്ച കൂറ്റന്മാരും നില ഉറപ്പിച്ചിരുന്നു. ഓടക്കുഴലും കാലിക്കോലും ധരിച്ച ഗോപാലന്മാര്‍ ശ്രീകൃഷ്ണലീലകള്‍ പാടിപ്പുകഴ്ന്നുകൊണ്ട് എങ്ങും സഞ്ചരിക്കുന്നുണ്ടായിരുന്നു. കൃഷ്ണവേഷധാരിയായ ഉദ്ധവര്‍ രഥത്തിലേറിവരുന്നതു കണ്ടപ്പോള്‍ അവര്‍, തങ്ങളുടെ പ്രാണപ്രിയനാണു വരുന്നതെന്നു കരുതി. ബലരാമനെക്കൂടാതെ ഒറ്റയ്ക്കാണ് വരുന്നതെന്നും അവരുറച്ചു. അപ്പോഴേയ്ക്കും ഉദ്ധവര്‍ അവരുടെയടുക്കലെത്തിക്കഴിഞ്ഞു.

ആചാരോപചാരങ്ങള്‍ക്കുശേഷം ശ്രീദാമാദിഗോപാലന്മാരോട് ഉദ്ധവന്‍ പറഞ്ഞു, ‘ഹേ, ശ്രീദാമന്‍, ഇത് കൃഷ്ണന്‍ തന്നയച്ച സന്ദേശം. സ്വീകരിക്കുക. നിങ്ങള്‍ ഒട്ടും വിഷമിക്കരുത്, ഭഗവാനിവിടെ ക്ഷേമം തന്നെ’. ശ്രീദാമനും കൂട്ടരും തങ്ങള്‍ക്കു കൃഷ്ണനെത്തിച്ച പത്രങ്ങള്‍ വായിച്ചു. അവര്‍ ദുഃഖവും ആനന്ദവും കലര്‍ന്ന വികാരത്തില്‍ പരവശരായി. തുടര്‍ന്ന് കണ്ണീരൊലിപ്പിച്ച്, ഗദ്ഗദകണ്ഠത്തോടെ ഉദ്ധവരോട് പറഞ്ഞു. ‘സഖേ, ഇതാ, ഈ വ്രജത്തെ നോക്കൂ. കൃഷ്ണനില്ലാത്ത വൃന്ദാവനം ശൂന്യമാണ്. അദ്ദേഹമില്ലാത്ത ഒരു നിമിഷം ഇവിടെ ഒരു യുഗമാണ്. ഒരു യാമം ഒരു മന്വന്തരമായി ഞങ്ങള്‍ക്കനുഭവപ്പെടുന്നു. ഏതുനേരവും ഞങ്ങള്‍ കൃഷ്ണനെ സ്മരിച്ചുംകൊണ്ടാണ് കഴിയുന്നത്.’ തുടര്‍ന്ന് പറയാനാകാതെ ഗോപലന്മാര്‍ വികാരവൈവശ്യത്താല്‍ തളര്‍ന്നുപോയി.

കൃഷ്ണസഖാക്കളെ സമാധാനിപ്പിക്കാന്‍ ഉദ്ധവര്‍ നന്നേ പണിപ്പെട്ടു. അദ്ദേഹം ആ ഗോപാലന്മാരോട് വീണ്ടും പറഞ്ഞു. ‘ഞാന്‍ ശ്രീകൃഷ്ണദാസനാണ്. പ്രിയമിത്രമാണ്. ഭഗവാന്റെ ഹൃദയം അടുത്തറിയുന്നവനാണ്. നിങ്ങളുടെ കുശലമന്വേഷിക്കാനായിട്ടാണ് ഭഗവാന്‍ എന്നെ ഇങ്ങോട്ടയച്ചിരിക്കുന്നത്. ഞാന്‍ നേരില്‍ക്കണ്ട നിങ്ങളുടെ ദുഃഖത്തെ അവിടെച്ചന്നറിയിക്കാം. ഏതുവിധത്തിലും ശ്രീകൃഷ്ണനെ നിങ്ങളുടെ അടുത്തെത്തിക്കാം. കാല്ക്കല്‍വീണു നമസ്‌കരിച്ച് അദ്ദേഹത്തെ പ്രസാദിപ്പിക്കാം. നിങ്ങള്‍ സന്തുഷ്ടരായിരിക്കുക. ഈ വ്രജത്തില്‍വച്ചുതന്നെ ഭഗവാനെക്കാണാന്‍ നിങ്ങള്‍ക്കു ഭാഗ്യമുണ്ടാകും’.

ഇത്തരം ആശ്വാസവാക്കുകളാല്‍ ഗോപാലന്മാരെ സാന്ത്വനിപ്പിച്ചശേഷം, ഉദ്ധവര്‍, ശ്രീദാമാദി കൃഷ്ണസഖാക്കളോടൊപ്പം നന്ദഗൃഹത്തിലേയ്ക്കു പോയി. സന്ധ്യാസമയമായപ്പോള്‍ അവിടെയെത്തി. നന്ദഗോപര്‍ ഉദ്ധവരെ എതിരേറ്റ്, ആശ്ലേഷിച്ച്, പൂജിച്ചിരുത്തി. എന്നിട്ട് നന്ദഗോപര്‍ ഗദ്ഗദത്തോടെ ചോദിച്ചു. ‘ഉദ്ധവാ, മഥുരയില്‍ എന്താണു വിശേഷം? വസുദേവര്‍ക്കും ദേവകീദേവിക്കും സുഖമല്ലേ? ജീവിതസുഖമെന്തെന്നവര്‍ അറിയുന്നതിപ്പോഴാണ്. കംസന്‍ കൊല്ലപ്പെട്ട ശേഷം! എന്റെ ഉണ്ണികൃഷ്ണനും ബലനും ഞങ്ങളെ ഓര്‍ക്കാറുണ്ടോ? എന്നെയും യശോദയേയും അന്വേഷിക്കാറുണ്ടോ? ഈ വ്രജത്തെക്കുറിച്ച് കൃഷ്ണന്‍ എന്തൊക്കെയാണ് പറയാറുള്ളത്? അവന്‍ ഞങ്ങളേയും വൃന്ദാവനത്തേയും യമുനാപുളനത്തേയും ഓര്‍മ്മിക്കുന്നുണ്ടോ? എന്റെ താമരക്കണ്ണന്‍ ജ്യേഷ്ഠനോടൊപ്പം വീട്ടിലും മുറ്റത്തും കളിക്കുന്നത്, ഈശ്വരാ, ഞാനിനി എന്നാണ് കാണുക!’ കൃഷ്ണനെത്തന്നെ ഓര്‍ത്തും ഓരോന്നു പറഞ്ഞും കരഞ്ഞും തുടര്‍ന്ന നന്ദരാജന്‍ പിന്നീടൊന്നും പറയാനാകാതെ മന്ദചേഷ്ടനായിപ്പോയി! ദുഃഖഭാരത്താല്‍ ശയ്യയില്‍ കിടന്നു. പുത്രനെ ഓര്‍ത്തുണ്ടായ ദുഃഖം കണ്ണീരായൊഴുകി അദ്ദേഹത്തിന്റെ ശയ്യയും തലയണയും വസ്ത്രങ്ങളും നനഞ്ഞു.

മഥുരയില്‍ നിന്നും ഉദ്ധവര്‍ വന്നു എന്നറിഞ്ഞ യശോദവാതിക്കല്‍ചെന്നുനിന്ന് നന്ദോദ്ധവസംഭാഷണം ശ്രവിച്ചു. തന്റെ ഓമനയായ കണ്ണന്റെ വിശേഷങ്ങള്‍ കേട്ട് സ്‌നേഹത്താല്‍ കണ്ണീരണിഞ്ഞു. വാത്സല്യംകൊണ്ട് സത്‌നങ്ങള്‍ ചുരന്നു. അവര്‍ പുത്രവാര്‍ത്താശ്രവണകുതുകത്താല്‍ ഉദ്ധവരോടു ചോദിച്ചു, ‘കൃഷ്ണന്‍ എന്നെയോ നന്ദരാജനേയോ ഓര്‍ക്കാറുണ്ടോ? ഒപ്പം കളിച്ചുനടന്ന ഗോപാലന്മാരെപ്പറ്റി പറയാറുണ്ടോ? ഗോകുലം അവന്റെ ഓര്‍മ്മയിലുണ്ടോ? എനിക്ക് ഒരൊറ്റപ്പുത്രനേയുള്ളൂ. ആ ഉണ്ണി എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. എന്തൊരു വിധിയാണെനിക്ക്! എന്റെ കുഞ്ഞിനെ ലാളിച്ചും പാലിച്ചും ഒരു കല്പംപോലെ പെരുതായിത്തോന്നുന്നു. ഒരിക്കലവനെ ഞാന്‍ കയര്‍കൊണ്ടു കെട്ടിയിട്ടു. അതിപ്പോള്‍, തീരാത്തദുഃഖമായി ഞാന്‍ ഓര്‍ക്കുന്നു. അവന്‍ കളിച്ചുനടന്ന മുറ്റവും തളങ്ങളും വ്രജത്തിലെ തെരുവുകളുമെല്ലാം ശൂന്യം! കൃഷ്ണനില്ലാത്ത ജീവിതം വിഷമയമായിത്തീര്‍ന്നിരിക്കുന്നു.!’

ഇതെല്ലാം കേട്ട് (കണ്ട്) ഉദ്ധവര്‍ വിസ്മയിച്ചുപോയി. നന്ദഗോപരുടേയും യശോദയുടേയും കൃഷ്ണപ്രേമം അനന്യ സാധാരണമെന്ന് അദ്ദേഹത്തിനുറപ്പായി. ഉള്‍ത്തിങ്ങിയ വികാരവായ്‌പ്പോടെ ഉദ്ധവര്‍, നന്ദ-യശോദമാരോടു പറഞ്ഞു.

‘രോമമാത്രം മമ തനൗ
ജിഹ്വാ ചേത് ജായതേത്വഹോ
യുവയോസ്തദപി ശ്ലാഘം
കര്‍ത്തുര്‍ന്നാലും മഹാപ്രഭുഃ’

(എന്റെ ദേഹത്തിലെ രോമങ്ങളുടെ എണ്ണത്തിനൊപ്പം നാവുകളുണ്ടായാലും നിങ്ങളെ പ്രശംസിക്കാന്‍ ഞാന്‍ ശക്തനല്ല). ‘പരിപൂര്‍ണ്ണതമനായ കൃഷ്ണനില്‍ അത്തരം അഹൈതുകീഭക്തി, തപോദാനങ്ങളാലോ തീര്‍ത്ഥാടനത്താലോ ജ്ഞാനയോഗത്താലോ ആര്‍ക്കും നേടാനാവുകയില്ല. നന്ദരാജാ, ദേവീ, യശോദേ, നിങ്ങളുടെ ഓമനയായ കൃഷ്ണഭഗവാന്‍ തന്നയച്ചിട്ടുള്ള തിരുവെഴുത്തുകളിതാ. സ്വീകരിച്ച് ദുഃഖമടക്കുക!’

‘ശ്രീകൃഷ്ണാവതാരവിശേഷങ്ങള്‍ നിങ്ങളല്ലേ കൂടുതലനുഭവിച്ചവര്‍! അറിഞ്ഞവര്‍! യദുക്കളുടെ ക്ഷേമത്തിനായവതരിച്ചു ഭഗവാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ! ബ്രഹ്മാവ് പ്രാര്‍ത്ഥിച്ചതനുസരിച്ച് ആ അവതാരം! ഭാഗ്യവശാല്‍ നിങ്ങളുടെ പുത്രനായിപ്പിറന്നു. പൂതനാമോക്ഷം, ശകടാസുരവധം, ഉണ്ണിവായ്ക്കുള്ളിലെ പ്രപഞ്ചദൃശ്യം – ഇവയെല്ലാം നിങ്ങള്‍ക്കോര്‍മ്മയില്ലേ? ഗോവര്‍ദ്ധനഗിരി കൈകളിലേന്തിയ ആ ഗോപകുമാരന്റെ ലീല നിങ്ങളല്ലേ നേരില്‍ കണ്ടത്! ശംഖചൂഡനെ വധിച്ചതും വ്യോമാരിഷ്ടന്മാരെ നിഗ്രഹിച്ചതും ആ അവതാരകൃഷ്ണന്റെ ദിവ്യലീലകളല്ലേ!’ ഉദ്ദവര്‍ കൃഷ്ണന്റെ അസാധാരണകൃത്യങ്ങള്‍ ഓരോന്നായിപ്പറഞ്ഞ് യശോദാനന്ദന്മാരെ സാന്ത്വനിപ്പിച്ചു. ധര്‍മ്മരക്ഷാര്‍ത്ഥമവതരിച്ച മഹാപ്രഭുവിന് കൃഷ്ണനെന്ന സത്യമോര്‍പ്പിച്ച് അവരുടെ ദുഃഖം ശമിപ്പിച്ചു. തുടര്‍ന്ന്, ഭഗവദ് കഥാകഥനലോലനായ ഉദ്ധവര്‍, അവിടെ, ചില ദിനങ്ങള്‍ പാര്‍ത്തു. ആ മഹാഭക്തനെ നമസ്‌കരിച്ച് നന്ദനും യശോദയും ഗോകുലവാസികളും ചരിതാര്‍ത്ഥരായി!

കൃഷ്ണനോടൊത്ത് മഥുരയില്‍കഴിഞ്ഞ ഉദ്ധവര്‍ ഗോകുലത്തേയും ഗോപ-ഗോപികമാരേയുംപറ്റി ഭഗവാനില്‍നിന്നുതന്നെ ധാരാളം കേട്ടിരുന്നു. ഗോപീഭക്തിക്കു തുല്യമായി മറ്റൊന്നില്ലെന്നും തന്റെ വേര്‍പാട് ഗോകുലവാസികള്‍ക്ക് താങ്ങാനാകാത്തതാണെന്നും കേള്‍പ്പിച്ചിരുന്നു. കൃഷ്ണവിരഹോദ്ഭൂതദുഃഖം ഗോപികളില്‍ വലിയ ആഘാതമുണ്ടാക്കിയിരിക്കാമെന്നും അതു മാറ്റാനാര്‍ക്കും സാധ്യമല്ലെന്നും കൃഷ്ണന്‍ പറഞ്ഞിരുന്നു. അന്നൊക്കെ ഉദ്ധവര്‍ കരുതി, തനിക്കൊരവസരം കിട്ടിയാല്‍ തന്റെ വാക്പടുതയാല്‍ അവരെ ശാന്തചിത്തരാക്കാന്‍ കഴിയുമെന്ന്. എന്നാല്‍ ഗോപീദുഃഖം നേരിട്ടു കണ്ടപ്പോള്‍ ഉദ്ധവരുടെ ധാരണ മാറി. താനെന്നല്ല, സാക്ഷാല്‍ ബ്രഹ്മാവുതന്നെ ശ്രമിച്ചാലും കൃഷ്ണലോലരായ ഗോകുലവാസികളെ സമാധാനിപ്പിക്കാനാവുകയില്ലെന്ന് ഉദ്ധവര്‍ക്കു ബോദ്ധ്യമായി.

ശുദ്ധസ്വരൂപനായ ഭഗവാനില്‍ അകളങ്കഭക്തിയാര്‍ന്ന മഹത്തുക്കളാണ് നന്ദ-യശോദമാരടക്കമുള്ള ഗോപന്മാരും ഗോപികമാരും. അസമാനമായ നിര്‍ഹേതുകഭക്തിയാണവര്‍ക്കുള്ളത്. ഇക്കാര്യം ശ്രീവ്യാസന്‍ മഹാഭാഗവതം ദശമസ്‌കന്ധത്തിലെ നാല്പത്തിയാറ്, നാല്പത്തിയേഴ് അധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്നു. ഗര്‍ഗാചാര്യരാകട്ടെ, ഉദ്ധവദൂത് വിവരിക്കാന്‍ ആറ് അധ്യായങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മഥുരാഖണ്ഡത്തില്‍ 13മുതല്‍ 18വരെയുള്ള അധ്യായങ്ങള്‍. വ്യാസന്‍ സൂചിപ്പിച്ചുപോയ അധ്യായങ്ങള്‍ ഗര്‍ഗന്‍ കൂടുതല്‍ വിശദമാക്കുകയും കൃഷ്ണഭക്തരായ വ്രജവാസികളുടെ വിരഹദുഃഖം സ്വാഭാവികതയോടെ വരച്ചുകാട്ടുകയും ചെയ്യുന്നു. ഗോപീദുഃഖം നേരില്‍ക്കണ്ട് വിസ്മയഭരിതനാകുന്ന ഉദ്ധവരോടൊപ്പം വായനക്കാര്‍ക്കും അദ്ഭുതാധീനരാകാതിരിക്കാന്‍ കഴിയുകയില്ല. കഥാഖ്യാനത്തിലൂടെ ഭഗവന്മാഹാത്മ്യം പ്രസ്തരിപ്പിക്കുന്നതിലപ്പുറം, ശ്രീഗര്‍ഗന്‍, കാവ്യരചനാകോവിദനാണ് താനെന്ന് പ്രഖ്യാപിക്കുകയുമാണിവിടെ.

ഭഗവന്നിര്‍ദ്ദേശമനുസരിച്ച് ഉദ്ധവര്‍ കൃഷ്ണവേഷം പൂണ്ടാണ് വൃന്ദാവനത്തിലെത്തിയത്. കൃഷ്ണന്റെ തേരും കുതിരകളും ഓടക്കുഴലും ചമ്മട്ടിയും ഉദ്ധവരും സ്വീകരിച്ചിരുന്നു. ഗോകുലവാസികള്‍ – ഗോക്കളും കിടാങ്ങളുമടക്കം-ഉദ്ധവരെ കൃഷ്ണനാണെന്നുതന്നെ ധരിച്ചു. ‘തന്മയീഭവിച്ച’ ഭക്തിയുടെ സവിശേഷതയാണിത്. ഉദ്ധവര്‍ വേഷംമാറിയെത്തിയെന്നത് കഥയിലെ സവിശേഷതയെന്നു മാത്രം കരുതിയാല്‍മതി. ചിരകാലമായി കൃഷ്ണനെ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വ്രജവാസികളുടെ നോട്ടത്തില്‍, കൃഷ്ണന്‍ മാത്രമേ കാണപ്പെടുന്നുള്ളൂ! മഥുരയില്‍നിന്നെത്തുന്ന ആരും അവര്‍ക്ക് കൃഷ്ണന്‍തന്നെയാണ്. ഭക്തിഭാവത്തിലാമഗ്നരായ വൃന്ദാവനവാസികള്‍ ആ തേരിനെ വളഞ്ഞു! പ്രേമപരവശരാകുന്ന ഭക്തന്മാര്‍ക്ക് ചില അടയാളങ്ങള്‍ കണ്ടാല്‍, ബാക്കി, ഭാവനയാല്‍ പൂര്‍ണമാക്കാനുള്ള കഴിവുണ്ട്. ഉദ്ധവരെ കൃഷ്ണനായിക്കാണാന്‍ ഗോപി-ഗോപവൃന്ദങ്ങള്‍ക്കു സാധിച്ചത് ഭക്തിയുടെ ഈ സവിശേഷതയാലാണ്.

ഭക്തനും ഭഗവാനും ഒന്നാകുന്ന ഒരനവദ്യാനുഭവമാണ് അഹൈതുകീഭക്തി ഉണര്‍ത്തുന്നത്. ഉദ്ധവര്‍ ഭഗവാന്റെ സന്ദേശപത്രികകളുമായാണ് വ്രജത്തിലെത്തിയത്. ഭക്തന്മാരിലേയ്ക്കുള്ള ഭഗവാന്റെ കൃപയാണിത്. അതിന്റെ പ്രതീകമായാണ് ഈ പത്രങ്ങളെ (കത്തുകളെ) കണക്കാക്കേണ്ടത്. ഭക്തന് ഭഗവദ്ക്കാരുണ്യമുണ്ടായാല്‍ ആശ്വാസമാണ്. അസ്വസ്ഥതകള്‍ നീങ്ങി അവര്‍ സന്തുഷ്ടരാകുന്നു. അതുപോലെ, ഭഗവാന്റെ സന്ദേശം കിട്ടിയപ്പോള്‍ ശ്രീകൃഷ്ണദര്‍ശനമുണ്ടായപോലെ ഗോപീഗോപന്മാര്‍ ആശ്വസിക്കുന്നു. ആനന്ദഭരിതരാകുന്നു. നിരന്തരമായ കൃഷ്ണനാമജപത്താലും ധ്യാനത്താലും ‘ഗോപികമാര്‍’ ഭഗവദ്കൃപയ്ക്ക് പാത്രമായി എന്നര്‍ത്ഥമാക്കിയാല്‍ ഭാഗവതീഭക്തി കൂടുതല്‍ യുക്തിഭദ്രവുമാകുന്നതാണ്.

മഥുരയില്‍നിന്നു പുറപ്പെടുമ്പോള്‍ വ്രജവാസികളുടെ ഭക്തിയെപ്പറ്റി ഭഗവാന്‍ ഉദ്ധവര്‍ക്ക് സൂചന നല്‍കി. തന്റെ വേര്‍പാടില്‍ അസഹനരായി പ്രാണന്‍ ത്യജിക്കാനൊരുമ്പെട്ടവരും വല്ലവിധത്തിലും ജീവന്‍ ധരിക്കുന്നവരുമാണ് ഗോപാല-ഗോപീജനങ്ങള്‍! ‘അത്യന്തഖിന്നരായ അവരെ നീ സാന്ത്വനം ചെയ്യണം’. ഭഗവാനെ പിരിഞ്ഞാല്‍ ഭക്തര്‍ക്ക് സഹിക്കുകയില്ല എന്നതാണിതിനര്‍ത്ഥം! ‘രൂപം മധുരം വചനം മധുരം’ എന്ന ക്രമത്തില്‍ ചിന്തിച്ച് ‘മഥുരാധിപതേ രഖിലം മധുരം’ എന്നവിധം പരിണമിച്ചവയാണ് ഗോപികമാരുടെ മനസ്സ്! ‘കൃഷ്ണാത്പരം കിമപിതത്ത്വമഹം നജാനേ’ എന്നതാണോരോരുത്തരുടേയും നിശ്ചയം!

ഉദ്ധവാഗമനം പോലും പ്രതീകാത്മകമാണ്. കൃഷ്ണമനസ്സിന്റെ പ്രതീകമാണുദ്ധവര്‍! ശ്രീകൃഷ്ണവേഷം പൂണ്ട ഉദ്ധവന്‍ എന്ന വിവരണം അതു കൂടുതല്‍ സ്പഷ്ടമാക്കുന്നു.

ഉദ്ധവന്‍ വൃന്ദാവനത്തില്‍ കണ്ട കാഴ്ച ഇത്തരുണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വ്രജത്തിലെവിടേയും കൃഷ്ണഗീതികള്‍ പാടിപ്പുകഴ്ത്തുന്ന ഗോപന്മാരെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. പരബ്രഹ്മമൂര്‍ത്തിയിലുറപ്പിച്ച മനസ്സുമായിക്കഴിയുന്ന ഭക്തന്മാരുടെ പ്രതീകങ്ങളാണിവര്‍. സുദാമാദികള്‍ ഉദ്ധവരോടു പറയുന്ന വാക്കുകള്‍ അവരുടെ പരമഭക്തി വിശദമാക്കുന്നു. ശ്രീകൃഷ്ണനില്ലാത്തതിനാല്‍ ഒരു നിമിഷം ഒരു യുഗംപോലെയാണവര്‍ക്കനുഭവപ്പെട്ടത്. ഇത് പരമപ്രേമരൂപമായ ഭക്തിയാലാണ്. ഏതിലും ഈശ്വരനെക്കാണുക, അതിനു കഴിഞ്ഞില്ലെങ്കില്‍ സ്വയം ഇല്ലെന്ന നിലയിലെത്തുക, ഇവയെല്ലാം നിഷ്‌ക്കാരണഭക്തിയുടെ ലക്ഷണമാണ്. എല്ലാ സമയവും ഭഗവത് സ്മരണയോടെ കഴിയുകയാണ് ഭക്താഗ്രണികളുടെ ലക്ഷണം! സഖീഭാവത്തിലെ ഭക്തിക്ക്, വ്രജവാസികളെപ്പോലെ ഉത്തമോദാഹരണം വേറെയില്ലതന്നെ!

യശോദയും നന്ദഗോപരും വാത്സല്യഭക്തിയുടെ മൂര്‍ത്തിമദ്ഭാവങ്ങളാണ്. ഉലൂഖലബന്ധനകഥയിലും ഈ തത്വം സ്പഷ്ടമാണ്. പരബ്രഹ്മമായ കൃഷ്ണനെ തങ്ങളുടെ പുത്രനായിക്കരുതി ആനന്ദമനുഭവിക്കുന്ന ഭക്തോത്തംസങ്ങളാണവര്‍! ലൗകികമായ പിതൃ-പുത്ര, മാതൃ-പുത്രബന്ധങ്ങളിവിടെ എത്രയും ഉദാത്തമായ നിലവാരത്തിലാണ്. അതൊരിക്കലും സാധാരണ ജന്യജനകസ്വഭാവത്തിലേതല്ല. ഉദാത്തമായ ഭക്തിക്കാണ് പ്രാധാന്യം. ‘താമരക്കണ്ണനായ കൃഷ്ണന്‍ തങ്ങളുടെ വീട്ടിലും മുറ്റത്തും കളിക്കുന്നത് എന്നാണ് കാണാനാവുക?’ എന്നു പറഞ്ഞു വിലപിക്കുന്ന നന്ദരാജനും പത്‌നിയും കൃഷ്ണദര്‍ശനസായൂജ്യം കൊതിക്കുന്ന ഉത്തമഭക്തരാണ്. ഭഗവാനെപ്പറ്റി പറഞ്ഞും വിലപിച്ചും നന്ദരാജന്‍ ഭാവമഗ്നനായി. ഒരു വാക്കുമുരിയാടാനാകാതെ മന്ദചേഷ്ടനായി! ആരാധനാമൂര്‍ത്തിയെ മനസ്സിലുറപ്പിച്ച് ഭഗവാനില്‍ മനസ്സിനെ രൂഢമാക്കുന്ന ഭക്തന്‍ ബാഹ്യസ്മരണയില്ലാതെ ഭാവസമാധിയിലാഴുന്നു. ഗര്‍ഗാചാര്യര്‍ ആ സത്യമാണ് നന്ദരാജനിലൂടെ പ്രപഞ്ചനം ചെയ്തിരിക്കുന്നത്.

വൃന്ദാവനത്തിലെവിടെയും കൃഷ്ണഭക്തന്മാരെമാത്രമേ ഉദ്ധവര്‍ കണ്ടുള്ളൂ! പക്ഷികളും മൃഗങ്ങളുമൊക്കെ കൃഷ്ണനാലാകൃഷ്ടരായി ചലിക്കുകയാണവിടെ. കുയില്‍ പാടുന്നത് കൃഷ്ണഗീതികള്‍! മയിലാടുന്നത് കൃഷ്ണനെ അനുകരിച്ച്! ഗോപികമാര്‍ സദാ കണ്ണനെ സ്തുതിക്കുന്നു. തയിര്‍ കടയുമ്പോഴും വെണ്ണ വില്ക്കുമ്പോഴും അവര്‍ കൃഷ്ണനെമാത്രമേ ചിന്തിക്കുന്നുള്ളൂ. ഇതെല്ലാംകണ്ട ഉദ്ധവര്‍ക്ക് അനവദ്യമായ ആനന്ദമുണ്ടായി. കൃഷ്ണഭക്തിയില്‍ മുങ്ങിയ വ്രജത്തേക്കാള്‍ മഹനീയമായൊരിടം വേറെയില്ലെന്നുറച്ച് ആ കൃഷ്ണഭൃത്യന്‍ സന്തോഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം