പാര്‍ലമെന്റ്‌ ആക്രമണത്തിന്‌ ഒന്‍പതുവയസ്‌

December 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ ആക്രമണം നടന്നിട്ട്‌ ഇന്ന്‌ ഒന്‍പത്‌ വര്‍ഷം തികയുന്നു. 2001 ഡിസംബര്‍ 13ന്‌ ആണ്‌ രാജ്യത്തെ നടുക്കി പാര്‍ലമെന്റിന്‌ നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌. കേസില്‍ വധശിക്ഷക്ക്‌ വിധിച്ച മുഹമ്മദ്‌ അഫ്‌സലിന്റെ ദയാഹര്‍ജി രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌. 2001 ഡിസംബര്‍ 13ന്‌ രാവിലെ പതിനൊന്നരയോടെയാണ്‌ സ്‌ഫോടക വസ്‌തുക്കളുടെ വന്‍ശേഖരവുമായി ആഭ്യന്തര വകുപ്പിന്റെ സ്‌റ്റിക്കര്‍പതിച്ച കാറില്‍ അഞ്ചു തീവ്രവാദികള്‍ പാര്‍ലമെന്റ്‌ വളപ്പില്‍ കടന്നത്‌.ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റില്‍ കടന്ന്‌ പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ആക്രമിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.
എന്നാല്‍ പാര്‍ലമെന്റിന്റെ കവാടങ്ങള്‍ തക്ക സമയത്തടച്ച്‌ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഈ ശ്രമം വിഫലമാക്കി. തുടര്‍ന്ന്‌ തീവ്രവാദികള്‍ നാലുപാടും നിറയൊഴിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച്‌ തീവ്രവാദികളെയും വെടിവച്ച്‌ കൊന്നു. തീവ്രവാദികളുടെ വെടിയേറ്റ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരും പാര്‍ലമെന്റിലെ ജീവനക്കാരനുമടക്കം ഒന്‍പതുപേരാണ്‌ മരിച്ചത്‌. ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനും ആക്രമണത്തില്‍ പരിക്കേറ്റു.
കേസിലെ പ്രതികളായി ഡല്‍ഹി പൊലീസ്‌ കണ്ടെത്തിയ 40 പേരില്‍ മൂന്ന്‌ പേര്‍ക്ക്‌ ടാഡാ കോടതി വധശിക്ഷ വിധിച്ചു. ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ എസ്‌.എ.ആര്‍ഗിലാനി, മുഹമ്മദ്‌ അഫ്‌സല്‍, ഷൗക്കത്ത്‌ ഹുസൈന്‍ ഗുരു എന്നിവര്‍ക്കാണ്‌ വധശിക്ഷ വിധിച്ചത്‌. ഷൗക്കത്തിന്റെ ഭാര്യ നവ്‌ജോത്‌ സന്‍ധുവിന്‌ അഞ്ച്‌ വര്‍ഷം കഠിനതടവും വിധിച്ചു. പിന്നീട്‌ ഡല്‍ഹി ഹൈക്കോടതി ഗിലാനിയെയും നവ്‌ജോത്‌ സന്ധുവിനെയും വെറുതെവിട്ടു. ഹൈക്കോടതി വധശിക്ഷ ശരിവച്ച മുഹമ്മദ്‌ അഫ്‌സലും ഷൗക്കത്‌ ഹുസൈന്‍ഗുരുവും സുപ്രീം കോടതിയെ സമീപിച്ചു. മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.
അതേ സമയം ഷൗക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷ തടവായി കുറച്ചു. സുപ്രീംകോടതിയും കൈവിട്ടതിനെത്തുടര്‍ന്നാണ്‌ മുഹമ്മദ്‌ അഫ്‌സല്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി സമര്‍പ്പിച്ചത്‌. എന്‍ഡിഎയുടെ ഭരണകാലത്തുണ്ടായ പാര്‍ലമെന്റാക്രമണം ഇന്ത്യയെയും പാകിസ്‌ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം