ആര്‍.എസ്.എസ്. വിജയദശമി ദിന പരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ റിമാന്‍ഡു ചെയ്തു

October 16, 2013 കേരളം

മാവേലിക്കര: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പങ്കെടുത്ത ആര്‍.എസ്.എസ്. വിജയദശമി ദിനപരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വള്ളികുന്നം കന്നിമേല്‍ മാമ്മൂട്ടില്‍ മുന്‍സീര്‍ മുഹമ്മദിനെ (21)യാണ് തിങ്കളാഴ്ച വൈകിട്ട് പൈനുംമൂട്ടില്‍ വെച്ച് ആര്‍.എസ്.എസ്. പഥസഞ്ചലനത്തിന്റെയും യോഗത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തവെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍.എസ്.എസ്. പഥസഞ്ചലനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കുറിപ്പ് മുന്‍സീറിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യുന്നതിനായി യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ. അറിയിച്ചു.

മുന്‍സീര്‍ എന്‍.ഡി.എഫ്., കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഇയാളുടെ കൂടെയുണ്ടായിരുന്നുവെന്ന് കരുതുന്നവരെപ്പറ്റി അന്വേഷണം ആരംഭിച്ചെന്നും മാവേലിക്കര സി.ഐ. കെ.ജെ.ജോണ്‍സണ്‍ പറഞ്ഞു. മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിശദപരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറി. ഇയാളുടെ മൊബൈല്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനും നിര്‍ദ്ദേശം നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം