സഹസ്ര കിരണന്‍ (ഭാഗം-6)

October 17, 2013 സനാതനം

എം.പി.ബാലകൃഷ്ണന്‍

മറ്റുള്ളവരുടെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങള്‍തന്നെ എന്ന നില വരണമെങ്കില്‍ മറ്റുള്ളവരെന്നും താനെന്നും ഉള്ള ഭേദം ഇല്ലാതാകണം. ഇതാണ് ജ്ഞാനത്തിന്റെ പരകോടി. ഇവിടെ പലതില്ല. ആകെക്കൂടി ഒന്നേയുള്ളൂ. ഒന്നു പലതായിക്കാണുന്നു. ഉള്ളത് ഒന്നുമാത്രം എന്നറിഞ്ഞവന് ഭയമുണ്ടാവില്ല. ആരെ ഭയക്കാന്‍? കുട്ടിക്കാലം മുതല്‍ കുഞ്ഞന് ഭയം തീരെ ഇല്ലായിരുന്നു. ഏതു പരാതിയ്ക്കും എവിടെയും ഏകാകിയായി സഞ്ചരിക്കും. പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കളരിയില്‍ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം സൂചിപ്പിച്ചുവല്ലോ. മറ്റൊന്ന് ഇതാ.

ജ്യേഷ്ഠന്‍ കൃഷ്ണപിള്ള നെയ്യാറ്റിന്‍കര നിന്നും കുറച്ചുകാലം ഭൂതപ്പാണ്ടി രജിസ്റ്റര്‍കച്ചേരിയിലേക്കു മാറി. അനുജനെയും കൂടെ കൊണ്ടുപോയി. ഭൂതപ്പാണ്ടിയിലെ കാലാവസ്ഥ കുഞ്ഞന് തീരെ പിടിച്ചില്ല. അതിശക്തിയായി വീശിയിരുന്ന ഉഷ്ണക്കാറ്റ്. പൊതുവെ ചൂടി സഹിക്കാത്ത കുഞ്ഞന് അത് അസഹ്യമായി. അവിടെ താമസം തുടര്‍ന്നാല്‍ താന്‍ മരിച്ചുപോകും എന്നുവരെ ജ്യേഷ്ഠനോടു പറഞ്ഞുനോക്കി.

‘എനിക്കു കുഞ്ഞനെ തിരുവനന്തപുരത്തേയ്ക്കയക്കാന്‍ മനസ്സുണ്ടായിരുന്നില്ല. കാരണം, അവന്‍ അവിടെ ചെന്നാല്‍ ഒരു മാതിരി ഗുസ്തിയും വേദാന്തവും തെണ്ടിത്തിരിഞ്ഞുള്ള നടപ്പും ഒക്കെയായിരിക്കും ജോലി എന്നെനിക്കറിയാം’. അതിനാല്‍ നെയ്യാറ്റിന്‍കരപോയി താമസിക്കാന്‍ അദ്ദേഹം ഏര്‍പ്പാടു ചെയ്തു. അന്നു രാത്രിതന്നെ കുഞ്ഞന്‍ അവിടെനിന്നും പുറപ്പെടാന്‍ ഭാവിച്ചു.

‘ നേരമോ രാത്രി, തുണയ്‌ക്കൊരാള്‍ കൂടെയി-
ല്ലേറും വഴിയോ വിജനം, ഭയാനകം!
ആരെയും കൂടാതെയിത്രദൂരം പാദ-
ചാരിയായിട്ടു നടക്കയോ സോദരന്‍?’

അന്നത്തെക്കാലമാണ്. രാത്രിയില്‍ ഭൂതപ്പാണ്ടിയില്‍ നിന്നും തനിയെ നെയ്യാറ്റിന്‍കരവരെ നടക്കുക! ആരും അതിനു ധൈര്യപ്പെടുകയില്ല. ജ്യേഷ്ഠന്‍ ആവുന്നത് വിലക്കി. ‘സാരമില്ല. എന്നെ ആരും പിടിച്ചു തിന്നുകയില്ല’ എന്നു പറഞ്ഞ് കുഞ്ഞന്‍ പുറപ്പെട്ടു.

നെയ്യാറ്റിന്‍കര എത്തിയ വിവരത്തിന്, അനുജനില്‍ നിന്നും എഴുത്തു കിട്ടുന്നതുവരെ തനിക്കൊരു സമാധാനവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സകലമാന്‍പേരെയും ആത്മതുല്യം സ്‌നേഹിക്കുന്നവനുണ്ടോ ഭയം?

ചട്ടമ്പിയുടെ നിര്‍ഭയത്വവും നിര്‍മ്മമതയും നിതരാം വ്യക്തമാക്കുന്ന ഒരു സംഭവം കൂടി ചൂണ്ടിക്കാണിക്കേണ്ടിരിക്കുന്നു. രാജാ സര്‍ ടി. മാധവരായര്‍ തിരുവിതാംകൂര്‍ ദിവാന്‍ജി ആയിരിക്കുന്നകാലം. ഹജ്ജൂര്‍ കച്ചേരിയില്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി കണക്കെഴുത്തുപിള്ളമാരെ വേണ്ടിവന്നു. പരസ്യം ചെയ്തപ്പോള്‍ അപേക്ഷകര്‍ അസംഖ്യം. പരീക്ഷ വച്ചുകളയാം. ദിവാന്‍ജി നിശ്ചയിച്ചു. കണക്കിലായിരുന്നു പരീക്ഷ. അപേക്ഷകര്‍ ഉത്തരങ്ങള്‍ പിറ്റേന്ന് സമര്‍പ്പിച്ചാല്‍ മതി. പിറ്റേന്നു സമര്‍പ്പിക്കപ്പെട്ട ഉത്തരങ്ങള്‍ എല്ലാം ശരിയായിരുന്നു. എന്നുമാത്രമല്ല ചെയ്ത വഴികളും ഒരുപോലെയായിരുന്നു. ഇതിനു പിന്നില്‍ ഗണിതത്തില്‍ സമര്‍ത്ഥനായ ആരോ ഒരാള്‍ ഉണ്ടെന്നു ദിവാന്‍ജി ഊഹിച്ചു. സത്യം പറയണം എന്ന ദിവാന്‍ജിയുടെ കല്പനയ്ക്കു മുന്നില്‍ എല്ലാപേര്‍ക്കും ഒരു നാമമേ പറയാനുണ്ടായിരുന്നുള്ളൂ
– കുഞ്ഞന്‍പിള്ളച്ചട്ടമ്പി!

ദിവാന്‍ജി കുഞ്ഞന്‍പിള്ളച്ചട്ടമ്പിയെ വരുത്തി. ‘ഏതു കണക്കും ചെയ്യുമോ?’ അദ്ദേഹം ചോദിച്ചു. ‘നോക്കാം’ എന്നായി ചട്ടമ്പി. കടുകട്ടിയായ ഒരു കണക്കാണ് ദിവാന്‍ജി കൊടുത്തത്. കൈവിരലുകള്‍ മടക്കി, മനസ്സില്‍ കൂട്ടിക്കിഴിച്ചു കുഞ്ഞന്‍പിള്ള നിമിഷങ്ങള്‍ക്കകം ഉത്തരവും നല്‍കി. അത്ഭുതസ്തബ്ധനായ ദിവാന്‍ജി അപ്പോള്‍ത്തന്നെ കുഞ്ഞന്‍പിള്ളയെ കണക്കെഴുത്തുപിള്ളയായി നിയമിച്ചു. ശമ്പളം നാലുരൂപ. അമ്മയ്ക്കുണ്ടായ സന്തോഷം ഊഹിക്കാമല്ലോ. ഭാവിയില്‍ ഉന്നതോദ്യോഗസ്ഥനായിത്തീരുന്ന മകനെ അവര്‍ മനസ്സില്‍ കണ്ടു. പുതിയ ഉദ്യോഗസ്ഥന്റെ കഴിവും കൈയ്യക്ഷരത്തിന്റെ വടിവും നിരീക്ഷിച്ചു ബോധിച്ച ദിവാന്‍ജി മാസാവസാനം സ്വന്തം കൈകൊണ്ടു ശമ്പളം കൊടുത്തു. പത്തുരൂപ. കുഞ്ഞന്‍പിള്ളയാകട്ടെ നാലുരൂപ മാത്രം എടുത്തുകൊണ്ടു ബാക്കി ആറുരൂപ ദിവാന്‍ജിക്കുതന്നെ മടക്കിനല്‍കുകയാണു ചെയ്തത്. പത്തുരൂപയും വാങ്ങാന്‍ ദിവാന്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങിയില്ല. കിട്ടിയ നാലരൂപ വീട്ടില്‍ ഏല്പിച്ചു. ത്രിവിക്രമന്‍ തമ്പി എന്ന വിക്രമിയായ തഹസീല്‍ദാരുടെ കീഴിലായിരുന്നു കുഞ്ഞന്‍പിള്ള. ദിവാന്‍ജിക്കുവരെ പ്രിയങ്കരനായ പുതിയ കണക്കപ്പിള്ളയോട് അസൂയാലുവായ അദ്ദേഹം സ്വന്തം അധികാരം പ്രയോഗിച്ചു കാണിക്കാനൊരവസരം കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കേ കുഞ്ഞന്‍പിള്ളയ്ക്ക് കുറച്ചുദിവസത്തെ അവധിവേണ്ടിവന്നു. വിനിയാദരങ്ങളോടെ കുഞ്ഞന്‍പിള്ള ആവശ്യം തഹസീല്‍ദാരുടെ മുന്നില്‍വച്ചു. ആ ദിവസത്തെ ജോലി പിറ്റേന്നു ചെന്നു തീര്‍ത്തുകൊള്ളാമെന്നും പറഞ്ഞു. അപേക്ഷ നിരസിക്കപ്പെട്ടു എന്നുമാത്രമല്ല ‘ഞാന്‍ നാളെ ഇവിടെ നോക്കുമ്പോള്‍ തന്നെ ആ സ്ഥാനത്തു കാണണം’. എന്നു കല്പിക്കുകയാണ് തഹസീല്‍ദാര്‍ ചെയ്തത്. അതിന് ‘ഞാന്‍ ഇനി ഇപ്പോള്‍ വന്നിരിക്കുമോ അപ്പോള്‍ എന്നെ നോക്കിക്കൊള്ളണം’ എന്ന മറുപടിനല്‍കി ശാന്തനായി കുഞ്ഞന്‍പിള്ള കച്ചേരിയുടെ പടയിറങ്ങി. അത് ഉദ്യോഗം ഉപേക്ഷിച്ചുള്ള ഇറക്കമായിരുന്നു.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം