ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പശ്ചിമഘട്ട സംരക്ഷണം !

October 17, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Western-ghats-pbപശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യാശ ഉയര്‍ത്തിയ ഒന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്തെത്തിയത് കേരളമാണ്. ജനസാന്ദ്രത കൂടിയ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്നത് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു. കേരളത്തിലെ ഇടുക്കി, വയനാട് എന്നി ജില്ലകള്‍ ഈ മേഖലകളില്‍പ്പെടും. കുടിയേറ്റ മേഖലകളാണ് ഈ ജില്ലയിലെ ഭൂരിപക്ഷ പ്രദേശളും. ന്യൂനപക്ഷ വിഭാഗങ്ങളാണ് ഈ പ്രദേശങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നത് എന്നതിന്റെ പേരിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തുടക്കത്തിലേ എതിര്‍പ്പുയര്‍ന്നത്. ഇപ്പോള്‍ ആ മേഖലകളെ ഒഴിവാക്കിയാണ് പശ്ചിമഘട്ടത്തിന്റെ മൂന്നിലൊന്ന് സംരക്ഷിക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

പരിസ്ഥിതി പ്രേമികള്‍ മാത്രമല്ല മറ്റു ജനവിഭാഗങ്ങളും പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വനം കൈയേറി കുടിയേറ്റ മേഖലകളാക്കി മാറ്റിയ പ്രബല വിഭാഗങ്ങള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം വ്യക്തമാക്കുന്നത്. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും തള്ളുകയായിരുന്നു. ജനരോഷം മറികടക്കാനായി ഏര്‍പ്പെടുത്തിയതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കാനായുള്ള കസ്തൂരി രംഗന്‍ സമിതി. ആ സമിതിയുടെ ശുപാര്‍ശകളാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

പശ്ചിമഘട്ടത്തിലെ 37 ശതമാനം സംരക്ഷിക്കുമെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്. ഇത് 60,000 ച. കിലോമീറ്റര്‍ വരും. പശ്ചിമഘട്ട മേഖലയിലെ പകുതി ഭാഗം പോലും സംരക്ഷണ പരിധിയില്‍ വരുന്നില്ല എന്നാണ് അതിനര്‍ത്ഥം. ഈ തീരുമാനത്തിലെ ശുഭോദര്‍ക്കമായ ഏക കാര്യം അതതു പ്രദേശത്തെ ഗ്രാമസഭകളുടെ സമ്മതത്തോടെ മാത്രമേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാവു എന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്ന് പരിസ്ഥിതി സെക്രട്ടറിയും ജനസാന്ദ്രത കൂടിയ മേഖലകള്‍ക്ക് നിയന്ത്രണം ബാധമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മന്ത്രി ജയന്തി നടരാജന്‍ അത് തള്ളിക്കൊണ്ടാണ് തീരുമാനമെടുത്തത്.

കന്യാകുമാരി മുതല്‍ വടക്ക് തപതി നദിവരെ നീളുന്ന 1500 കിലോമീറ്റര്‍ വരുന്നതാണ് പശ്ചിമഘട്ട മേഖല. ഇതില്‍തന്നെ ജൈവവൈവിധ്യത്തിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട സൈലന്റ് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ കേരളത്തിലാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തിന് ഗാഡ്ഗില്‍ മാധവ് റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നുവെങ്കില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് അത് ഏറെ ഗുണം ചെയ്യുമായിരുന്നു. ഖനനം, ക്വാറികള്‍, താപവൈദ്യുത നിലയം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് സംരക്ഷിത മേഖലയില്‍ നിയന്ത്രണം ഉണ്ടാകും എന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെയറിയണം.

വനവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ എടുക്കുന്ന തീരുമാനങ്ങളെങ്കിലും രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായില്ലെങ്കില്‍ അത് ഭാവി തലമുറയോടു ചെയ്യുന്ന അപരാധമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍