ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണം ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ക്ഷേത്രരക്ഷാസമ്മേളനം

October 17, 2013 കേരളം

Swami Chidanandapuriഗുരുവായൂര്‍: ദേവസ്വം ബോര്‍ഡുകളുടേയും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിസര്‍വ്വ്‌ ബാങ്കിന്‍റെ നീക്കം ഉപേക്ഷിക്കണമെന്നു ഗുരുവായൂരില്‍ ചേര്‍ന്ന ക്ഷേത്രരക്ഷാസമ്മേളനം ആവശ്യപ്പെട്ടു. ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന്‌ മാത്രം കണക്കുകള്‍ ആവശ്യപ്പെടുന്നത്‌ തികച്ചും മതവിവേചനമാണ്. അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുക്കള്‍ നേടിയെടുക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഭക്തജനങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത്‌ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമാക്കാന്‍ ശ്രമം നടക്കുകയാണ്‌. എന്നാല്‍ തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളുടെ ഉയര്‍ച്ചക്കുവേണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ക്ഷേത്രങ്ങളിലെ കണക്കെടുക്കാന്‍ എത്തിയാല്‍ ക്ഷേത്രത്തിന്റെ പരിസരത്തുപോലും കാലുകുത്താന്‍ അനുവദിക്കുകയില്ലെന്ന്‌ ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രത്തില്‍ സ്വര്‍ണ്ണവും മറ്റും കാണിക്കയായി സമര്‍പ്പിക്കുന്നവര്‍ക്ക്‌ അവ സംരക്ഷിക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കണക്കെടുപ്പിനെതിരെ ദേവസ്വം മന്ത്രി മൗനം ഭജിക്കുന്നതില്‍ കുമ്മനം ആശങ്ക അറിയിച്ചു.

ഗുരുവായൂരില്‍ ചേര്‍ന്ന ക്ഷേത്രരക്ഷാസമ്മേളനത്തില്‍ ചെയര്‍മാന്‍ ബി.ആര്‍.ബലരാമന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തകാര്യവാഹ്‌ കെ.ഗോപാലന്‍കുട്ടിമാസ്റ്റര്‍, സ്വാമി അയ്യപ്പദാസ്‌ (ജനറല്‍ കണ്‍വീനര്‍), കെ.മനോഹരന്‍ (പാറമേക്കാവ്‌ ദേവസ്വം പ്രസിഡണ്ട്‌), പ്രൊഫ. മാധവന്‍കുട്ടി (തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്‌), ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, രംഗദാസപ്രഭു (അധികാരി,തിരുമലദേവസ്വം എറണാകുളം), തന്ത്രി അഗ്നിശര്‍മ്മന്‍ മഹേശ്വരന്‍ ഭട്ടതിരിപ്പാട്‌ (ഊരായ്മ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌), വട്ടിയൂര്‍ക്കാവ്‌ രവി, വി.കെ.വിശ്വനാഥന്‍ (ധര്‍മ്മജാഗരണ്‍പ്രമുഖ്‌) എന്നിവര്‍ സംസാരിച്ചു. സ്വാമി പ്രണവസ്വരൂപാനന്ദ, സ്വാമി അഭേദാനന്ദസരസ്വതി, സ്വാമി ബാലാനന്ദസരസ്വതി, സ്വാമി ചൈതന്യാനന്ദസരസ്വതി, സ്വാമി ദേവചൈതന്യ, സ്വാമി തേജസ്വരൂപാനന്ദ തുടങ്ങിയ സന്യാസിശ്രേഷ്ഠന്മാര്‍ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രഏകോപനസമിതി സംസ്ഥാന കണ്‍വീനര്‍ എം.പി. അപ്പു, വിഎച്ച്പി സംസ്ഥാന ട്രഷറര്‍ കെ.പി.നാരായണന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌.ബിജു നന്ദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം