കാണിക്കവഞ്ചി രാത്രികാലങ്ങളില്‍ പൂട്ടിസംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

October 17, 2013 കേരളം

devsm_logoതിരുവനന്തപുരം: ക്ഷേത്രങ്ങള്‍ക്കുള്ളിലുള്ള കാണിക്കവഞ്ചിയിലെ കാണിക്കയിടുന്നഭാഗം രാത്രികാലങ്ങളില്‍ പൂട്ടിസംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചു. അതുപോലെ കേന്ദ്രീകൃത കാണിക്ക എണ്ണല്‍ രീതി വീണ്ടും വ്യാഴാഴ്ച പുനരാരംഭിക്കാനും തീരുമാനമായി.

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലുള്ള കാണിക്ക വഞ്ചിയിലെ ദ്വാരങ്ങള്‍ ക്ഷേത്ര നട അടച്ചയുടന്‍, പൂട്ടി സൂക്ഷിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അടച്ചു പൂട്ടിയ കാണിക്ക വഞ്ചിയുടെ താക്കോല്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ കൊണ്ടുപോകണം. പുലര്‍ച്ചെ നിര്‍മ്മാല്യത്തിന് നട തുറക്കുമ്പോള്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വന്ന് കാണിക്കവഞ്ചിയുടെ ‘വായ്’ തുറന്നുകൊടുക്കുകയും വേണം. ഒരു സബ് ഗ്രൂപ്പ് ഓഫീസറുടെ കീഴില്‍ ഏകദേശം അഞ്ച് ക്ഷേത്രങ്ങളെങ്കിലും ഉണ്ടായിരിക്കും.

കേന്ദ്രീകൃത കാണിക്ക എണ്ണല്‍ രീതി മുന്‍പ് തിരുവനന്തപുരത്ത് പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. ഇത് രീതി ഇത്തവണ വീണ്ടും തിരുവനന്തപുരം, ഹരിപ്പാട്, പത്തനംതിട്ട, വൈക്കം എന്നിവിടങ്ങളില്‍ നടപ്പാക്കാനാണ് തീരുമാനമായി. ഇതു സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ സപ്തംബര്‍ 25 ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒക്ടോബര്‍ 17 മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ തീരുമാനിച്ചു. നിലവില്‍ അതാതു ക്ഷേത്രങ്ങളിലാണ് കാണിക്ക എണ്ണുന്നത്. അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ക്ഷേത്രോപദേശകസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കാണിക്കവഞ്ചി തുറന്ന് എണ്ണുന്നത്. എണ്ണിത്തിട്ടപ്പെടുത്തുന്ന തുക അന്നുതന്നെ ബാങ്കുകാരെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്.

സോപാനത്തില്‍ നിന്ന് നേരിട്ട് പ്രസാദം നല്‍കുന്ന രീതി അവസാനിപ്പിച്ച് കമ്മീഷണര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചതും പുതിയ പരിഷ്കാരങ്ങളില്‍ ഉള്‍പ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം